18 February Monday

റാന്നിയിപ്പോള്‍ പാലങ്ങളുടെ നാടായി

പി അനൂപ്Updated: Thursday Apr 21, 2016

പേങ്ങാട്ടുകടവ് പാലം

 റാന്നി > റാന്നി നിയോജകമണ്ഡലത്തെ വിഭജിക്കുന്ന മൂന്ന് പ്രധാന നദികളാണ് പമ്പ, കക്കാട്ടാര്‍, കല്ലാര്‍ എന്നിവ. ഇതു കൂടാതെ മണ്ഡലത്തിന്റെ പടിഞ്ഞാറതിര്‍ത്തിയിലൂടെ മണിമലയാറും ഒഴുകുന്നു. ഇതിനാല്‍ തന്നെ ഗതാഗതം മെച്ചപ്പെടുത്താന്‍ പാലങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. റാന്നി നിയോജകണ്ഡലത്തില്‍ ചെറുതും വലുതുമായ 12 പാലങ്ങളാണ് ഇതിനോടകം പണിതിട്ടുള്ളത്. റാന്നി പാലം തകര്‍ന്നുവീണപ്പോള്‍ ബെയ്ലി പാലം നിര്‍മ്മിക്കാനും പുതിയ പാലം നിര്‍മ്മിക്കാനും എടുത്ത അതിവേഗ നടപടികള്‍ സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിയമസഭയില്‍ പുതിയ എംഎല്‍എ ആയിരുന്നിട്ടും സഭയുടെ ശ്രദ്ധക്ഷണിക്കലിന് സ്പീക്കറുടെ പ്രത്യേക അനുമതി വാങ്ങിയെടുത്തു. അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ക്കൊപ്പം ഡെല്‍ഹിയില്‍ പോയി ബെയിലി പാലത്തിന് അനുമതി വാങ്ങി യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു. ഇത്തരത്തില്‍ പട്ടാളം നദിക്കു കുറുകെ നിര്‍മ്മിച്ച കേരളത്തിലെ ആദ്യത്തേയും അവസാനത്തെയും പാലമാണ് റാന്നിയിലേത്. തുടര്‍ന്ന് റാന്നി പാലം ഏറ്റവും വേഗതയില്‍ പൂര്‍ത്തീകരിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തു. 
കണമല പാലം (7 കോടി)–പൂവത്തുംമൂട്– വലിച്ചാല്‍– മാമുക്ക്, ബംഗ്ളാംകടവ് പാലം, പേങ്ങാട്ടുകടവ് പാലം,  നേരത്തെ റാന്നി മണ്ഡലത്തിലായിരുന്ന സീതത്തോട്, ചിറ്റാര്‍ എന്നിവയാണ് നിര്‍മ്മിച്ച  പ്രധാന പാലങ്ങള്‍. റാന്നി നിയമസഭാ മണ്ഡലത്തില്‍ ഇല്ലാതിരുന്ന ചെറുകോലും അയിരൂരും കഴിഞ്ഞ തെരഞ്ഞെടുപ്പോടെയാണ് റാന്നിയോട് ചേര്‍ക്കപ്പെട്ടത്. ഇതോടെയാണ് 18 വര്‍ഷം നിര്‍മ്മാണം മുടങ്ങിക്കിടന്ന പേരൂച്ചാല്‍ പാലത്തിന് (5.67 കോടി) പുനര്‍ ജന്മം ലഭിച്ചത്. പാലം നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. 
കോട്ടാങ്ങല്‍ പഞ്ചായത്തിനെയും വെള്ളാവൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മുണ്ടോലിക്കടവില്‍ പാലം നിര്‍മ്മാണം നടന്നുവരുന്നു. പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ഒറ്റപ്പെട്ടു കിടന്ന കുരുമ്പന്‍മൂഴി–മണക്കയം കോളനി നിവാസികള്‍ക്കായി കുരുമ്പന്‍മൂഴി കോസ്വേ. അറയാഞ്ഞിലിമണ്ണിലും അടിച്ചിപ്പുഴയിലും താമസിക്കുന്നവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ അറയാഞ്ഞിലിമണ്ണിലും മുക്കത്തും പമ്പാ നദിക്കു കുറുകെ 2 കോസ് വേകള്‍ നിര്‍മ്മിച്ചു .അരയാഞ്ഞിലിമണ്‍, നൂലുവേലി (1.55 കോടി)എന്നിവിടങ്ങളില്‍ തൂക്കുപാലം നിര്‍മ്മിച്ചു. 
ഇതുകൂടാതെ പുതുതായി 6 പാലങ്ങള്‍ കൂടി നിര്‍മ്മിക്കാന്‍ സര്‍വേ പൂര്‍ത്തിയായി. റാന്നി ടൌണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമേകുന്ന ഉപാസനക്കടവിലെ പാലം, പെരുനാട് മാടമണ്‍ വള്ളക്കടവില്‍ പുതിയ പാലം, കടുമീന്‍ചിറ ക്ഷേത്രക്കടവില്‍ പുതിയ പാലം, കിസുമത്ത് പുതിയ പാലം, കോട്ടാങ്ങല്‍ ചിറക്കപ്പാറയില്‍ പുതിയ പാലം, വശേരിക്കര പഴയ പാലത്തിന് പകരം പുതിയ പാലം എന്നിവയ്ക്കാണ് ഇപ്പോള്‍ സര്‍വേ പൂര്‍ത്തിയായിട്ടുള്ളത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top