17 February Sunday

മൂഴിയാർ ആദിവാസി പുനരധിവാസ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് നിയമസഭാ സമിതി

വെബ് ഡെസ്‌ക്‌Updated: Sunday Jan 20, 2019

 പത്തനംതിട്ട

മൂഴിയാർ വനമേഖലയിലെ ആദിവാസികളുടെ പുനരധിവാസത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് പട്ടികജാതി പട്ടികവർഗ ക്ഷേമം സന്ധിച്ച നിയമസഭാ സമിതി ചെയർമാൻ ബി സത്യൻ ആവശ്യപ്പെട്ടു.  ജില്ലയിലെ പരാതികൾ കേൾക്കുന്നതിന് കലക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്  കലക്ടറെ സമിതി ചുമതലപ്പെടുത്തി.  
വനവാകാശ നിയമപ്രകാരം വനത്തിനുള്ളിലോ അതല്ല വനത്തിന് പുറത്തോ ഭൂമി ലഭ്യമാക്കുന്നതിന് സാധ്യമായ ക്രീകരണങ്ങൾ നടത്തണം. പട്ടികവർഗ വികസനം, റവന്യൂ, വനം വകുപ്പുകൾ സംയുക്തമായി ആദിവാസി ഭൂമി വിഷയത്തിൽ കൂടുതൽ ഇടപെടൽ നടത്തണം. കോടതി കേസുകളുടെ പേരിൽ ഭൂമി നൽകുന്നത് വൈകിപ്പിക്കുന്ന നിലവിലെ നടപടിയിൽ സമിതി അതൃപ്തി അറിയിച്ചു. ആദിവാസി ഏകോപന സമിതി പ്രസിഡന്റ് പി എസ് ഉത്തമൻ നൽകിയ പരാതിയിൻമേലാണ് ചെയർമാന്റെ പ്രതികരണം. 
 
ളാഹ ഭാഗത്തുള്ള ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ജാതിസർട്ടിഫിക്കറ്റ് നൽകുന്നതിലെ അപാകത പരിഹരിക്കുന്നതിന് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാനും ചെയർമാൻ ആവശ്യപ്പെട്ടു. വിഷയത്തിൽ പഠനം നടത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാൻ കിർത്താഡ്‌സ്, ജില്ലാ പട്ടികവർഗ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവരോട് നിർദേശിച്ചു. ആദിവാസികളുടെ ആനുകൂല്യങ്ങൾ യഥാവിധി ലഭ്യമാക്കുന്നതിന് അലംഭാവം കാട്ടുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാവും. എസ് ടി പ്രമോട്ടർമാർ, ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർമാർ എന്നിവരുടെ സേവനം കഴിയുന്നത്ര ഉപയോഗപ്പെടുത്താനും ജില്ലാ ഓഫീസർ ശ്രദ്ധിക്കണം. 
വീടുകൾക്ക് സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ആവോലിക്കുഴി ശിവഗംഗ പട്ടികവിഭാഗ സെറ്റിൽമെന്റ് കോളനി നിവാസികൾ നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാൻ ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ടെൻഡർ നടപടികൾ ആരംഭിച്ചെന്നും അധികൃതകർ അറിയിച്ചു. വിധവയും രോഗികളായ മക്കളുമുള്ള നാറാണംമൂഴി അമ്പിളിയുടെ വീട് പുതുക്കിപ്പണിയുന്നതിനുള്ള ധനസഹായം മാർച്ചിന് മുൻപ് ലഭ്യമാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. 
ചിറ്റയം ഗോപകുമാർ എംഎൽഎ, യു ആർ പ്രദീപ്, ജോയിന്റ് സെക്രട്ടറി സജീവൻ, എഡിഎം പി ടി എബ്രഹാം, ജില്ലാ പട്ടികവർഗ വികസന ഓഫീസർ മധു, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top