21 September Saturday

പ്രളയബാധിതർക്ക് കൈത്താങ്ങായി പത്തനംതിട്ട കുടുംബശ്രീ മിഷൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

 പത്തനംതിട്ട

പ്രളയബാധിതർക്ക് വീണ്ടും സഹായവുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷൻ. ജില്ലയിലെ 58 സിഡിഎസുകളിൽ നിന്ന് സമാഹരിച്ച അവശ്യവസ്തുക്കൾ നിറച്ച രണ്ടു ടോറസ് ലോറികൾ തിരുവല്ലയിൽ നിന്നു പുറപ്പെട്ടു. വയനാട്, നിലമ്പൂർ പ്രദേശങ്ങളിലെ  ദുരിതബാധിതർക്കാണ്  സാധനങ്ങൾ എത്തിക്കുക. തിരുവല്ല കുടുംബശ്രീ  വില്ലേജ് സൂക്കിൽ നടന്ന ചടങ്ങ് കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ വിധു ഫ്‌ളാഗ് ഓഫ് ചെയ്തു.  25 ലക്ഷം രൂപയുടെ സാധനങ്ങളാണ് വടക്കൻ ജില്ലകളിൽ പ്രളയത്തിന് ഇരയായാവർക്കായി കുടുംബശ്രീ അയച്ചത്. ഗ്യാസ് സ്റ്റൗ, ഗ്ലാസ്, പ്ലെയിറ്റ് തുടങ്ങിയ അടുക്കള ഉപകരണങ്ങൾ ആണ് ഏറ്റവും കൂടുതൽ. കൂടാതെ ഭക്ഷ്യ സാധനങ്ങൾ, അരി എന്നിവയും അയച്ചു.
പന്തളത്ത് പ്രവർത്തിക്കുന്ന സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡസ്‌ക്, തിരുവല്ലയിലെ വില്ലേജ് സൂക്ക്, ഇലന്തൂർ കമ്യൂണിറ്റി ഹാൾ, കോഴഞ്ചേരി, റാന്നി പഴവങ്ങാടി, വടശേരിക്കര, കോന്നി, അടൂർ സിഡിഎസ് ഓഫീസുകൾ, പറക്കോട്  വിഇപി ബ്ലോക്ക് ഓഫീസ്, മലയാലപുഴ അമിനിറ്റി സെന്റർ എന്നിങ്ങനെ പത്ത് ശേഖരണ കേന്ദ്രങ്ങളിലൂടെയാണ് ജില്ലാ മിഷൻ സാധനങ്ങൾ സമാഹരിച്ചത്.  
കഴിഞ്ഞ ദിവസം 35 ലക്ഷം രൂപയുടെ അവശ്യ സാധനങ്ങൾ കുടുംബശ്രീ ജില്ലാ മിഷൻ നാല് ടോറസ് ലോറികളിലായി വടക്കൻ കേരളത്തിലെ പ്രളയബാധിതർക്കായി അയച്ചിരുന്നു. ഇതോടൊപ്പം സന്നദ്ധ പ്രവർത്തനത്തിനായി ജില്ലാ കുടുംബശ്രീ മിഷന്റെ 20 അംഗ സംഘവും പോയിരുന്നു.
എഡിഎംസിമാരായ എ മണികണ്ഠൻ, കെ.എച്ച് സെലീന എന്നിവർ നേതൃത്വം നൽകി. ഡിപിഎംമാരായ ഷീബ, ഉണ്ണികൃഷ്ണൻ,  സിഡിഎസ് ചെയർപേഴ്‌സൺമാരായ ഓമന, രമണി, ആശ സുദർശനൻ, രാധാമണി തുടങ്ങിയവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top