20 August Tuesday
കൺട്രോൾ റൂമുകൾ സജ്ജം

റെഡ് അലർട്ട്

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 പത്തനംതിട്ട

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വെള്ളിയാഴ‌്ച മണ്ണെടുപ്പിനും ക്വാറികൾക്കും നിരോധനം ഏർപ്പെടുത്താൻ  കലക്ടർ പി ബി നൂഹിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. 
അണക്കെട്ടുകളിലും നദികളിലും ജലനിരപ്പ് കുറവായതിനാൽ വെള്ളപ്പൊക്കത്തിന് സാധ്യതയില്ലെന്ന് യോഗം വിലയിരുത്തി. കലക്ടറേറ്റിലെ ദുരന്തനിവാരണവിഭാഗവും താലൂക്കുകളിലെ കൺട്രോൾ റൂമുകളും 24 മണിക്കൂറും പതിവു പോലെ പ്രവർത്തിക്കും. ഫോൺ: കലക്ടറേറ്റ്-0468 2322515/ 0468 2222515/ 8078808915, താലൂക്കാഫീസ് തിരുവല്ല-0469 2601303, കോഴഞ്ചേരി-04682222221, മല്ലപ്പളളി-0469 2682293, അടൂർ-04734 224826, റാന്നി-04735 227442, കോന്നി-0468 2240087. ഇതിന‌് പുറമേ എല്ലാ പഞ്ചായത്തുകളിലും കൺട്രോൾ റൂം തുറക്കണമെന്ന് യോഗം നിർദേശിച്ചു. 
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആരോഗ്യവകുപ്പ് കൺട്രോൾ റൂം തുറക്കും. ഫയർ ഫോഴ്സും കൺട്രോൾ റൂം തുറക്കും. ഫയർഫോഴ്സ് കൺട്രോൾ റൂം നമ്പർ: 0468-2222001. വൈദ്യുതി സംബന്ധമായ അപകടങ്ങൾ ഒഴിവാക്കുന്നതിന് കെഎസ്ഇബി ശ്രദ്ധപുലർത്തണമെന്ന് കലക്ടർ നിർദേശിച്ചു. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഉദ്യോഗസ്ഥരുടെ അനിവാര്യമല്ലാത്ത അവധി പിൻവലിച്ച് മടങ്ങിയെത്തി സേവന സജ്ജരാകാൻ യോഗം നിർദേശിച്ചു. 
അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളുടെ പട്ടികയും ബന്ധപ്പെട്ട വിവരങ്ങളും തയാറാക്കും. ബോട്ടുകൾ കൊണ്ടുവരുന്നതിനുള്ള വാഹനങ്ങളും ക്രമീകരിക്കും. റവന്യു വകുപ്പും, ഫയർ ഫോഴ്സും ഇതിനുള്ള പട്ടിക പ്രത്യേകം തയാറാക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ  കൈവശമുള്ള 1200 വീതം ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, 120 അസ്‌കാലൈറ്റ് എന്നിവ ഫയർഫോഴ്സ്, പൊലീസ് സേനകൾ എന്നിവിടങ്ങളിലേക്ക് നൽകുന്നതിന‌് തീരുമാനിച്ചു. 
റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദേശം നൽകും. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിന് പൊലീസ് ശ്രദ്ധിക്കണം. 
ശബരിമല തീർഥാടകർ ഉൾപ്പെടെ നദിയിൽ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായ ജീവൻരക്ഷാ മരുന്നുകൾ, ആംബുലൻസുകൾ, മെഡിക്കൽ ടീമുകൾ എന്നിവ സജ്ജമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കർക്കിടകവാവ് ബലിയോട് അനുബന്ധിച്ച് അപകട സാധ്യതയുള്ള കടവുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും നിർദേശം നൽകി. 
യോഗത്തിൽ ദുരന്തനിവാരണം ഡെപ്യുട്ടി കലക്ടർ ആർ ബീനാ റാണി, ജില്ലാ ഫയർ ഓഫീസർ എം ജി രാജേഷ്, ഡിവൈഎസ്പി എ സന്തോഷ് കുമാർ, ഡെപ്യുട്ടി ഡിഎംഒ ഡോ. സന്തോഷ് കുമാർ, കൃഷി ഡെപ്യുട്ടി ഡയറക്ടർ ലില്ലി എഡ്വിൻ തുടങ്ങിയവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top