29 February Saturday
പൗരത്വ സംരക്ഷണ റാലി

ഒറ്റ മനസ്സോടെ

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

പത്തനംതിട്ടയിൽ നടന്ന പൗരത്വസംരക്ഷണ റാലി വൈദ്യുതി മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യുന്നു

 പത്തനംതിട്ട

മതേതരത്വം കാത്തുസൂക്ഷിക്കാനും  ഭരണഘടന സംരക്ഷിക്കാനും അവസാനം വരെ പോരാടുമെന്ന മുദ്രാവാക്യവുമായി  ആയിരങ്ങൾ അണിനിരന്ന പൗരത്വ സംരക്ഷണ റാലി പത്തനംതിട്ട നഗരത്തെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ചു. 
ജില്ലയിലെ ജമാഅത്തുകളുടെ സംയുക്ത നേതൃത്വത്തിൽ നടന്ന റാലിയിൽ സ്ത്രീകളടക്കം അണിനിരന്നു. സ്റ്റേഡിയത്തിൽനിന്നാരംഭിച്ച റാലി സെന്റ് പീറ്റേഴ്സ് ജങ്ഷൻ, സെൻട്രൽ ജങ്ഷൻ, അബാൻ ജങ്ഷൻ, പുതിയ ബസ്സ്റ്റാൻഡ് വഴി പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. 
തുടർന്ന് ചേർന്ന സമ്മേളനം വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനതയുടെ ഐക്യവും ഭരണഘടനയും  സംരക്ഷിക്കാൻ യോജിച്ച പോരാട്ടം ശക്തമാക്കി മുന്നോട്ട് പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 
ആയിരക്കണക്കിന് മുസ്ലീങ്ങളെ കശാപ്പ് ചെയ്ത് ഗുജറാത്തിൽനിന്ന് ആരംഭിച്ച പണി നരേന്ദ്രമോഡി–- അമിത്‌ഷാ കമ്പനി പൗരത്വഭേദഗതിയിലൂടെ രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയാണ്. കഴിഞ്ഞ സർക്കാർ അസമിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. 30 ലക്ഷം പേർക്കാണ് അവിടെ പൗരത്വം നിഷേധിച്ചത്. പൗരത്വ നിയമം രാജ്യത്താകെ നടപ്പാക്കുമെന്ന് അന്നവർ പറഞ്ഞത് നമ്മുടെ മാധ്യമങ്ങൾ കാര്യമായെടുത്തില്ല. അന്ന് ഗൗരവത്തിൽ എടുത്തിരുന്നെങ്കിൽ നല്ല പ്രതികരണം ഉണ്ടാകുമായിരുന്നു. 
 സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരാണ് രാജ്യത്തിന് മേൽ ഇത്ര കൊടിയ പാതകം കെട്ടിവച്ചിരിക്കുന്നത്. രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ ഹിന്ദു മുസ്ലിം മൈത്രിയുടെ സന്ദേശവുമായി നടന്ന ഗാന്ധിജിയുടെ നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു ഇവർ. ഗാന്ധിജി ജീവിച്ചിരിക്കുമ്പോൾ സംഘപരിവാറിന്റെ അജൻഡ നടപ്പിലാകില്ലെന്ന് മനസിലായതുകൊണ്ടാണ് അവർ അദ്ദേഹത്തെ വെടിവച്ചുകൊന്നത്.  ഗാന്ധിജിയുടെ കൊലപാതകം പുനരാവിഷ്‌കരിച്ച് അതിൽനിന്ന് ആവേശം കൊള്ളുകയാണ് സംഘപരിവാർ. 
 രാജ്യത്ത് നടന്ന പല വർഗീയ സംഘർഷങ്ങളുടെയും കമീഷൻ റിപ്പോർട്ടുകളിൽ നടപടി എടുക്കാതിരുന്നതാണ് ഇന്ന് ഹിന്ദുരാഷ്ട്രമായി രാജ്യത്തെ മാറ്റുന്ന തലത്തിലേക്ക് പൗരത്വ ബിൽ കൊണ്ടുവരാൻ അവർക്കായത്. ഇപ്പോൾ അവർ ക്രിസ്ത്യാനികളെ ഉന്നം വച്ചിട്ടില്ല. അതൊരു സൂത്രപ്പണിയാണ്. അന്തർദേശിയതലത്തിൽ ഉണ്ടാകാവുന്ന പ്രതിസന്ധി മുന്നിൽ കണ്ടുകൊണ്ടാണ്. 
ലോകം മുഴുവൻ ഓടി നടക്കുന്ന നരേന്ദ്രമോഡി ഇപ്പോൾ എങ്ങും പോകുന്നില്ല. സാർവദേശീയ തലത്തിൽ രാജ്യത്തിന് അപമാനം ഉണ്ടാക്കി വച്ചിരിക്കുകയാണിവരെന്നും മന്ത്രി പറഞ്ഞു.
  സമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് എച്ച് ഷാജഹാൻ അധ്യക്ഷനായി. എ ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു. സി എ മൂസാ മൗലവി വിഷയം അവതരിപ്പിച്ചു. ആന്റോ ആന്റണി എംപി, വീണാ ജോർജ് എംഎൽഎ, വിവിധ രാഷ്ട്രീയ സമുദായ നേതാക്കളായ വി എസ് അലിയാർ മൗലവി, കെ പി ഉദയഭാനു, എ പി ജയൻ, പി മോഹൻരാജ്, ഷുക്കൂർ മൗലവി അൽ കാസീം, റോസ്‌ലിൻ സന്തോഷ്, അഡ്വ. ടി സക്കീർ ഹുസൈൻ, അബ്ദുൾ റഷീദ് മൗലവി, കെ ഇ അബ്ദുൾ റഹ്മാൻ, അഷറഫ് അലങ്കാർ, അൻസാരി, ടി എം ഹമീദ്, വി ഷെയ്ക്ക് പരീത് എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top