പത്തനംതിട്ട
കാരിക്കയം അയ്യപ്പാ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പരാതികൾ അടുത്ത കാലവർഷത്തിന് മുമ്പ് പരിഹരിക്കുമെന്ന് കലക്ടർ പി ബി നൂഹ് അറിയിച്ചു. പരാതിക്കാരുമായും അയ്യപ്പാ ഹൈഡ്രോ പവർ ലിമിറ്റഡ് കമ്പനി പ്രതിനിധികളുമായും കലക്ടറേറ്റിൽ ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ പരാതികൾ 2020 മേയ് മാസത്തിനകം പരിഹരിക്കുമെന്ന് കമ്പനി പ്രതിനിധികൾ കലക്ടറെ അറിയിച്ചു. പ്രോജക്ട് പ്രദേശങ്ങളായ ചിറ്റാർ, പെരുനാട് പഞ്ചായത്തുകളിലെ കക്കാട്ടാറിന് സമീപം താമസിക്കുന്നവരാണ് പരാതിക്കാർ. ഇവരുടെ വസ്തുവിൽ വെള്ളം കയറുന്നു, വീടുകൾക്ക് ബലക്ഷയം ഉണ്ടാകുന്നതിനാൽ സംരക്ഷണഭിത്തി കെട്ടണം, കിണറുകൾ മലിനമാകുന്നതിനാൽ കൂടുതൽ റിങ്ങുകൾ താഴ്ത്തണം, സെപ്റ്റിക് ടാങ്കുകൾ നിറയുന്നതിനാൽ ഫൈബർ സെപ്റ്റിക് ടാങ്ക് വേണം തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
വീടുകൾക്ക് ബലക്ഷയം ഉണ്ടാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അടുത്ത കാലവർഷത്തിന് മുമ്പ് ഇവരുടെ ഭൂമിക്ക് സമീപം കമ്പനി സംരക്ഷണഭിത്തി നിർമിക്കും. സെപ്റ്റിക് ടാങ്ക്, കിണറിൽ റിങ്ങ് ഇറക്കൽ തുടങ്ങിയ പ്രവർത്തികൾ വരുന്ന ഡിസംബറിനകം പൂർത്തിയാക്കി നൽകുമെന്നും കമ്പനി പ്രതിനിധികൾ അറിയിച്ചു.
രണ്ടു പരാതികൾ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കോടതി തീരുമാനമനുസരിച്ച് തുടർ നടപടിയെടുക്കും. കുടിവെള്ളം ലഭിക്കുന്നതിന് ബുദ്ധിമുട്ടുള്ള ചിറ്റാറിലെ 74 വയസുള്ള ലാലി തോമസിന് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ കിണറും വാട്ടർ ടാങ്കും മോട്ടോറും ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കി നൽകുമെന്നും കമ്പനി ഉറപ്പുനൽകി. ഓരോ പരാതിയും കലക്ടർ വിശദമായി കേട്ടതിന് ശേഷമാണ് തീരുമാനമെടുത്തത്.
സബ് കലക്ടർ ഡോ.വിനയ് ഗോയൽ, അടൂർ ആർഡിഒ പി ടി എബ്രഹാം, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ ആർ ബീന റാണി, കമ്പനി പ്രതിനിധികൾ, ചിറ്റാർ, പഞ്ചായത്ത് പ്രതിനിധികൾ, റവന്യു ഉദ്യോഗസ്ഥർ, പരാതിക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..