21 September Saturday

ജനറൽ ആശുപത്രി മോർച്ചറിയിൽ 6 ഫ്രീസർ വാങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

പത്തനംതിട്ട

പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് ആറ് പുതിയ ഫ്രീസർ വാങ്ങാൻ 10 ലക്ഷം രൂപ ആശുപത്രി മാനേജിങ്‌ കമ്മിറ്റി അനുവദിച്ചു. കഴിഞ്ഞ ദിവസം ചേർന്ന്‌ ആശുപത്രി വികസന സമിതിയാണ്‌ അനുമതി നൽകിയത്‌.

മോർച്ചറിയിൽ നിലവിൽ പ്രവർത്തിക്കാത്ത എട്ട് ഫ്രീസറുകളാണുളളത്. ഇവയ്‌ക്ക്‌ ഇരുപത് വർഷത്തോളം പഴക്കമുണ്ട്. അറ്റകുറ്റപ്പണി ചെയ്താൽ സാമ്പത്തിക നഷ്ടമായതിനാലും കൂടുതൽ കാലം ഉപയോഗിക്കാമെന്ന് ഉറപ്പില്ലാത്തതിനാലും പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു. പകരം രണ്ട് മൊബൈൽ ഫ്രീസറുകളാണ് മോർച്ചറിയിലുളളത്. ഇതിൽ രണ്ടു ദിവസത്തിൽ കൂടുതൽ ഒരു മൃതദേഹം വയ്ക്കാനാവില്ല. പുതിയ ഫ്രീസറുകൾ വാങ്ങുന്നതോടെ കൂടുതൽ ദിവസം മൃതദേഹം സൂക്ഷിക്കാൻ കഴിയും.

   മോർച്ചറിയിൽ അസൗകര്യങ്ങളേറെയാണെന്ന് എച്ച്എംസി അംഗങ്ങൾ ചൂണ്ടിക്കാട്ടി. മൃതദേഹം  പോസ്റ്റുമോർട്ടം ചെയ്യാനും ഡോക്ടർക്ക് ഇരിക്കാനുമായി ഒരു മുറി മാത്രമേയുളളൂ. പൊലീസിന് റിപ്പോർട്ട് എഴുതാനും അസൗകര്യമാണ്‌. മരിച്ചവരുടെ ബന്ധുക്കൾക്ക് ഇരിക്കാൻ സ്ഥലസൗകര്യം ഒരുക്കണമെന്നും ആവശ്യം ഉയർന്നുവന്നു.

 

പ്രധാന വാർത്തകൾ
 Top