22 September Sunday
ഭവന നിർമാണ ബോർഡ് ഭൂമി നൽകും

ചേന്നമ്പത്തൂർ കോളനി നിവാസികൾക്ക്‌ ഫ്ലാറ്റ്‌ സമുച്ചയം നിർമിച്ചുനൽകും

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

 

 - അടൂർ 
സംസ്ഥാന ഭവന നിർമാണ ബോർഡ് ഭൂമി സൗജന്യമായി വിട്ടു നൽകും... പള്ളിക്കൽ വില്ലേജിലെ ചേന്നമ്പത്തൂർ കോളനിയിലെ ജീർണിച്ച് നിലംപൊത്താറായ വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഫ്ളാറ്റ് സമുച്ചയം നിർമിച്ചു നൽകാൻ ധാരണ. ചിറ്റയം ഗോപകുമാർ എംഎൽഎ, കലക്ടർ പി വി നൂഹ്, ഹൗസിങ് ബോർഡ് ചെയർമാൻ പി പ്രസാദ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി എന്നിവരുടെ സാന്നിധ്യത്തിൽ തോട്ടുവ ഗവ. എൽപി സ്കൂളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.34 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.ഹൗസിങ് ബോർഡ് വക ഒന്നരയേക്കർ  സ്ഥലത്ത് 95ൽ  നിർമിച്ച് നൽകിയതാണ് വീട്. വീട്  നിർമിച്ചെങ്കിലും അഞ്ചു വർഷത്തിന് ശേഷമാണ് താമസിക്കാൻ ആളുകളെത്തിയത്. ഇപ്പോൾ വീടുകളെല്ലാം ജീർണിച്ച് അപകടാവസ്ഥയിലാണ്. മഴ കനത്തതോടെ അപകട സാധ്യത മുൻകൂട്ടി കണ്ട്  ഇവിടെ താമസിച്ചിരുന്നവരെ തോട്ടുവ ഗവ. എൽപി സ്കൂളിലേക്ക് മാറ്റി ദുരിതാശ്വാസ ക്യാമ്പ് തുറന്നിരുന്നു. താമസ യോഗ്യമല്ലാതായ വീടുകളുടെ സ്ഥിതി മനസിലാക്കിയാണ്  കലക്ടർ യോഗം വിളിച്ചു ചേർത്തത്. ഫ്ലാറ്റ് നിർമിക്കാനാവശ്യമായ സ്ഥലം ഹൗസിങ് ബോർഡ് സൗജന്വമായി വിട്ടു നൽകുമ്പോൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാർ സഹായത്തോടെ ഫ്ലാറ്റ് സമുച്ചയം നിർമിക്കണമെന്നാണ് തീരുമാനം ഇതിനാവശ്യമായ നടപടികൾ എംഎൽഎയും പഞ്ചായത്ത് അധികൃതരും ചേർന്ന് നടപ്പിലാക്കും.
യോഗത്തിൽ ആർഡിഒ പി കെ ഏബ്രഹാം, തഹസീൽദാർ ബീനാ എസ് ഹനീഫ, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, അസി.സെക്രട്ടറി ഡി സജി, ജില്ലാ പഞ്ചായത്തംഗം ടി മുരുകേഷ്, സിപിഐ എം ലോക്കൽ സെക്രട്ടറി എൻ രാമചന്ദ്രൻ നായർ എന്നിവർ സംബന്ധിച്ചു. കോളനി നിവാസികളുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്.
 
പ്രധാന വാർത്തകൾ
 Top