04 August Wednesday
കിടപ്പുരോഗികൾക്ക് വീടുകളിൽ വാക്സിനേഷൻ

ജില്ലാ പഞ്ചായത്തിന്റെ 
11 മൊബൈൽ യൂണിറ്റുകൾ

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

വീടുകളിലെത്തി വാക്സിനേഷൻ നടത്തുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഉദ്‌ഘാടനം വാക്‌സിനേഷൻ വാഹന
യൂണിറ്റ് ഫ്‌ളാഗ് ഓഫ് ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിക്കുന്നു.

 പത്തനംതിട്ട

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കിടപ്പുരോഗികൾക്കും യാത്ര ചെയ്യാൻ കഴിയാത്ത ഭിന്നശേഷിക്കാർക്കും വീടുകളിലെത്തി വാക്സിനേഷൻ നടത്തുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് തുടക്കമായി. കലക്ടറേറ്റ് അങ്കണത്തിൽ പദ്ധതി ജില്ലാതല ഉദ്ഘാടനവും യൂണിറ്റുകളുടെ ഫ്‌ളാഗ്ഓഫും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു.
ജില്ലയിൽ എല്ലാ പ്രദേശങ്ങളിലും സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റുകൾക്ക് ആവശ്യമായ വാഹനങ്ങൾ ജില്ലാ പഞ്ചായത്ത് വിട്ടു നൽകി. വിവിധ ബ്ലോക്കുകളിലുള്ള ഇലന്തൂർ, വല്ലന, തുമ്പമൺ, ഏനാദിമംഗലം, കോന്നി, റാന്നി പെരുനാട്, വെച്ചൂച്ചിറ, കാഞ്ഞീറ്റുകര, എഴുമറ്റൂർ, കുന്നന്താനം, ചാത്തങ്കേരി എന്നീ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് മൊബൈൽ യൂണിറ്റുകൾ പ്രവർത്തിക്കുക. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ പാലിയേറ്റീവ് കെയർ സെന്ററുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കിടപ്പുരോഗികൾക്കാണ്‌ വാക്സിനേഷൻ നൽകുന്നത്. യാത്ര ചെയ്യാൻ കഴിയാത്ത ഭിന്നശേഷിക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പേര് നൽകണം. വാക്സിനേഷൻ യൂണിറ്റിൽ ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഹെൽത്ത് വളന്റിയർമാർ എന്നിവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ യൂണിറ്റ് വിവിധ വാർഡുകളിൽ പര്യടനം നടത്തുന്ന സമയവിവരം മുൻകൂട്ടി നിശ്ചയിച്ച് അറിയിക്കും.കലക്ടർ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പൻ, ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, ഡിഎംഒ (ആരോഗ്യം) ഡോ. എ എൽ ഷീജ, എൻഎച്ച്എം ഡിപിഎം ഡോ. എബി സുഷൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ആർ മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top