04 August Wednesday

ജില്ലയിൽ ചക്ക കൂടുതൽ മധുരിക്കും

പ്രത്യേക ലേഖകൻUpdated: Friday Jun 18, 2021
പത്തനംതിട്ട
കേരളത്തിന്റെ ഔദ്യോഗിക ഫലമായിട്ടും ആ പരിഗണന ലഭിക്കാതെ പുരയിടങ്ങളിൽ വീണ്‌, അഴുകി, ഈച്ചയാർത്ത്‌ ഒടുവിൽ മണ്ണോടുചേരുകയെന്നതാണ്‌ ചക്കയുടെ ദുര്യോഗം. അതിന്‌ അവസാനമാകുന്നു, നമ്മുടെ ചക്ക ഇനി പല രൂപത്തിൽ പല വേഷത്തിൽ ലോകം കീഴടക്കാൻ സാധ്യതയേറി. കാർഷികോൽപ്പന്നങ്ങളിൽ നിന്ന്‌ വ്യാവസായിക അടിസ്ഥാനത്തിൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനുള്ള ‘ഒരു ജില്ല ഒരു ഉൽപ്പന്നം’ പദ്ധതിയിൽ പത്തനംതിട്ട ഏറ്റെടുക്കുന്നത്‌ നമ്മുടെ സംസ്ഥാന ഫലത്തെയാണ്‌. 
കേരളത്തിലാകെ 85,000 ഹെക്ടറോളം സ്ഥലത്ത്‌ പ്ലാവുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. ജില്ലയിലാകട്ടെ 2000–- 2,500 ഹെക്ടറിലും. ഒരു വീട്ടുവളപ്പിൽ ഒന്നോ രണ്ടോ പ്ലവ്‌ ഉണ്ടാകും. ഇവിടെല്ലാം ചക്ക ഏറെയും പാഴായി പോകുകയാണ്‌. ഇവ ഉപയോഗപ്പെടുത്തി മൂല്യവർധിത ഉൽപ്പന്നങ്ങളാക്കിയാൽ നമുക്ക്‌ പ്രതിവർഷം 15,000 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാനാകുമെന്ന്‌ വിദഗ്ധർ പറയുന്നു. പറിച്ചെടുക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള ബുദ്ധിമുട്ട്‌, നാടൻ ചക്ക വരിക്ക, കൂഴ എന്നിങ്ങനെ പല ഇനമായത്‌, വേഗം പഴുത്തുപോകുന്നു എന്നിവയായിരുന്നു ചക്കയുടെ ‘വളർച്ച’യ്‌ക്ക്‌ തടസ്സം. എന്നാൽ 2009 ൽ ഹോർട്ടി കൾച്ചറൽ മിഷൻ ചരൽക്കുന്നിൽ സംഘടിപ്പിച്ച പനസം–-2009 എന്ന സംസ്ഥാനതല ശിൽപ്പശാലയോടെ ചക്കയുടെ തലവര തെളിഞ്ഞു. അതോടെ ചക്ക ഒരു സംസ്കാരമായി മാറി. പത്തനംതിട്ടയിലെ തെള്ളിയൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ 2012–-13 ൽ ചക്ക സംസ്കരണ കേന്ദ്രം സ്ഥാപിച്ചു. വിവിധ ഇനം ചക്കകൾ സംസ്കരിക്കാനുള്ള സാങ്കേതികവിദ്യ ഇവിടെ ലഭ്യമാണ്‌.
പച്ചച്ചക്ക, ചക്കപ്പഴം, എന്നിവ ഉണക്കിയും ചക്കപ്പഴം പഞ്ചസാര ലായനിയിലിട്ടും സൂക്ഷിക്കുന്നത്‌, ഇടിച്ചക്ക, ചുള, കുരു എന്നിവ ഉണക്കിയത്‌ ചൂടുവെള്ളത്തിലിട്ട്‌ ഉപയോഗിക്കാവുന്ന ഇൻസ്റ്റന്റ്‌ ഉൽപ്പന്നങ്ങൾ, ചക്കപ്പഴം തെര, സ്ക്വാഷ്‌, സിപ്പ്‌അപ്പ്‌, ജാം, മിക്സ്‌ചർ എന്നിവ മൂല്യവർധിത ഉൽപ്പന്നങ്ങളിൽ ചിലതുമാത്രം. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ചക്കപ്പൊടികൾ വിപണിയിലെത്തിച്ചു. മുഴുവൻ ചക്ക,  കുരു, ചുള എന്നിവ ഉണക്കിപ്പൊടിച്ചത്‌ ലഭ്യമാണ്‌. ഇവ മാവിൽ കലർത്തി ആഹാരമാക്കാം.  ഉണക്കച്ചക്ക സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ കുട്ടികളുടെ പോഷണക്കുറവിനും പരിഹാരമാകും. ചക്ക പൾപ്പ്‌ ആധുനിക സാങ്കേതികവിദ്യയുടെ മറ്റൊരു ഉൽപ്പന്നമാണ്‌. വിപണനമാണ്‌ ഈ മേഖലയുടെ പ്രധാന പ്രശ്നം. ഇതിനായി കൃഷിവകുപ്പ്‌, വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌സ്‌ പ്രമോഷൻ കൗൺസിൽ കേരള, വ്യവസായവകുപ്പ്‌ സർക്കാർ, സർക്കാരിതര ഏജൻസികൾ എന്നിവ ചേർന്ന സംവിധാനം ഉണ്ടാകണന്ന്‌ വിദഗ്‌ധർ പറയുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top