14 December Saturday
2800 പൊലീസുകാർ രംഗത്ത്‌

ശബരിമല: സുരക്ഷ ശക്തം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

 പത്തനംതിട്ട

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് സുഗമമായ തീർത്ഥാടനത്തിനായി ശബരിമലയിലും പരിസര പ്രദേശങ്ങളിലും കർശനസുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മൂന്ന് എസ്‌‌പിമാരുടെ നേതൃത്വത്തിലും പരിസര പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചു. മൂന്നു സ്ഥലങ്ങളിലും എസ്‌പിമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ  ചുമതലയേറ്റു. കൂടാതെ ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിൽ റിസർവ്ഡ് ഫോഴ്‌സും സ്‌ട്രൈക്കിങ്‌ ഫോഴ്‌സും പ്രവർത്തിക്കും. മൊത്തം 2800 പൊലീസിനെയാണ് നിലവിൽ നിയോഗിച്ചിരിക്കുന്നത്.
ഗതാഗത പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന്‌ നിലയ്ക്കലാണ് തീർഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിങ്‌ സൗകര്യം ഒരുക്കിയിരിക്കുന്നത്. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിടില്ല. നിലയ്ക്കലിൽ നിന്നും പമ്പ വരെ കെഎസ്ആർടിസി ബസുകൾ മാത്രമാകും കടത്തിവിടുക. 
ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പൊലീസ് ഫോഴ്‌സിനെയും ട്രാഫിക് പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഭക്തർ വരുന്ന പന്തളം പോലുള്ള ഇടത്താവളങ്ങളിൽ പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. പന്തളം കൊട്ടാരം സന്ദർശനം, തിരുവാഭരണ ദർശനം എന്നിവ സുഗമമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി. 
തീർഥാടനകാലത്ത് അഞ്ചുഘട്ടങ്ങളിലായാണ് പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കുന്നത്.15 മുതൽ 30 വരെയുള്ള ആദ്യഘട്ടത്തിൽ പൊലീസ് ആസ്ഥാനത്തെ എഐജി രാഹുൽ ആർ നായരാണ് സന്നിധാനത്തെ പൊലീസ് കൺട്രോളർ. കോട്ടയം ക്രൈംബ്രാഞ്ച് എസ്‌പി കെ എം സാബു മാത്യു പമ്പയിലും കൈംബ്രാഞ്ച് എസ്‌പി ബാസ്റ്റിൻ സാബു നിലയ്ക്കലും കോഴിക്കോട് സിറ്റി അഡീഷണൽ ഡെപ്യൂട്ടി കമീഷണർ പി വാഹിദ് എരുമേലിയിലും കൺട്രോളർമാർ ആയിരിക്കും. 30 മുതൽ ഡിസംബർ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌‌പി എ ശ്രീനിവാസ് സന്നിധാനത്തും കെഎപി നാലാം ബറ്റാലിയൻ കമാണ്ടന്റ് നവനീത് ശർമ പമ്പയിലും ചുമതല വഹിക്കും. ക്രൈംബ്രാഞ്ച് എസ്‌പി  എൻ അബ്ദുൾ റഷീദ് നിലയ്ക്കലും തൃശൂർ സിറ്റി അഡീഷണൽ  കമീഷണർ എം സി ദേവസ്യ എരുമേലിയിലും കൺട്രോളർമാരായിരിക്കും. 
മൂന്നാം ഘട്ടം ഡിസംബർ 14 മുതൽ 29 വരെയാണ്. ഇക്കാലയളവിൽ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി  കമീഷണർ ആർ ആദിത്യ സന്നിധാനത്തും കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ റെജി ജേക്കബ് പമ്പയിലും  കൺട്രോളർമാരായിരിക്കും. നിലയ്ക്കലിൽ കെഎപി മൂന്നാം ബറ്റാലിയൻ കമാണ്ടന്റ് ആർ ഇളങ്കോയും എരുമേലിയിൽ തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്‌പി എം ഇക്ബാലും ആയിരിക്കും കൺട്രോളർമാർ. ഡിസംബർ 29 മുതൽ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തിൽ പൊലീസ് ആസ്ഥാനത്തെ എഐജി എസ് സുജിത്ത് ദാസ്, എസ്എപി കമാണ്ടന്റ് കെ എസ് വിമൽ എന്നിവർ സന്നിധാനത്തും ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം എസ്‌പി എച്ച് മഞ്ജുനാഥ് പമ്പയിലും പൊലീസ് കൺട്രോളർമാരാകും. പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്‌പി വി അജിത്ത്, ആലപ്പുഴ അഡീഷണൽ എസ്‌പി ബി കൃഷ്ണകുമാർ എന്നിവർ യഥാക്രമം നിലയ്ക്കലും എരുമേലിയിലും കൺട്രോളർമാരായിരിക്കും.
 
പ്രധാന വാർത്തകൾ
 Top