04 August Tuesday

ക്യാമ്പിൽ കഴിയുന്നവർക്ക് ആശ്വാസമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ എത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

ആറന്മുള എഴിക്കാട്ട്‌ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സന്ദര്‍ശിക്കുന്നു

 പത്തനംതിട്ട

‘എല്ലാവരും തൃപ്തരാണ്. നമുക്ക് ഒരുമിച്ച് അതിജീവിക്കാം...' സ്നേഹപൂർവം മേഴ്സിക്കുട്ടിയമ്മ...  ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്നതിനിടെ ആറന്മുള എഴിക്കാട് കമ്മ്യൂണിറ്റി ഹാൾ ക്യാമ്പിലെ രജിസ്റ്ററിൽ മന്ത്രി കുറിച്ചിട്ടതിങ്ങനെയാണ്.  
 കിടപ്പാടം വെള്ളത്തിൽമുങ്ങി ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന വാചകങ്ങളാണിത്. സർക്കാർ ഇതുവരെ ചെയ്ത കാര്യങ്ങളിൽ ജനങ്ങൾക്കുള്ള തൃപ്തിയും,  ഇനി ചെയ്തു തീർക്കേണ്ട  തുടർ നടപടികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട് ഈ കുറിപ്പിന്. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറയുമ്പോൾ ക്യാമ്പ് നിവാസികളുടെ മുഖത്തും ആത്മവിശ്വാസം നിറഞ്ഞു.
ക്യാമ്പിലുള്ളവരോട് ഓരോ കാര്യവും വിശദമായി ചോദിച്ചറിഞ്ഞ് അവരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇങ്ങനെ എഴുതിയത്. സന്ദർശിച്ച ക്യാമ്പുകളിൽ ഒന്നിൽ നിന്നുപോലും അവിടെ ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും ഭക്ഷണങ്ങളെക്കുറിച്ചും പരാതികൾ ഉയർന്നില്ല. എല്ലാം കൃത്യമായി ലഭിക്കുന്നുണ്ടെന്നായിരുന്നു മന്ത്രിക്കു ലഭിച്ച പ്രതികരണങ്ങൾ. ഇനിയും മഴ കൂടുമോ... എത്ര നാൾ ക്യാമ്പുകളിൽ കഴിയേണ്ടിവരും എന്നിങ്ങനെയുള്ള ആശങ്കകളും അവർ മന്ത്രിയുമായി പങ്കുവച്ചു. 
മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ആദ്യം പോയത് കോഴഞ്ചേരി താലൂക്കിലെ എഴിക്കാട് കമ്മ്യൂണിറ്റി ഹാളിൽ 34 കുടുംബങ്ങളിലെ 113 പേർ താമസിക്കുന്ന ക്യാമ്പിലേക്കാണ്. വീണാ ജോർജ് എംഎൽഎ മന്ത്രിക്ക് ക്യാമ്പിലെ കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. തുടർന്ന് എഴിക്കാട് നഴ്സറി സ്‌കൂളിലെ ക്യാമ്പിലെത്തിയപ്പോൾ ഉച്ചഭക്ഷണത്തിനുള്ള പാചകത്തിരക്കിലായിരുന്നു അവിടെയുണ്ടായിരുന്നവർ. 21 കുടുംബങ്ങളിലെ 68 പേരാണ് ഈ ക്യാമ്പിലുള്ളത്. കനത്ത മഴയെത്തുടർന്നു വീടും പരിസരവും വെള്ളക്കെട്ടിലായവരാണ് ഇവിടെയും ഉണ്ടായിരുന്നത്. 
തിരുവല്ല താലൂക്കിലെ തിരുമൂലപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ മന്ത്രി എത്തുമ്പോൾ  അവിടെ കുട്ടികൾ ഒരുമിച്ച് കസേര കളിക്കുകയായിരുന്നു. മുതിർന്നവർ അവരെ പ്രോത്സാഹിപ്പിക്കുന്ന തിരക്കിലും. മന്ത്രിയെ കണ്ടതും മുതിർന്നവർ ചുറ്റും കൂടി. ക്യാമ്പിലെ പാചകപ്പുരയിലെത്തിയ മന്ത്രി, മധുരം പാടില്ലെന്ന് ഡോക്ടർമാരുടെ നിർദേശമുണ്ടെങ്കിലും സ്നേഹത്തോടെ നൽകിയ പായസം രുചിച്ചു. കൂടെ ഉണ്ടായിരുന്ന  മാത്യു ടി തോമസ്‌ എംഎൽഎയും സബ് കലക്ടർ ഡോ.വിനയ് ഗോയലും പായസം കഴിച്ചാണ് അവിടെനിന്ന അടുത്ത ക്യാമ്പായ തിരുമൂലപുരം എസ്എൻവിഎസ് ഹൈസ്‌കൂളിലേക്ക് പോയത്.  സ്വാതന്ത്ര്യ ദിനത്തോടൊപ്പം ഞങ്ങളിന്ന് പിള്ളേരോണവും ആഘോഷിക്കുകയാണെന്ന്‌ അവിടെയുണ്ടായിരുന്ന വീട്ടമ്മ ചിന്നമ്മ പറഞ്ഞു.  മന്ത്രി തുടർന്ന് തിരുവല്ല ഡയറ്റിലെ വിഭവസമാഹരണകേന്ദ്രം സന്ദർശിച്ചു. വളന്റിയമാർക്ക് മന്ത്രിയോട് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളു. മന്ത്രിക്കൊപ്പം ഒരു സെൽഫി... എല്ലാവർക്കുമൊപ്പം ഫോട്ടോ എടുത്തശേഷം തൊട്ടടുത്ത ഡയറ്റ് സ്‌കൂളിലെ ക്യാമ്പിലേക്ക്‌ മന്ത്രി പോയി. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് നമ്മൾ ഒറ്റക്കെട്ടായി അതിജീവിക്കുമെന്ന് ഉറപ്പുനൽകിയാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ മടങ്ങിയത്. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top