25 May Monday

കോഴഞ്ചേരി സാധാരണ നിലയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020
കോഴഞ്ചേരി
കോവിഡ് പേടിയിൽനിന്ന് കോഴഞ്ചേരി സാധാരണ നിലയിലേക്ക്‌. നഗരത്തിൽ ആളുകൾ എത്തിത്തുടങ്ങി. സ്വകാര്യ ബസ് സർവീസുകൾ പഴയതുപോലെ. കടകൾ ഏതാണ്ട് പൂർണമായി തന്നെ തുറന്നു. ജില്ലാ ആശുപത്രികളിൽ ചികിൽത്സ തേടി എത്തുന്നവരുടെ സംഖ്യയും മുമ്പെന്ന സ്ഥിതിയിലേക്ക്‌ എത്തിത്തുടങ്ങി.
ഇറ്റലിയിൽ നിന്നും വന്ന റാന്നി സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് കോഴഞ്ചേരിയിലും ആശങ്ക പടർന്നത്. ഇതിനിടയിൽ ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിലുള്ള പേ വാർഡ് ഐസൊലേഷൻ വാർഡാക്കുകയും രണ്ടു രോഗികൾ ഉൾപ്പടെ 10 പേരെ ഇവിടെ പ്രവേശിപ്പിക്കുകയും ചെയ്തതോടെ കോഴഞ്ചേരിയിലും പരിസരങ്ങളിലും ഉള്ള ആയിരങ്ങളിൽ ഭീതി പടർന്നു. വടശ്ശേരിക്കര സ്വദേശികളായ അമ്മയും മകളും, റാന്നി, കല്ലിശ്ശേരി സ്വദേശികൾ ഉൾപ്പെടെയുള്ളവരെയാണ്‌ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിലൂടെ ഉണ്ടായ വ്യാജ പ്രചരണങ്ങളാണ് ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്‌ത്തിയത്.
ഇതോടെ കോഴഞ്ചേരിയിലേകകുള്ള യാത്ര മിക്കവരും ഒഴിവാക്കി. രോഗികൾ ജില്ലാ ആശുപത്രിയിലും മറ്റ് ആശുപത്രികളിലും എത്താതായി. ആളുകൾ കുറഞ്ഞതോടെ സ്വകാര്യ ബസുകൾ പലതും ഓട്ടം നിർത്തി. ഹോട്ടലുകൾ അടച്ചു.
എന്നാൽ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടേയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വാർത്താസമ്മേളനങ്ങളിലൂടെ ലഭിച്ച ആത്മവിശ്വാസവും സ്വീകരിക്കേണ്ട സുരക്ഷാ നിർദേശങ്ങളുമാണ് ഭീതിക്ക് അവധി നൽകി ജനങ്ങൾ വീണ്ടും സാധാരണ പോലെ നഗരത്തിൽ ത്താൻ സഹായിച്ചത്‌. ഇതിനിടെ രോഗികൾക്ക് ഭക്ഷണവും വസ്ത്രവും കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങളും മറ്റും കൊണ്ട് ഡിവൈഎഫ്ഐ, സിപിഐ എം പ്രവർത്തകർ ആശുപത്രിയിലെത്തിയത് നാട്ടുകാരുടെ ഭയം കുറക്കാൻ സഹായിച്ചു.
ഇപ്പോൾ രോഗബാധിതരായ രണ്ടു പേരും നിരീക്ഷണത്തിലുള്ള നാലുപേരും മാത്രമാണ് ജില്ലാ ആശുപത്രിയിലുള്ളത്. പുതുതായി ഒരാളുടെ പോലും പരിശോധന ഫലം പോസിറ്റീവാകാതിരുന്നതും ആശ്വാസമായി. ഒരാഴ്ചയോളം നീണ്ട ആശങ്കകളാണ് ഒഴിഞ്ഞത്. മുഴുവനാളുകളും സുരക്ഷാ നിർദേശങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top