25 March Monday

സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത വിദ്യാഭ്യാസം വ്യാപിപ്പിക്കണം: ഡിഎകെഎഫ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 17, 2018

 പത്തനംതിട്ട > ഹയർസെക്കൻഡറി തലത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിത വിദ്യാഭ്യാസം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് ഡിഎകെഎഫ് ജില്ലാ കൺവൻഷൻ പ്രമേയത്തിൽ ചണ്ടിക്കാട്ടി. ജില്ലയിലെ വിക്കിപീഡിയ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും പ്രാദേശിക ചരിത്ര രചന ഉൾപ്പടെയുള്ളവയ്ക്ക് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനും കൺവൻഷൻ തീരുമാനിച്ചു 

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ മറവിൽ കുത്തകകൾക്ക് കുടപിടിക്കുന്ന ജനവിരുദ്ധ നടപടികൾ ആണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായികൊണ്ടിരിക്കുന്നത്. വിജ്ഞാനത്തെയും വിവരസാങ്കേതിക വിദ്യകളെയും ജനകീയവൽക്കരിക്കേണ്ടതിന് പകരം സ്വകാര്യവൽക്കരിച്ച് വൻകിട കുത്തകകൾക്ക് സർവ സ്വാതന്ത്ര്യത്തോടെ ഇടപെടാൻ സാധിക്കുന്ന നിയമ നിർമ്മാണങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. 
 ഇതിൽ നിന്നും വിഭിന്നമായി ഡിജിറ്റൽ സേവനങ്ങൾ സ്വതന്ത്ര സോഫ്റ്റ്വെയർ സഹായത്തോടെ ജനങ്ങളിൽ എത്തിക്കുന്ന ഉദാത്ത മാതൃകയാണ് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്നത്. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കുന്നതിനും സർക്കാർ ഓഫീസുകൾ ഡിജിറ്റൽ ആക്കുന്നതിനും സ്വതന്ത്ര സോഫ്റ്റ്വെയർ അധിഷ്ഠിതമായി കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ ലോകത്തിന് മാതൃകയാണ്. 
ആധാറിന്റെ പേരിൽ ജനങ്ങളെ ദുരിതത്തിലാക്കിയ കേന്ദ്രസർക്കാരിന്റെ കീഴിൽ ആധാർ വിവരങ്ങൾ സുരക്ഷിതമല്ല എന്ന വാർത്ത ജനങ്ങൾക്ക് ആശങ്കയുളവാക്കുന്നതാണ്. കുത്തക കമ്പനികളുടെ താൽപര്യങ്ങൾക്ക് വേണ്ടിയാണ് ആധാർ വിവരങ്ങൾ ചോരുന്നത് എന്നത് നിസാരമായി കാണാൻ കഴിയുന്ന ഒന്നെല്ലന്നും കൺവൻഷൻ ചണ്ടിക്കാട്ടി.
കൺവൻഷൻ ഡിഎകെഎഫ് സംസ്ഥാന എക്സിക്യുട്ടീവംഗം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി ഹരികുമാർ, സെക്രട്ടറി ജി പി പ്രശോഭ് കൃഷ്ണൻ, അജയ് ബി പിള്ള, സംസ്ഥാന യുവജന കമ്മീഷൻ അംഗം അഡ്വ. കെ യു ജനീഷ് കുമാർ, വിഷ്ണു ഗോപാൽ, കെ പി രാധാകൃഷ്ണൻ, പി ആനന്ദ് , പി സാബു, എൻ ജി ജയന്തി എന്നിവർ സംസാരിച്ചു.   
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top