15 October Tuesday

ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

 പത്തനംതിട്ട

കാർഷിക മേഖലയുടെ വികസനത്തിന് മണ്ണ് സംരക്ഷണം അനിവാര്യമായ ഘടകമാണെന്ന് രാജു എബ്രഹാം എംഎൽഎ പറഞ്ഞു. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി റാന്നി വെച്ചൂച്ചിറ എറ്റിഎം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പിന്റെ നിസ്വാർഥ സേവനവും ആത്മാർഥമായ സമീപനവും കാർഷിക മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിന് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. 
 
മികച്ച ജൈവ പഞ്ചായത്തിനുള്ള അവാർഡ് രാജു എബ്രഹാം എംഎൽഎയിൽ നിന്നും വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ ഏറ്റുവാങ്ങി. സ്‌കൂൾ കുട്ടികൾക്കുള്ള പച്ചക്കറി വിത്ത് വിതരണം സിഎംഎസ്എൽപി സ്‌കൂൾ വിദ്യാർഥികൾക്ക് നൽകി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി അധ്യക്ഷയായി. ബ്ലോക്ക്തല പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഉദ്ഘാടനവും, പച്ചക്കറി തൈ വിതരണവും റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു നിർവഹിച്ചു.
ഓണത്തിന് വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പിൽനിന്ന് തന്നെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് കൃഷിവകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് സുരക്ഷിത പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് പച്ചക്കറി കൃഷിവികസന പദ്ധതി. ഇതിൽ ഏറെ ശ്രദ്ധേയമായതാണ് ഓണത്തിന് ഒരുമുറം പച്ചക്കറി. പച്ചക്കറി ഉൽപാദനത്തിൽ അടുത്ത നാല് വർഷം കൊണ്ട് സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുക എന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പച്ചക്കറി കൃഷി വികസന പദ്ധതിയിലെ വിവിധ ഘടകങ്ങൾക്ക് ജില്ലയിൽ ഈ സാമ്പത്തിക വർഷം 2.6 കോടി രൂപയുടെ സാമ്പത്തിക സഹായം നൽകും. ഓണത്തിന് ഒരു മുറം പച്ചക്കറി ഉത്പാദനത്തിന് 4.6 ലക്ഷം വിത്ത് പായ്ക്കറ്റുകൾ സ്‌കൂൾ കുട്ടികൾ, കർഷകർ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് നൽകും. ഒരു പായ്ക്കറ്റിന് 10 രൂപ നിരക്കിലാണ് വിൽപന. ഏഴ് ലക്ഷം പച്ചക്കറി തൈകളും കർഷകർക്ക് നൽകും. ഗ്രൂപ്പ് അടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 15000 രൂപ പ്രകാരം അഞ്ച് ഹെക്ടർ ഗ്രൂപ്പിന് 75000 രൂപ നൽകും. ഇത്തരത്തിൽ 75 ക്ലസ്റ്ററുകൾക്ക് സഹായധനം ലഭ്യമാക്കും. ഓണത്തിന് പച്ചക്കറി ഓരോ കുടുംബവും സ്വന്തമായി ഉത്പാദിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രിൻസിപ്പൽ കൃഷി ഓഫീസർ സിസി കുര്യൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിൽ എബ്രഹാം,  റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൻസൺ തോമസ്, വെച്ചൂച്ചിറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തോമസ്, വെച്ചൂച്ചിറ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർപേഴ്സൻ പി ജി മറിയാമ്മ, ക്ഷേമകാര്യ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ സ്‌കറിയ ജോൺ, കേരള കോൺ്ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ആലിച്ചൻ ആറൊന്നിൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സമദ് മേപ്പുറത്ത്, വെച്ചൂച്ചിറ കൃഷി ഓഫീസർ ട്രീസാ സെലിൻ ജോസഫ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top