12 November Tuesday

തോട്ടഭാഗം ചങ്ങനാശേരി റോഡ്: സ്ഥലം വിട്ടുനൽകാൻ കൂടുതൽ പേർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

തോട്ടഭാഗം‐ചങ്ങനാശ്ശേരി റോഡ്‌ നിർമാണത്തിന്‌ തടസമായി് നിന്ന പൂവക്കാല ജങ്‌ഷനിലെ മതിൽ പൊളിച്ചുനീക്കുന്നു

 ഇരവിപേരൂർ

ആധുനിക നിലവാരത്തിൽ നിർമാണം പുരോഗമിക്കുന്ന തോട്ടഭാഗം ചങ്ങനാശേരി റോഡിനായി സ്വമേധയാ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായി കൂടുതൽ വ്യക്തികൾ മുന്നോട്ട്.
പായിപ്പാട് മുതൽ കണിയാംപാറ വരെയുള്ള അഞ്ചു കിലോമീറ്ററിലെ അഞ്ഞൂറോളം വസ്തു ഉടമസ്ഥരിൽ റോഡിനായി സ്ഥലം നൽകാതിരുന്നത് അഞ്ചുപേർ മാത്രമായിരുന്നു. ഇവരിൽ ആഞ്ഞിലിത്താനത്ത് പൊതുമേഖലാ ബാങ്കിന്റെ ജപ്തി നടപടി നേരിട്ടിരുന്ന വീട് ലേലത്തിൽ പിടിച്ച വ്യക്തി സാങ്കേതിക  കാരണം പറഞ്ഞ് സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ വെള്ളിയാഴ്ച രാവിലെ ഭൂമി നൽകാൻ ഇദ്ദേഹം സമ്മതം അറിയിച്ചതോടെ കരാറുകാർ മതിൽ പൊളിച്ച് ഭൂമി ഏറ്റെടുത്തു.
പൂവക്കാല ജങ‌്ഷനിൽ കല്ലുകുഴിയിൽ മാമ്മൻ ചെറിയാനാണ് വെള്ളിയാഴ്ച ഭൂമി വിട്ടുകൊടുത്ത മറ്റൊരാൾ. ദുബായിലായിരുന്ന ഇദ്ദേഹം നാട്ടിലെത്തിയ ഉടൻ  സമ്മതം അറിയിക്കുകയായിരുന്നു.
താലൂക്ക് സർവെയർ അളന്ന് പുറമ്പോക്കെന്ന് കണ്ടെത്തിയ ഭാഗം  ഉൾപ്പെടെ മൂന്ന് വ്യക്തികളുടെ സ്ഥലം മാത്രമാണിനി ഈ ഭാഗത്ത് അവശേഷിക്കുന്നത്.
കണിയാംപാറ മുതൽ തോട്ടഭാഗം വരെയുളള മൂന്നു കിലോമീറ്ററിലെ 10 പേർ ഇനിയും സ്ഥലം വിട്ടുനൽകാൻ സമ്മതം അറിയിച്ചിട്ടില്ല. ഇവരിൽ ചിലർ  സ്റ്റേ സമ്പാദിച്ചിരിക്കയാണ്. 
സമ്മതമറിയിക്കാത്ത പലരും പുറമ്പോക്ക് ഭൂമിയാണ് കൈവശപ്പെടുത്തിയിരിക്കുന്നതെന്നും വളഞ്ഞ വഴിയിലൂടെ ഇത് ക്രമപ്പെടുത്തുകയായിരുന്നു എന്നും പരാതി ഉയർന്നിട്ടുണ്ട്. പഴയ സർവേ പ്രകാരം റോഡിനിരുവശവുമുള്ള പുറമ്പോക്ക് തിട്ടപ്പെടുത്താൻ അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യമുയർത്തി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
 
പ്രധാന വാർത്തകൾ
 Top