27 May Wednesday
കൈകൾ ശുദ്ധമാക്കാൻ

മന്ത്രിക്കും ജനപ്രതിനിധികൾക്കും പരിശീലനം നൽകി ഡോക്ടർമാർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

ആലപ്പുഴ മെഡിക്കൽ കോളജിലെ വൈസ് പ്രിൻസിപ്പൽ ഡോ. സൈറുവിന്റെ നേതൃത്വത്തിൽ മന്ത്രി കെരാജുവിനും എംപിക്കും എംഎൽഎമാർക്കും കൈകഴുകൽ പരിശീലനം നൽകുന്നു

 പത്തനംതിട്ട

കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്‌ മികച്ച മാർഗം കൈകൾ എപ്പോഴും ശുദ്ധമാക്കിവയ്‌ക്കുക എന്നതാണ്‌. എങ്ങനെ കൈകൾ കഴുകി ശുദ്ധമാക്കിവയ്ക്കാമെന്നും വൈറസ് ബാധയെ ചെറുക്കാമെന്നും മന്ത്രി കെ രാജുവിനും ജില്ലയിലെ എംപി, എംഎൽഎമാർ മുതൽ പഞ്ചായത്ത് പ്രസിഡന്റുമാർ വരെയുള്ള ജനപ്രതിനിധികൾക്ക് ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈസ് പ്രിൻസിപ്പൽ ഡോ.സൈറുവിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.
പ്രമാടം രാജീവ്ഗാന്ധി സ്‌റ്റേഡിയത്തിൽ നടന്ന പ്രത്യേക യോഗത്തിലാണ് അഞ്ചു മിനിട്ട് നീണ്ടുനിന്ന പരിശീലനം നടന്നത്. വളരെ താൽപര്യത്തോടെയാണ് മന്ത്രി കെ രാജുവും  ആന്റോ ആന്റോ ആന്റണി എംപിയും എംഎൽഎമാരായ മാത്യു ടി തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, കെ യു ജനീഷ്‌കുമാർ മുതൽ പഞ്ചായത്ത് പ്രസിഡന്റുമാർ വരെയുള്ള ജനപ്രതിനിധികൾ പരിശീലനത്തിൽ ഏർപ്പെട്ടത്. 
ആറ്‌ സ്‌റ്റെപ്പുകളായി ചെയ്യേണ്ട കൈകഴുകലിന് സോപ്പും വെള്ളവും ഉപയോഗിച്ചാണെങ്കിൽ ഒരു മിനിട്ടും ഹാൻഡ് സാനിറ്റൈസറാണെങ്കിൽ 30 സെക്കന്റുമാണ്‌  എടുക്കുക. വാച്ചും മോതിരവും ഊരിമാറ്റിയ ശേഷം ആദ്യമായി രണ്ടുകൈകളും 10 സെക്കന്റ് സമയം ഉരച്ചുകഴുകണം. രണ്ടാമത്തെ സ്‌റ്റെപ്പ് കൈയുടെ പുറകുവശം കഴുകലാണ്‌. ഇരുകൈകളുടെയും വിരലുകൾക്കിടയിലൂടെയാകണം ഇങ്ങനെ ചെയ്യേണ്ടത്. മൂന്നാമത്തെ സ്‌റ്റെപ്പ് വിരലുകൾക്ക് മാത്രമാണ്. നാലാമത്തെ സ്‌റ്റെപ്പ് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കൈകൾ കഴുകണം. അടുത്തത് തള്ളവിരലുകൾക്ക് മാത്രമായി. ആറാമത്തെ സ്‌റ്റെപ്പ് വിരലുകളുടെ അറ്റം ഉള്ളം കൈയിൽ വട്ടത്തിൽ ചെയ്യാനുള്ളതാണ്. ഒരുതവണ കൈ ശുചിയാക്കണമെങ്കിൽ 30 എംഎൽ ഹാൻഡ് സാനിറ്റൈസർ വേണം. 30 സെക്കന്റിനുള്ളിൽ ഹാൻഡ് സാനിറ്റൈസർ  ഉണങ്ങിയിട്ടുണ്ടാകും. 
ഇത്തരം ശീലങ്ങളിലൂടെ ആശങ്കയില്ലാതെ കോറോണയെ നമ്മുക്ക്‌ നേരിടാമെന്ന് ഡോക്ടർമാർ പറഞ്ഞു. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പൊതുസ്ഥലങ്ങളിൽ മാസ്‌ക്ക് ഉപയോഗിക്കേണ്ടതില്ല. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കണം.  ചുമയക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോഗിച്ചാൽ മതിയാകും
 
 
പ്രധാന വാർത്തകൾ
 Top