19 March Tuesday

അഞ്ച് പഞ്ചായത്തുകൾ ഭക്ഷ്യസുരക്ഷയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

 

പത്തനംതിട്ട
സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ അഞ്ച് പഞ്ചായത്തുകൾ സമ്പൂർണ ഭക്ഷ്യസുരക്ഷയിലേക്ക്. കൊടുമൺ, കോന്നി, കവിയൂർ, റാന്നി, ആറന്മുള പഞ്ചായത്തുകളെയാണ് ജില്ലയിൽ നിന്നും സമ്പൂർണ ഭക്ഷ്യസുരക്ഷാ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. 
പൊതു കുടിവെളളസ്രോതസുകളിൽ നിന്നുള്ള കുടിവെള്ളത്തിന്റെ സൗജന്യ ഗുണനിലവാര പരിശോധന, എല്ലാ ഭക്ഷ്യ ഉൽപാദന-വിതരണ സ്ഥാപനങ്ങളിലും സ്‌പെഷ്യൽ പരിശോധനകൾ, കുടുംബശ്രീ പ്രവർത്തകർ, വീട്ടമ്മമാർ, സ്‌കൂൾ-കോളജ് വിദ്യാർഥികൾ, ഭക്ഷ്യവിൽപ്പനയുമായി ബന്ധപ്പെട്ട കച്ചവടക്കാർ, അങ്കണവാടി പ്രവർത്തകർ തുടങ്ങി പൊതുജനങ്ങൾക്ക് പ്രതേ്യക ഭക്ഷ്യസുരക്ഷാ ലൈസൻസ്-രജിസ്‌ട്രേഷൻ മേളകൾ തുടങ്ങി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടത്തും. 
ഭക്ഷ്യസുരക്ഷാ നിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യവ്യാപാരികളും ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്‌ട്രേഷനോ എടുക്കണം. ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തുന്ന ലൈസൻസ് മേളകളിൽ എല്ലാ ഭക്ഷ്യവ്യാപാരികൾക്കും ലൈസൻസ് നേടാം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള അഭിപ്രായങ്ങളും പരാതികളും 1800-425-1125 എന്ന ടോൺഫ്രീ നമ്പരിലും 04734 221236, 8943346183 എന്നീ നമ്പരുകളിലും അറിയിക്കാം.
 
 
 
പ്രധാന വാർത്തകൾ
 Top