17 February Sunday

ഏനാത്ത് പാലം: ബലക്ഷയം സംഭവിച്ച തൂണിന് പുതിയ അടിത്തറ ഉണ്ടാക്കണമെന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2017

ഏനാത്ത് പാലത്തിന്റെ ബലക്ഷയം സംഭവിച്ച തൂണിന്റെ അടിത്തട്ട്

 

 
 
അടൂര്‍ > ഏനാത്ത് പാലത്തിലെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഒരുമാസത്തിലേറെ സമയം വേണ്ടിവരും. തൂണിന്റെ അടിത്തറ തകര്‍ന്ന് പാലത്തിന് ചരിവ് സംഭവിച്ചാണ് ബെയറിങ് പൊട്ടിമാറാന്‍ ഇടയായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗതാഗതം പൂര്‍ണമായി നിരോധിച്ചത്. ബലക്ഷയം സംഭവിച്ച തൂണിന്റെ അടിത്തറയ്ക്ക് പകരം പുതിയ അടിത്തറ ഉണ്ടാക്കി തൂണുമായി ബന്ധിപ്പിച്ച് ഉറപ്പിച്ചതിനുശേഷം മാത്രമെ ബെയറിങ് ഉള്‍പ്പെടെയുള്ള പാലത്തിന്റെ കേടുപാടുകള്‍ മാറ്റാന്‍ കഴിയു. 
എറണാകുളത്തുനിന്നെത്തിയ നീല്‍ അണ്ടര്‍ വാട്ടര്‍ സര്‍വീസസിലെ അഞ്ചംഗ മുങ്ങല്‍ വിദഗ്ധര്‍ പാലത്തിന്റെ അടിത്തറയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി നടത്തിയ പരിശോധനയിലാണ് തൂണിന്റെ അടിത്തറ തകര്‍ന്നത് കണ്ടെത്തിയത്. 30 അടി താഴ്ചയിലുള്ള തൂണിന്റെ 25അടി താഴ്ചയിലെ മണ്ണ് ചുഴി രൂപപ്പെട്ട് ഒലിച്ചുപോയി. തൂണിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് പൊട്ടിമാറിയിട്ടുണ്ട്. പാലത്തിന്റെ നടുഭാഗത്തെ തൂണിനാണ് ബലക്ഷയം സംഭവിച്ചിട്ടുള്ളത്. ഇതുകാരണം പാലത്തിന്റെ കിഴക്ക് ഭാഗത്താണ് ചരിവ് ഉണ്ടായത്. 
പാലം സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മുങ്ങല്‍ വിദഗ്ധരെക്കൊണ്ട് തൂണിന്റെ അടിത്തറ പരിശോധിപ്പിച്ചത്. പാലത്തെ ഉറപ്പിച്ചുനിര്‍ത്തുന്ന തൂണിന്റെ മുകള്‍ ഭാഗത്തെ റബര്‍ ബെയറിങ് പൊട്ടിയതാണ് ചാലത്തിന് ചരിവ് ഉണ്ടായതെന്നായിരുന്നു ആദ്യ നിഗമനം. ഇതനുസരിച്ച് ഹൈഡ്രോളജിക് ജാക്കി കൊണ്ടുവന്ന് പാലം ഉയര്‍ത്തി പൊട്ടിമാറിയ ബെയറിങ് മാറ്റാനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷമാണ് തൂണിന്റെ അടിത്തറ ഇളകിയതായി കണ്ടെത്തിയത്. പാലം നിര്‍മാണത്തിന്റെ വിദഗ്ധനായ ഡോ. പി കെ അരവിന്ദം ശനിയാഴ്ച രാവിലെ പാലം പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ പി കെ സതീശന്‍ പറഞ്ഞു. 
 
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top