24 January Friday
ഇലന്തൂർ കോളേജിന്‌ പുതിയ കെട്ടിടം

കലക്ടർ സ്ഥലം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

 പത്തനംതിട്ട

ഇലന്തൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിന് സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള നിർദിഷ്ട സ്ഥലം  കലക്ടർ പി ബി നൂഹ് സന്ദർശിച്ചു. ഖാദി ബോർഡിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മൂന്നേക്കർ സ്ഥലവും സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കേണ്ട രണ്ടേക്കർ പന്ത്രണ്ട് സെന്റ് സ്ഥലവുമാണ് കലക്ടർ സന്ദർശിച്ചത്.
ഇലന്തൂർ പൂമലക്കുന്നിൽ അഞ്ചേക്കർ പന്ത്രണ്ട് സെന്റ് സ്ഥലമാണ് കോളേജിനായി ലഭിക്കുക. ഖാദി ബോർഡിന്റെ മൂന്നേക്കർ ഭൂമി റവന്യു വകുപ്പ് ഉന്നത വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറുന്നതോടെ സ്ഥലം കോളേജിന് ലഭ്യമാകും. ശേഷിക്കുന്ന രണ്ടേക്കർ പന്ത്രണ്ട് സെന്റ് ഭൂമിയുടെ ഏറ്റെടുക്കൽ സംബന്ധിച്ചുള്ള നടപടികൾ പുരോഗമിക്കുകയാണന്ന് കലക്ടർ അറിയിച്ചു. 
കിഫ്ബി ഫണ്ട് ഉപയോഗിച്ച് കിറ്റ്കോയുടെ നേതൃത്വത്തിലാണ് കോളേജ് കെട്ടിടത്തിന്റെ നിർമാണം നടക്കുക. 2014 ൽ  ആരംഭിച്ച ഗവ.കോളേജ് നിലവിൽ ഇലന്തൂർ ഗവ.ഹൈസ്‌കൂൾ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 
എഡിഎം അലക്സ് പി തോമസ്, ഡെപ്യൂട്ടി കലക്ടർ എസ് ശിവപ്രസാദ്, കോഴഞ്ചേരി തഹസിൽദാർ ബി ജ്യോതി, കോഴഞ്ചേരി അഡീഷണൽ തഹസിൽദാർ കെ ഓമനക്കുട്ടൻ, റവന്യൂ വിഭാഗം ജൂനിയർ സൂപ്രണ്ട് പി ജെ എബ്രഹാം, ഇലന്തൂർ ഗവ. കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജിജു വർഗീസ് ജേക്കബ്, പഞ്ചായത്തംഗം കെ പി മുകുന്ദൻ എന്നിവർ ഒപ്പമുണ്ടായി.
 
പ്രധാന വാർത്തകൾ
 Top