22 September Tuesday
മറ്റാർക്ക്‌ കഴിയും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഡിവൈഎഫ്‌ഐ നൽകിയത്‌ 61,84,277

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

റീസൈക്കിൾ കേരളയിലേക്ക്‌ പണം കണ്ടെത്താൻ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ ശ്രമദാനം

 പത്തനംതിട്ട

അന്താരാഷ്ട്ര യുവജന ദിനമായിരുന്നു‌ ഇന്നലെ. ഇന്നിന്റെ കാലത്ത്‌ യുവജനങ്ങളുടെ കടമ ഓർമപ്പെടുത്തുന്ന ദിനം. കാലം ഈ ദിനത്തെ പ്രസക്തമാക്കുന്നു. ദുരന്തത്തെയും ദുരിതത്തെയും മുഖത്തോട്‌ മുഖംനോക്കി നേരിട്ടകാലം. അതിജീവനം അർഥപൂർണമാക്കിയ കാലം. യുവതയുടെ കരുത്ത്‌ കണ്ടറിഞ്ഞ കാലം. ആ കാലത്തിന്റെ കടമ ഹൃദയത്തിലേറ്റി നിറവേറ്റിയാണ്‌ യുവസമൂഹം നീങ്ങുന്നത്‌. യുവനിരയുടെ അമരംപിടിച്ച്‌ പുരോഗമന പ്രസ്ഥാനം ഡിവൈഎഫ്‌ഐയും.
 ദുരിതാശ്വാസ നിധിയിലേക്ക്‌ പണം സമാഹരിക്കാൻ ഡിവൈഎഫ്‌ഐ സ്വീകരിച്ച രീതി ലോകത്തിന്‌ മാതൃകയാക്കാമെന്ന് മുഖ്യമന്ത്രി‌ പറഞ്ഞു. ആ അഭിമാനത്തിൽ പത്തനംതിട്ട ജില്ലയുമുണ്ട്‌. വേറിട്ട രീതിയിലൂടെ കേരളത്തിലെ യുവജനത സ്വരൂപിച്ച്‌ നൽകിയ 11 കോടിയോളം രൂപയിൽ ജില്ലയിൽനിന്നുള്ള 61,84,277 രൂപയുമുണ്ട്‌.
  ‘റീ സൈക്കിൾ കേരള’ അത്‌ നാട്‌ കണ്ടറിഞ്ഞ പുതിയ അനുഭവമായിരുന്നു. മഹാമാരിയിൽ മനുഷ്യൻ പകച്ചുനിന്നിടത്ത്,‌ കേരളത്തെ കൈപിടിച്ചുയർത്താൻ സധൈര്യം മുന്നിട്ടിറങ്ങിയ പ്രവർത്തനം. ദുരിതബാധയുടെ പശ്ചാത്തലത്തിൽ‌ പണം സ്വരൂപിക്കാൻ സ്വീകരിച്ച പുതിയ മാതൃക. ജില്ലയിലെ 1012 യൂണിറ്റ്‌ കമ്മിറ്റികളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ അകമഴിഞ്ഞ പ്രവർത്തനം. അവർ നാടിന്റെ വിരിമാറിലേക്ക്‌‌ ഇറങ്ങി. വീടുകൾതോറും കയറിയിറങ്ങി പഴയ പത്ര–-മാസികകൾ ഉൾപ്പെടെ ആക്രിവസ്‌തുക്കൾ ശേഖരിച്ച്‌ വിറ്റ്‌ പണം കണ്ടെത്തി. ഉടമകൾ സമ്മതിച്ച്‌ നൽകിയ പാഴ്‌തടികൾ മുറിച്ച്‌ വിറ്റ്‌ പണമുണ്ടാക്കി. വീടുകളിലെത്തി മിതമായ നിരക്കിൽ വാഹനങ്ങൾ കഴുകി നൽകിയും പണം കണ്ടെത്തുന്നതിന്‌ മാർഗം സ്വീകരിച്ചു. കിണറുകളും വാട്ടർ ടാങ്കും കഴുകിയതിന്റെ പ്രതിഫലവും ഇതിലുണ്ട്‌.
മനുഷ്യാധ്വാനത്തിന്റെ മാനവികതലം അതിശയിപ്പിക്കുന്നതായിരുന്നു. പണിയിടങ്ങളിൽ കട്ടയും കല്ലും ചുമന്ന്‌ പണം സ്വരൂപിച്ച രീതിയെ അഭിമാനത്തോടെയാണ്‌ നാട്‌ വിലയിരുത്തിയത്‌. ഈ അധ്വാനശേഷിക്ക്‌ ലഭിച്ച തുക ചെറുതല്ല. സ്വയം കൃഷിചെയ്‌ത പച്ചക്കറി വിളകളും മത്സ്യവും‌ വിൽപ്പന നടത്തി. മുണ്ടുകൾ വിറ്റ്‌ കാശുണ്ടാക്കി. ലോക്ക്‌ ആർട്‌സ്‌ എന്ന പദം ഇക്കാലയളവിലാണ് കൂടുതൽ‌ ചർച്ചയായത്‌. ലോക്ക്‌ ഡൗൺ സമയത്തെ കലാസൃഷ്ടികൾക്ക്‌ കലാകാരന്മാർക്ക്‌ ലഭിച്ച പ്രതിഫലം വിലമതിക്കാത്തതായിരുന്നു. പുറമെ, ഓരോ ഡിവൈഎഫ്‌ഐ പ്രവർത്തകന്റെയും ഒരു ദിവസത്തെ വേതനവും. ഇതാണ്‌ ജില്ലയുടെ ‘റീ സൈക്കിൾ കേരള’.
‘അന്താരാഷ്ട്ര വിഷയങ്ങളിലെ യുവജന പങ്കാളിത്തം' എന്ന ആശയത്തോടെ ഈ യുവജനദിനം കടന്നു പോകുന്നത്‌ സ്വയംപര്യാപ്‌തതയും ഓർമപ്പെടുത്തി കൊണ്ടാണ്‌. ഭക്ഷ്യ സുരക്ഷയുടെ ഭാവി നാളുകൾക്ക് യുവനിരയുടെ പങ്ക്‌ ഓർമിപ്പിച്ചുകൊണ്ട്‌. അതുകൊണ്ടുതന്നെ അവർ‌
മെയ്യും മനസുമായി കൃഷിയിടങ്ങളിലുമുണ്ട്‌. പച്ചക്കറി വിളകളും ചീനിയും നെല്ലും മത്സ്യവും... അങ്ങനെ പലതുമായി.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top