06 August Friday

പട്ടികവർഗ കോളനികളിൽ 
സഹായമെത്തിച്ച് ജനീഷ് കുമാർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 13, 2021

മൂഴിയാർ വനമേഖലയിലെ പട്ടികവർഗ കോളനിയിൽ കെ യു ജനീഷ്‌കുമാർ എംഎൽഎ സ്പെഷ്യൽ കിറ്റ്‌ വിതരണംചെയ്യുന്നു

ചിറ്റാർ 
സീതത്തോട് പഞ്ചായത്തിലെ മൂഴിയാർ വനമേഖലയിലെ പട്ടികവർഗ കോളനികൾ സന്ദർശിച്ച കെ യു ജനീഷ്‌കുമാർ എംഎൽഎ കോളനി നിവാസികൾക്ക് പട്ടികവർഗ വികസന വകുപ്പിന്റെ സ്പെഷ്യൽ കിറ്റ്‌ വിതരണംചെയ്തു.
സായിപ്പിൻകുഴി, വേലുത്തോട്, കൊച്ചാണ്ടി, മൂഴിയാർ 40 എന്നീ കോളനി പ്രദേശങ്ങളിലാണ് ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം എംഎൽഎ എത്തിയത്. ഗോതമ്പുനുറുക്ക്, പഞ്ചസാര, തേയില,വെളിച്ചെണ്ണ, സവോള, ഉരുളക്കിഴങ്ങ്, ഉള്ളി, വെളുത്തുള്ളി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കടുക്, കടല, ചെറുപയർ, വൻപയർ, ഉപ്പ്, ബാത്ത് സോപ്പ്, ബാർ സോപ്പ് എന്നിങ്ങനെ 18  ഇനം  സാധനങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കിറ്റ്‌. സിവിൽ സപ്ലൈസിൽനിന്നു ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങൾക്ക് പുറമെയാണ് സ്പെഷ്യൽ കിറ്റ്‌ നൽകിയത്. 
കോളനികളിലെ 18 വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഒരുക്കുമെന്നും എംഎൽഎ ഉറപ്പുനൽകി. കോളനികളിൽ ആർക്കും നിലവിൽ രോഗബാധ ഒന്നുമില്ലെന്ന് ട്രൈബൽ പ്രമോട്ടർ അറിയിച്ചു. വാക്സിനേഷൻ ഭാഗികമായി മാത്രമാണ് നടന്നത്. എല്ലാവർക്കും വാക്സിൻ എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ എംഎൽഎ പഞ്ചായത്ത് പ്രസിഡന്റിന്‌ നിർദേശം നൽകി. മണ്ഡലത്തിലെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും സ്പെഷ്യൽ കിറ്റ് എത്തിച്ചുനൽകും. എല്ലാ കോളനികളിലും കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തുമെന്നും എംഎൽഎ പറഞ്ഞു.
സീതത്തോട് പഞ്ചായത്ത്‌ പ്രസിഡന്റ് ജോബി ടി ഈശോ, റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എസ് സുജ, സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന മുഹമ്മദ്‌ റാഫി, ജില്ലാ ട്രൈബൽ ഡവലപ്പ്മെന്റ്‌ ഓഫീസർ എസ് ബി സുധീർ, പഞ്ചായത്ത്‌  സ്ഥിരം സമിതി അധ്യക്ഷരായ പി ആർ പ്രമോദ്, ശ്രീലജ അനിൽ, പഞ്ചായത്തംഗം രാധാ ശശി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top