18 August Sunday

ഇന്ത്യ ഭരിക്കുന്നത‌് ഭരണഘടനയിൽ വിശ്വാസമില്ലാത്തവർ: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

 കൊടുമൺ/റാന്നി

ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് മന്ത്രി എം എം മണി പറഞ്ഞു. ഐയ്ക്കാട് വടക്കും കുമ്പളാംപൊയ്കയിലും നടത്തിയ  കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.ഇന്ത്യയിൽ ന്യൂനപക്ഷങ്ങളും ദളിതരും ആക്രമിക്കപ്പെടുകയാണ്.ബിജെപി തീവ്രഹിന്ദുത്വം ഉയർത്തി വോട്ട് ചോദിക്കുമ്പോൾ കോൺഗ്രസ് മൃദു ഹിന്ദുത്വവുമായി അതിന്റെ പിന്നാലെയാണ് .മോദി ഒരു ദിവസം ഗംഗാ നദിയിലൂടെ യാത്ര ചെയ്താൽ രാഹുലും പ്രിയങ്കയും രണ്ടു ദിവസം യാത്ര ചെയ്യും.  50 കോടി എന്ന് കേൾക്കുമ്പോൾ വായിൽ വെള്ളമൂറി പിന്നാലെ പോകുന്നവരാണ് കോൺഗ്രസിലെ എംപിമാർ. 
ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് പറയുന്ന കോൺഗ്രസ് നേതാവ‌് എന്തിനാണ‌് ബിജെപിയില്ലാത്ത വയനാട്ടിൽ വന്ന് മത്സരിക്കുന്നതെന്നദ്ദേഹം ചോദിച്ചു.വയനാട് അമേഠിയാക്കുമെന്നാണിപ്പോൾ യൂത്തൻമാർ പറഞ്ഞു നടക്കുന്നത്.അമേഠി മണ്ഡലത്തിൽ 40% വീടുകളിൽ പോലും വൈദ്യുതിയില്ല. ഗ്രാമങ്ങളിൽ കുടിവെളളമില്ല. ഇവിടെ 100 % വൈദ്യുതീകരിച്ച വീടുകളാണുള്ളത്. മഴയുടെ കാഠിന്യമാണ് കേരളത്തിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് കേന്ദ്ര ജലകമീഷനും മദ്രാസ് ഐഐടിയിലെ വിദഗ്ധൻമാരും പഠനം നടത്തി പറഞ്ഞിട്ടുള്ള കാര്യമാണ്. കോൺഗ്രസിലെ വിഡ്ഢികൾ പറയുന്നത് വൈദ്യുതി ബോർഡിന്റെ ലാഭക്കൊതിയാണെന്നാണ്. പ്രളയം മൂലം വൈദ്യുതി ബോർഡിന് 820 കോടിയുടെ നഷ്ടമാണുണ്ടായതെന്നും എം എം മണി പറഞ്ഞു. 
ഐയ്ക്കാട്  ടി സജു അധ്യക്ഷനായി. സി ജി മോഹനൻ സ്വാഗതം പറഞ്ഞു. സിപിഐ എം കൊടുമൺ ഏരിയ സെക്രട്ടറി എ എൻ സലീം, കെ കെ ശ്രീധരൻ, അഡ്വ.സി പ്രകാശ്, എ വിപിൻകുമാർ, കെ കെ അശോക് കുമാർ, ഏഴംകുളം നൗഷാദ്, ഇടത്തിട്ട സത്യൻ, പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ജില്ലാ പഞ്ചായത്തംഗം ബി സതികുമാരി, പഞ്ചായത്തംഗങ്ങളായ പുഷ‌്പലത, എൻ കെ ഉദയകുമാർ, കെ സുഭാഷ് എന്നിവർ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top