06 August Friday

കാട്ടിനുള്ളിലെങ്കിലും 
കൺമണിപോലെ കാക്കും...

തോപ്പിൽ രജിUpdated: Saturday Jun 12, 2021

മൂഴിയാർ സായിപ്പിൻകുഴി ആദിവാസി കോളനിയിൽ രഘുവിന്റെ 
കുടുംബത്തിന്റെ കൃഷി

ചിറ്റാർ
മൂഴിയാർ സായിപ്പിൻകുഴി ആദിവാസി കോളനിയിലെ രഘുവും ഭാര്യ ഓമനയും  പടവെട്ടുന്നത്‌ കോവിഡ്‌ പ്രതിസന്ധികളോടു മാത്രമല്ല. കാട്ടാനയും കാട്ടുപന്നിയുമടക്കമുള്ള വന്യമൃഗങ്ങളോടാണ്‌.  25 സെന്റ്‌ ഭൂമിയിൽ കൃഷിചെയ്‌ത്‌ മൃഗങ്ങൾ നശിപ്പിക്കാതെ ഉറക്കമിളച്ച് കാവലിരുന്ന്‌ ജീവിതമാർഗം കണ്ടെത്തുകയാണ്‌ മലമ്പണ്ടാര വിഭാഗത്തിൽപെട്ട ദമ്പതികൾ. 
വനത്തിനുള്ളിൽ  ജനിച്ചുവളർന്നവരാണ്‌ ഇരുവരും. അഞ്ചു മക്കളാണ്‌ ഇവർക്ക്‌. മൂത്തവരായ രാജേഷും സുധിയും വിവാഹിതരായി. അപ്പുണ്ണിയും രജിത്തും രഞ്ജിനിയും മൂഴിയാർ ഗവ. ട്രൈബൽ യുപി സ്‌കൂൾ വിദ്യാർഥികളാണ്‌. 
ഉൾവനത്തിൽനിന്ന്‌ വിഭവങ്ങൾ ശേഖരിച്ച്‌ പട്ടികവർഗ സൊസൈറ്റികളിലും നാട്ടിൻപുറങ്ങളിലും വിറ്റാണ്‌ മുൻപ്‌ വരുമാനം കണ്ടെത്തിയിരുന്നത്‌. ഇപ്പോൾ വനവിഭവങ്ങൾ നേരത്തെപോലെ കിട്ടാനില്ലാതായി വരുമാനം നിലച്ചതോടെയാണ്‌ കുടിലിനു ചുറ്റുമുള്ള കാടുതെളിച്ച്‌ കൃഷി തുടങ്ങിയത്‌.  ഉണ്ടാക്കുന്നതൊക്കെയും മൃഗങ്ങൾ നശിപ്പിക്കാതെ നോക്കണം. അതിന് കുടിലിനു മുന്നിൽ തീകൂട്ടി കാവലിരിക്കും. പാട്ട കൊട്ടിയും ശബ്ദമുണ്ടാക്കിയും മൃഗങ്ങളെ ഓടിക്കും. എന്നാലും മിക്ക ദിവസവും കൃഷി നശിപ്പിച്ചാണ് അവ കാട്ടിലേക്കു മടങ്ങുന്നത്.
400 മൂട് ചേമ്പ്, 200 മൂട് കാച്ചിൽ, 400 മൂട് കപ്പ, പയർ, പാവൽ, ചീര ഉൾപ്പെടെ പലതരം പച്ചക്കറികൾ, 200 വാഴ എന്നിവയും കൃഷി ചെയ്യുന്നു. 
രാവിലെ മുതൽ രഘുവും ഓമനയും പറമ്പിൽ പണിയെടുക്കും. സമയം കിട്ടുമ്പോൾ മക്കളും അധ്വാനിക്കാനിറങ്ങും. 
കഴിഞ്ഞ ദിവസവും കാട്ടുമൃഗങ്ങൾ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. രാത്രി മിക്ക ദിവസവും കുടിലിനു സമീപത്തു വരെ കാട്ടാനയെത്തും. മ്ലാവ്, പന്നി എന്നിവയും കൃഷിയിടത്തിൽ ഇറങ്ങി നശിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top