28 January Tuesday

ദുരിതത്തിന് അറുതിയായി;അമ്പിളിയെയും മക്കളെയും ഗാന്ധിഭവൻ ഏറ്റെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

അമ്പിളിയെയും മക്കളെയും ഊരുമൂപ്പൻ വി കെ നാരായണൻ, ഐസിഡിഎസ്. ഓഫീസർ കെ ജാസ്മിൻ എന്നിവർ ചേർന്ന് ഗാന്ധിഭവൻ പ്രവർത്തകരെ ഏൽപ്പിക്കുന്നു

 റാന്നി- പെരുനാട‌്

തളർവാതം ബാധിച്ച ആദിവാസി സ്ത്രീയെയും അവരുടെ മകളെയും, പോഷകഹാരക്കുറവുമൂലം അപകടാവസ്ഥയിലായ മകനെയും നിലയ്ക്കൽ ആദിവാസി വനമേഖലയിൽ നിന്നും പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തു. നിലയ്ക്കൽ അട്ടത്തോട് വനത്തിനുള്ളിൽ താമസിച്ചിരുന്ന അമ്പിളി (45), മക്കളായ ചിഞ്ചു (14), അനന്തു (4) എന്നിവരെയാണ് ഏറ്റെടുത്തത്. എട്ടു മക്കളുള്ള അമ്പിളിയുടെ ഭർത്താവ് ഇവരെ ഉപേക്ഷിച്ചുപോയി. ഒന്നരവർഷം മുമ്പ് അസുഖം ബാധിച്ച് ശരീരത്തിന്റെ ഒരു വശം തളർന്ന് കിടപ്പിലായതോടെ ജീവിതം വഴിമുട്ടി. കിസുമം ഹൈസ്‌കൂളിലെ എട്ടാം ക്ലാസ‌് വിദ്യാർത്ഥിനിയായിരുന്ന ചിഞ്ചു അമ്മയെ ശുശ്രൂഷിക്കുന്നതിനായി പഠനം ഉപേക്ഷിച്ചു. ഇളയ കുട്ടി അനന്ദു പോഷകഹാരക്കുറവ് മൂലം  അപകടനിലയിലാണ്. നാല് വയസുള്ള അനന്ദുവിന് ഒരു വയസുകാരന്റെ ശരീരപ്രകൃതമാണുള്ളത്.
യാതൊരു സുരക്ഷയുമില്ലാത്ത ടാർപ്പാളിൻ കൊണ്ട് മൂടിയ കൂരയിലാണ് ഈ അമ്മയും മക്കളും കഴിഞ്ഞുവന്നത്. വശങ്ങൾ തുറന്നുകിടക്കുന്ന ഈ കൂരയിൽ മഴയും മഞ്ഞുമേറ്റാണ് ഇവരുടെ ജീവിതം. ഈ രണ്ട് കുട്ടികളെ കൂടാതെ അമ്പിളിക്ക് ആറ് മക്കൾ കൂടിയുണ്ട്. അവരെല്ലാം വനപ്രദേശങ്ങളിൽ തന്നെ കുടുംബമായും മറ്റും കഴിയുകയാണ്.
രണ്ടു ദിവസം മുമ്പ് പത്തനാപുരം ഗാന്ധിഭവന്റെയും അടൂർ മിത്രപുരം കസ്തൂർബാ ഗാന്ധിഭവന്റെയും നേതൃത്വത്തിൽ അട്ടത്തോട് ട്രൈബൽ എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും മറ്റും സമ്മാനിക്കുന്ന സ്‌നേഹസാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവേദിയിൽ ഐസിഡിഎസ് ശിശുവികസനപദ്ധതി ഓഫീസർ ജാസ്മിനാണ് ഇവരുടെ ദുരിതകഥ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനോട് പറയുന്നത്. അമ്മയുടെയും മക്കളുടെയും ദയനീയചിത്രം ബോദ്ധ്യപ്പെട്ട് ഇവരുടെ സംരക്ഷണവും ചികിത്സയും ഗാന്ധിഭവൻ ഉറപ്പുനൽകുകയായിരുന്നു.  ഐസിഡിഎസ് ഓഫീസർ കെ ജാസ്മിൻ, അങ്കണവാടി അദ്ധ്യാപിക ഡി കെ കുഞ്ഞുമോൾ, എസ്ടി പ്രമോട്ടർ കെ പി യമുന എന്നിവരുടെ നിരന്തരമായ സന്ദർശനവും സഹായവുമാണ് ഇവരുടെ ജീവൻ നിലനിർത്താൻ കാരണമായത്. ഗാന്ധിഭവനുവേണ്ടി പിആർഒ എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം സ്ഥലത്തെത്തി അമ്പിളിയെയും കുട്ടികളെയും പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, മെമ്പർ രാജൻ വെട്ടിക്കൽ,ഊരുമൂപ്പൻ വി കെ നാരായണൻ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഗാന്ധിഭവനിലേക്ക് ഏറ്റെടുത്തു. ഗാന്ധിഭവനിലെ കുട്ടികളും സേവനപ്രവർത്തകരുമെല്ലാം ചേർന്ന് അമ്പിളിയെയും മക്കളെയും ഗാന്ധിഭവനിലേക്ക് സ്വീകരിച്ചു. ഗാന്ധിഭവനിൽ ഡോ. എസ് സത്യശീലന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
അമ്പിളിയെയും മകൻ അനന്തുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് മികച്ച ചികിത്സ നൽകുമെന്നും, ചിഞ്ചുവിന് മുടങ്ങിയ വിദ്യാഭ്യാസം തുടരാനുള്ള സാഹചര്യമൊരുക്കി ഇവരെ ഗാന്ധിഭവന്റെ ശാഖയായ അടൂർ മിത്രപുരം കസ്തൂർബാ ഗാന്ധിഭവനിൽ താമസിപ്പിക്കുമെന്നും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top