22 August Thursday

കുടുംബശ്രീ രുചിമേളം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

 പത്തനംതിട്ട

കുടുംബശ്രീ ജില്ലാ മിഷന്റെയും പത്തനംതിട്ട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ പത്തനംതിട്ട മുനിസിപ്പൽ ടൗൺ ഹാളിൽ രുചിമേളം ഭക്ഷ്യമേളയും ഉൽപന്ന വിപണന മേളയും തുടങ്ങി. പ്രവേശനം സൗജന്യമാണ്.  ഭക്ഷ്യമേളയുടെ ഉദ്ഘാടനം  നഗരസഭാധ്യക്ഷ അഡ്വ.ഗീതാ സുരേഷ് നിർവഹിച്ചു. വിപണന മേളയുടെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭ വൈസ് ചെയർമാൻ എ സഗീർ നിർവഹിച്ചു.  ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ സിന്ധു അനിൽ ആദ്യവിൽപ്പന നിർവഹിച്ചു.കൗൺസിലർ അംബികാ വേണു ഏറ്റുവാങ്ങി. ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി ഈമാസം 14 വരെയാണ് രുചിമേളം സംഘടിപ്പിച്ചിട്ടുള്ളത്. 
 
കലർപ്പില്ലാതെയും മായം കലരാതെയും തയാറാക്കുന്ന രുചികരമായ ഭക്ഷണ വസ്തുക്കളോടൊപ്പം ജില്ലയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ ഉൽപാദിപ്പിച്ച മൂല്യവർധിത ഭക്ഷണ പദാർഥങ്ങളുടെയും നാടൻ ഉൽപന്നങ്ങളുടെയും പ്രദർശനവും വിപണനവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ ദിവസവും വിവിധ ഇനം ഭക്ഷണ പദാർഥങ്ങളാണ് അവതരിപ്പിക്കുക. വൈവിധ്യമാർന്ന ബീഫ്, ചിക്കൻ വിഭവങ്ങളാണ് ഭക്ഷ്യ മേളയിലെ ആകർഷണം. നാലു ദിവസവും ഉച്ചയ്ക്ക് ഊണ്, ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവ ലഭിക്കും. 
ചിരട്ട കൊണ്ടുള്ള ഉൽപന്നങ്ങളാണ് മറ്റൊരു ആകർഷണം. കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ ഉണ്ടാക്കിയ കലർപ്പില്ലാത്ത അച്ചാറുകളും പലഹാരങ്ങളും മേളയിൽ ലഭിക്കും. ഭക്ഷ്യ സംസ്‌കാരത്തെ ആരോഗ്യ പൂർണമാക്കുക, ജനങ്ങളെ ബോധവത്കരിക്കുക, കുടുംബശ്രീ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുക, ഭക്ഷ്യ ഉൽപന്നങ്ങളുടെ പ്രചാരം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ  കോ-ഓർഡിനേറ്റർ കെ വിധു പറഞ്ഞു. 
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജാസിംകുട്ടി അധ്യക്ഷനായി. സജി കെ സൈമൺ,  റോസ്‌ലിൻ സന്തോഷ്, സജിനി മോഹൻ, അൻസാർ മുഹമ്മദ്,  അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ വി എസ് സീമ, മണികണ്ഠൻ, കെ എച്ച് സലീന, സിഡിഎസ് ചെയർപേഴ്സൺ മോനി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top