22 August Thursday

കാലവർഷക്കെടുതി: ജില്ലയിൽ 7 വീടുകൾക്ക് നാശം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

 പത്തനംതിട്ട

കാലവർഷക്കെടുതിയിൽ ജില്ലയിൽ ഏഴ്‌ വീടുകൾക്ക്  നാശനഷ്ടമുണ്ടായി. നിരണം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ വാഴയിൽ വീട്ടിൽ കുഞ്ഞുമോന്റെ വീട് മരം വീണ് ഭാഗീകമായി തകർന്നു. വീട്ടുവളപ്പിൽ നിന്നിരുന്ന മഞ്ചാടി മരമാണ് കടപുഴകി വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ വീണത്. വീടിനുളളിൽ ഉണ്ടായിരുന്ന കുഞ്ഞുമോന്റെ മകൾ സജിനിക്ക് പരിക്കേറ്റു. 
മല്ലപ്പളളി താലൂക്കിൽ ആനിക്കാട് പുള്ളോലിക്കൽ വീട്ടിലെ പി കെ രാജുവിന്റെ വീട്ടിലേക്ക് പുരയിടത്തിൽനിന്ന പ്ലാവിന്റെ ശിഖരം ഒടിഞ്ഞു വീണ് വീടിന് കേടുപാടുണ്ടായി. കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ നീർവിളാകത്ത് വീട്ടിൽ ബിജുവിന്റെ വീടിന് മുകളിൽ മരം വീണ് വീടിന് നാശനഷ്ടമുണ്ടായി. കോന്നി ബ്ലോക്കിലെ മൈലപ്ര പഞ്ചായത്തിൽ കൃഷിക്ക് നാശനഷ്ടം സംഭവിച്ചു. 1000 വാഴ, 250 മൂട് കപ്പ, 100 റബ്ബർ മരങ്ങൾ എന്നിവ മഴയിലും കാറ്റിലും നശിച്ചു.
കാറ്റിലും മഴയിലും മരച്ചില്ല ഒടിഞ്ഞുവീണ് എലിമുള്ളുംപ്ലാക്കൽ വടക്കേക്കര ശശിയുടെ വീടിന്റെ മേൽക്കൂര തകർന്നു. അടുത്ത പറമ്പിലെ റബർ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണാണ്‌്‌ അപകടം. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ‌് കാറ്റും  മഴയും നാശമുണ്ടാക്കിയത‌്. മരത്തിന്റെ ശിഖരം  മേൽക്കൂര തുളച്ച് വീടിനുള്ളിൽ കുത്തിനിന്നു. വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഹാളിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
പന്തളം കടയ്ക്കാട് ഭാഗങ്ങളിൽ ചുഴലിക്കാറ്റിൽ വ്യാപകനാശം   ഉണ്ടായി. രാവിലെ 10 ന‌്  മഴയ്ക്ക് ഒപ്പമാണ് ചുഴലിക്കാറ്റ് വീശിയത്. കടയ്ക്കാട് വസന്തഭവനിൽ ശിവകുമാറിന്റെ വീടിന്റെ മുകളിലേക്ക് ആഞ്ഞിലി ഒടിഞ്ഞുവീണ് മേൽക്കൂര പൂർണ്ണമായും തകർന്നു. കടയ്ക്കാട് കുഴിമണ്ണിൽ വടക്കേതിൽ ഫാത്തിമുത്തിന്റെ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നുപോയി. ഇതിനടുത്തുള്ള മദീനത്തിൽ പുത്തൻവീട്ടിൽ ഹനീഫയുടെയും വീടിന്റെ ഷീറ്റുകളും പറന്നുപോയി.
പന്തളത്ത് എം സി റോഡിൽ അമ്പലത്തിനാൽ ചുര ജങ‌്ഷന് സമീപം മാവിൻ കൊമ്പ് ഒടിഞ്ഞുവീണ് ഇരുചക്രവാഹന യാത്രക്കാരിക്ക് പരിക്ക്. കുടശ്ശനാട് വടക്കേഭാഗത്ത് ആരാധന(29)യ‌്ക്കാണ‌് പരിക്കേറ്റത്. പന്തളത്ത് നിന്ന് കുരമ്പാലക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ആരാധനയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.'
 
പ്രധാന വാർത്തകൾ
 Top