17 August Saturday
പുത്തൻ പ്രതീക്ഷയായ‌്

വീണാ ജോർജ് റാന്നിയിലെ പര്യടനം പൂർത്തിയാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Apr 11, 2019

 റാന്നി 

കിഴക്കൻ മലയോര മേഖലയെ ആവേശത്തിലാഴ്ത്തി എൽഡിഎഫ് പത്തനംതിട്ട ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി വീണാ ജോർജ് റാന്നിയിലെ പര്യടനം പൂർത്തിയാക്കി. പട്ടയ പ്രശ്നവും കാർഷികവിളകൾക്കും മനുഷ്യർക്കും നേരെയുള്ള കാട്ടുമൃഗങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് പുത്തൻ പ്രതീക്ഷയായി വീണ ജോർജ് മാറി. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാനും അത് കേന്ദ്രസർക്കാരിൽ സമ്മർദംചെലുത്തി നേടിയെടുക്കാനും വീണാ ജോർജിന് ആവും എന്ന് ഉറപ്പാണ് ഇവിടെയുള്ള സ്വീകരണകേന്ദ്രങ്ങളിൽ ആബാലവൃദ്ധം ജനങ്ങളും ഒഴുകിയെത്തിയത്. പട്ടയ പ്രശ്നവും അതോടൊപ്പം കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം ഒരു കൃഷിയും ചെയ്യാൻ പറ്റാത്ത അവസ്ഥയും റബറിന്റെ വില കുറവും ഇവിടുത്തെ കർഷകരെ ആകെ നട്ടംതിരിച്ചിരിക്കുകയാണ്. 
റാന്നിയുടെ കിഴക്കൻ അതിർത്തിയായ ചാത്തൻതറയിൽ നിന്നാണ് സ്ഥാനാർത്ഥി സ്വീകരണം പകൽ രണ്ടരയോടെ ആരംഭിച്ചത്.  വാദ്യലോഷങ്ങളുടേയും നൂറ് കണക്കിന് ബൈക്കുകളുടെയും അകമ്പടിയോടെയാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ വരവേറ്റത്. വെൺകുറിഞ്ഞിയിൽ ഓലത്തൊപ്പി വച്ചും റാന്നിയിൽ ബലൂണുകൾ നിറച്ചും താലപ്പൊലിയുടെ അകമ്പടിയോടെയും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ഉതിമൂട്ടിൽ സി കെ പൊന്നമ്മ, കാർത്യായനി എന്നിവർ ആദിവാസി രൂപമായ പുറമാടി വേഷമണിഞ്ഞാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. വെച്ചുച്ചിറ, പഴവങ്ങാടി, റാന്നി, അങ്ങാടി പഞ്ചായത്തുകളിലുടെ  മോതിരവയലിൽ സമാപിച്ചു. രാജു എബ്രഹാം എംഎൽഎ, എൽഡിഎഫ് കൺവീനർ എം വി വിദ്യാധരൻ, പി എസ് മോഹനൻ, എസ് ഹരിദാസ്, കോമളം അനിരുദ്ധൻ, പി ആർ പ്രസാദ്, അഡ്വ. ബേബിച്ചൻ വെച്ചൂച്ചിറ, അഡ്വ. മനോജ് ചരളേൽ, പാപ്പച്ചൻ കൊച്ചു മേപ്പുറത്ത്, ബിനു തെള്ളിയിൽ, വി പ്രസാദ്, ജോസ് കുമ്പളന്താനം, എബ്രഹാം കുളമട, ജൈനമ്മ തോമസ്, രജീവ് താമരപള്ളിയിൽ, റെജി കൈതവന, ലാൽജി ഏബ്രഹാം എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top