21 January Tuesday

ഒരു ദശകത്തെ കാത്തിരിപ്പ‌് സഫലമാകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019

നിർമാണം‐ പുരോഗമിക്കുന്ന കാവനാൽക്കടവിൽ പാലത്തിന്റെ അപ്രോച്ച്‌ റോഡ്‌ മാത്യു ടി തോമസ്‌ എംഎൽഎയും എൽഡിഎഫ്‌ നേതാക്കളും സന്ദർശിക്കുന്നു

 മല്ലപ്പള്ളി

ആനിക്കാട്മ, ല്ലപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറ്റിലെ കാവനാൽക്കടവിൽ 2011ൽ ആരംഭിച്ച പാലത്തിന്റെ നിർമാണം ഒരു ദശകത്തിന് ശേഷം പൂർത്തിയാകുന്നു. പലതവണ പ്രവൃത്തികൾ നിലച്ച പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്.  ഇരുകരകളിലെയും അപ്രോച്ച് റോഡുകളുടെ ടാറിങ‌് ജോലികളും സംരക്ഷണ വേലി സ്ഥാപിക്കലും, പെയിന്റിങ‌് ജോലികളും മാത്രമാണ് ഇനി അവേശഷിക്കുന്നത്.  കാലവസ്ഥ അനുകൂലമായാൽ ഒരു മാസത്തിനുള്ളിൽ പാലം സഞ്ചാരയോഗ്യമാകും.  
ചൊവ്വാഴ‌്ച രാവിലെ നിർമാണ പ്രവൃത്തികൾ വിലയിരുത്താൻ അഡ്വ. മാത്യു ടി തോമസ് എംഎൽഎ സ്ഥലത്തെത്തി.  2011 ജനുവരി 28ന് ശിലാസ്ഥാപനം നടത്തി നിർമാണം ആരംഭിച്ചെങ്കിലും 2013 ജൂണിൽ പണികൾ നിലച്ചിരുന്നു. പിന്നീട് 2015ൽ സർക്കാർ പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരാരംഭിച്ചെങ്കിലും അവസാനഘട്ടത്തിൽ കരാറുകാരൻ പണികൾ ഉപേക്ഷിച്ചതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമായി. ഇതിനിടെ പ്രതിഷേധങ്ങളും സമരപരമ്പരകളും നാട്ടുകാരുടെ അമർഷവും ശക്തമായിരുന്നു. അഡ്വ. മാത്യു ടി തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ തലസ്ഥാനത്തും മറ്റും ഉന്നതതലയോഗം ചേർന്ന് പൂർത്തീകരണ നടപടികൾ ആവിഷ്‌ക്കരിച്ചിരുന്നു. തുടർന്ന് സർക്കാരിൽ സമ്മർദം ചെലുത്തി അധികമായി അനുവദിച്ച 98.46 കോടി രൂപ ചെലവഴിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. 
നബാർഡ് വകയിരുത്തിയ തുക മതിയാകാതെ വന്നതോടെ സംസ്ഥാന സർക്കാർ തീരുമാനപ്രകാരം പ്രത്യേക അക്കൗണ്ട്‌ഹെഡ് തുറന്നാണ് പാലത്തിന് അവശ്യമായ പ്രവൃത്തികൾക്ക് അധികതുക അനുവദിച്ചത്. ഇതിനിടെ പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെണ്ടർ നടപടികൾ സ്വീകരിച്ച് പൂർത്തിയാകാതെ കിടന്ന ആനിക്കാട്ട് കരയിലെ സംരക്ഷണഭിത്തിയും അപ്രോച്ചുറോഡുമാണ് ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം പാലത്തിന്റെ പടിഞ്ഞാറെ സംരക്ഷണഭിത്തിയോട് ചേർന്നുള്ള ആനിക്കാട് ശിവപാർവ്വതി ക്ഷേത്രത്തിലെ ആറാട്ടുകടവിലേക്കുള്ള റോഡിന്റെ കോൺക്രീറ്റിങ‌് പണികളും ആരംഭിച്ചിട്ടുണ്ട്.  അഞ്ച് സ്പാനുകളിലായി നിർമിച്ച പാലത്തിന്റെ മല്ലപ്പള്ളി പഞ്ചായത്തിലെ ഭാഗം നേരത്തെ പൂർത്തിയാക്കിയിരുന്നു. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടുകൂടി ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയോജനംചെയ്യുമെന്ന് എംഎൽഎ പറഞ്ഞു.  മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, പഞ്ചായത്ത് അംഗങ്ങളായ പ്രകാശ്കുമാർ വടക്കേമുറി, ജേക്കബ് തോമസ്, എൽഡിഎഫ് ജില്ലാ കൺവീനർ അലക്‌സ് കണ്ണമല, പഞ്ചായത്ത് കൺവീനർ രാജൻ എം ഈപ്പൻ, എം രാജൻ, സുരേഷ് ചെറുകര, നീരാഞ്ജനം ബാലചന്ദ്രൻ, പി ജി ഹരികുമാർ, സി ടി തങ്കച്ചൻ, സലീം വായ്പ്പൂര്, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ബിജി തോമസ്, അസി. എൻജിനീയർ രൂപക് ജോൺ, ഓവർസിയർ എ എസ് ശരത്, കരാറുകാരൻ ജോർജ‌് കുരുവിള എന്നിവരും സന്നിഹിതരായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top