16 June Sunday

ജേക്കബ് -ബാസ്റ്റോ റോഡുകളുടെ നിർമാണോദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Sunday Mar 10, 2019

 മല്ലപ്പള്ളി 

ജേക്കബ് - ബാസ്റ്റോ റോഡുകളുടെ നിർമാണ ഉദ്ഘാടനം വായ്പൂരിൽ വൈദ്യുതി മന്ത്രി എം എം മണി നിർവഹിച്ചു. വികസനത്തിനുള്ള ഏറ്റവും പ്രായോഗിക മാർഗമാണ് കിഫ്ബി വികസന നിധിയെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ചെലവാക്കുന്ന തുക ജനങ്ങളുടെ  പണമാണ്. നാടിന്റെ പുരോഗതിയാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. കിഫ്ബി പദ്ധതി നടപ്പാക്കുന്നത് നാടിന്റെ സമഗ്ര വികസനത്തിനു വേണ്ടിയാണ്. അൻപതിനായിരം കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്ബി മുഖേന നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഒട്ടും തന്നെ ഇല്ലാതെ ചെറുവള്ളിയിലെ നിർദിഷ്ട വിമാനത്താവളത്തിന്റെ നിർമാണ പ്രവൃത്തനങ്ങൾ നടത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് യോഗത്തിൽ അധ്യക്ഷനായ രാജു എബ്രഹാം എംഎൽഎ പറഞ്ഞു. എയർപോർട്ട് യാഥാർഥ്യമാകുമ്പോൾ ഇരുപത് കിലോമീറ്റർ ചുറ്റളവിലുള്ള ജനങ്ങൾക്ക് നേരിട്ട് വളർച്ചയുണ്ടാവും. ദീർഘ വീക്ഷണത്തോടെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. അനുമതി ലഭിച്ച എല്ലാ റോഡുകളുടെയും സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായെന്നും അദ്ദേഹം  പറഞ്ഞു.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനുഭായി മോഹൻ, കോട്ടാങ്ങൽ  പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ, വൈസ് പ്രസിഡന്റ് കെ എം മുഹമ്മദ് സലിം, കോട്ടാങ്ങൽ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ സി ആർ വിജയമ്മ, പഞ്ചായത്തംഗങ്ങളായ എൽസി ചാക്കോ, ജോസ് പ്രകാശ്, ദീപ്തി ദാമോദരൻ, ഇ കെ അജി, ആനി രാജു, മല്ലപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ സി ടി സാബു, ബാങ്ക് പ്രസിഡന്റ് കെ സതീശ്, സെക്രട്ടറി ടി എ എം ഇസ്മയിൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ  തുടങ്ങിയവർ പങ്കെടുത്തു.
വിമാനത്താവളം സാധ്യമാകുന്നതോടെ പ്രദേശങ്ങളെ വിമാനത്താവളവുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജേക്കബ്- ബാസ്റ്റോ  റോഡുകൾ നവീകരിക്കുന്നത്. റാന്നി-എരുമേലി ടൗണുകളെ ബന്ധിപ്പിക്കുന്ന 17.5 കിലോമീറ്റർ ദൈർഘ്യം വരുന്നതാണ് ജേക്കബ് - ബാസ്റ്റോ റോഡ്.  കിഫ്ബി പദ്ധതിയിൽ നിന്ന് അനുമതി ലഭിച്ച 36  കോടി രൂപ മുടക്കിയാണ് റോഡ് നിർമ്മിക്കുക. പാടിമൺ- വായ്പൂര്-കോട്ടാങ്ങൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ജേക്കബ് റോഡ്. ചുങ്കപ്പാറ- പെരുമ്പെട്ടി- ചാലാപ്പള്ളി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ‌് ബാസ്റ്റോ റോഡ്.                    
 
പ്രധാന വാർത്തകൾ
 Top