22 September Tuesday

തോരാതെ മഴ, പ്രളയം

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

കനത്ത മഴയിൽ പമ്പാ ത്രിവേണിയിൽ വെള്ളം കയറിയപ്പോൾ

 പത്തനംതിട്ട

ആധിയും ആശങ്കയും വിതച്ച്‌ തോരാതെ മഴ. ജില്ലയുടെ തീരദേശങ്ങളിൽ ഏതാണ്ടിടങ്ങളിലെല്ലാം വെള്ളമേറി‌. ജില്ലയിലെ നദികളെല്ലാം കരയ്‌ക്കൊപ്പമെത്തി ഒഴുകുകയാണ്‌‌. റെഡ്‌ അലർട്ടോടെയാണ്‌‌ വെള്ളിയാഴ്‌ച കടന്നുപോയത്‌. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ ദുരിതംകൂടി എങ്ങനെ നേരിടുമെന്ന ഭീതിയിലാണ്‌ നാടെങ്ങും. സർക്കാരിന്റെയും ജില്ലാ ഭരണ കേന്ദ്രത്തിന്റെയും അടി‌ക്കടിയുള്ള മുന്നറിയിപ്പും ജാഗ്രതാ നിർദേശവും ജനത്തിന്‌‌ ആശ്വാസമായി. ദുരിത സാധ്യതാ പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതൽ നടപടികൾ ആരംഭിച്ചിരുന്നു.
 മൂഴിയാർ, മണിയാർ അണക്കെട്ടുകൾ പെട്ടെന്ന്‌ തുറക്കേണ്ടി വന്നതിനാൽ പമ്പയാറിലെ ജലനിരപ്പ്‌ പൊടുന്നനെയാണ്‌ ഉയർന്നത്‌. രാവിലെതന്നെ പമ്പയുടെ തീരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിരുന്നു. റാന്നി ടൗണും ചുറ്റുപ്രദേശങ്ങളും ഉച്ചയോടെ വെള്ളം കയറി. പമ്പയിലെ വെള്ളമേറ്റം ജില്ലയുടെ‌ പടിഞ്ഞാറൻ മേഖലയെയും ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്‌‌. അച്ചൻകോവിലാറും കലങ്ങി നിറഞ്ഞൊഴുകയാണ്‌. ആറ്റിലൂടെ ഒഴുകവന്ന ആനക്കുട്ടിയുടെ ജഡം പന്തളത്ത്‌ പാലത്തിനടിയിൽ അടിഞ്ഞു. കോന്നിയിൽ മുരിങ്ങമംഗലം പാലത്തിൽനിന്ന്‌ ആറ്റിൽ ചാടിയ യുവാവിനെ ഇനിയും കിട്ടിയിട്ടില്ല.
മണിമലയാറ്റിലും ക്രമാതീതമായി വെള്ളം ഉയരത്തിലാണ്‌. മണ്ണിടിച്ചിൽ ഭീഷണിമൂലം ജനവാസ മേഖലയിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു.
ജില്ലയുടെ കിഴക്ക്‌ വന പ്രദേശത്ത്‌ പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായെന്നാണ്‌ സൂചന. എല്ലാ മേഖലയിലും കൃഷിയിടങ്ങൾക്കും കൃഷിക്കും വ്യാപക നാശമുണ്ടായിട്ടുണ്ട്‌.
കക്കാട്ടാറും കവിഞ്ഞു
ചിറ്റാർ
കിഴക്കൻ മേഖലയിൽ തുടരുന്ന ശക്തമായ മഴ മൂലം കക്കാട്ടാറും പമ്പയും നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നു.മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതിനാൽ ആങ്ങമൂഴി കൊച്ചാണ്ടി പ്രദേശത്തെ ആറിനോടു ചേർന്ന വീടുകളിൽ വെള്ളം കയറി.
കക്കാട്ടാറ്റിലെ അള്ളുങ്കൽ, മുതലവാരം എന്നീ ചെറിയ ഡാമുകൾ കവിഞ്ഞ് വെള്ളം ഒഴുകുന്നുണ്ട്. മണിയാർ ഡാമിന്റെ അഞ്ച് ഷട്ടറും ഉയർത്തി വെള്ളം ഒഴുക്കി വിടുന്നു. തുലാപ്പള്ളിയിൽ അറയാഞ്ഞിലിമൺ കോസ്‌വേയും പെരുനാട് മുക്കം കോസ്‌വേയും പൂർണമായും വെള്ളത്തിൽ മുങ്ങി. അറയാഞ്ഞിലിമണിൽ പുതിയ പാലത്തിന്‌ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോസ്‌‌വേ ആയിരുന്നു ഏക സഞ്ചാരമാർഗം.
സീതത്തോട് മാർക്കറ്റ് ജങ്‌ഷനിൽ കക്കാട്ടാറിലെ വെള്ളം കയറിയിട്ടുണ്ട്. ചിറ്റാർ ശ്രീകൃഷ്ണ അമ്പലം ഭാഗത്ത് വെള്ളം കയറിയ നിലയിലാണ്. മണക്കം ഭാഗത്ത് കക്കാട്ടാർ കരകവിഞ്ഞ് ഒഴുകുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top