20 September Friday

ഡോ.സാമുവേൽ മാർ ഐറേനിയോസ് ഇന്ന‌് ചുമതലയേൽക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

 

പത്തനംതിട്ട
മലങ്കര കത്തോലിക്കാ സഭ ഭദ്രാസനാധ്യക്ഷനായി ഡോ.സാമുവേൽ മാർ ഐറേനിയോസ് ശനിയാഴ‌്ച ചുമതലയേൽക്കും. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ രാവിലെ 7.30 ന് സ്ഥാനമൊഴിയുന്ന ബിഷപ്പ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ദിവ്യബലിയർപ്പിക്കുന്നതോടെ സ്ഥാനാരോഹണ ശുശ്രൂഷകൾ ആരംഭിക്കും, സഭാധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും. സഭയിലെ മറ്റ് മെത്രാപ്പോലീത്തമാർ സഹകാർമികരാകും. തുടർന്ന് യാത്രയയപ്പ് , അനുമോദന സമ്മേളനങ്ങൾ എന്നിവ നടക്കും. പത്തനംതിട്ട ഭദ്രാസനത്തിലെ കടമ്മനിട്ട സെന്റ് ജോൺസ് ഇടവകാംഗമാണ് പുതിയ ഭദ്രാസനാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ്. കടമ്മനിട്ട സർക്കാർ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം സെന്റ് അലോഷ്യസ്, ആലുവ സെന്റ് ജോസഫ് എന്നീ സെമിനാരികളിൽ വൈദിക പഠനം പൂർത്തിയാക്കി. 1978 ഡിസംബറിൽ ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്ന‌് വൈദികപട്ടം സ്വീകരിച്ചു.  2010 ൽ തിരുവന്തപുരം മേജർ അതിഭദ്രാസനത്തിന്റെ സഹായമെത്രാനായി നിയോഗിക്കപ്പെട്ടു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് പത്തനംതിട്ട ഭദ്രാസനത്തിൽ പിന്തുടർച്ചാവകാശമുള്ള ബിഷപ്പായി ചുമതലയേറ്റത്.നിലവിൽ കെസിബിസി (കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ) വൈസ് പ്രസിഡന്റാണ്. 
പ്രധാന വാർത്തകൾ
 Top