27 June Thursday

ജനറൽ ആശുപത്രി വളപ്പിലെ തണൽ മരം വീണു; വൻ അപകടം ഒഴിവായി

വെബ് ഡെസ്‌ക്‌Updated: Saturday Jun 8, 2019

 പത്തനംതിട്ട

ജനറൽ ആശുപത്രി വളപ്പിൽനിന്ന തണൽ മരം പിഴുതുവീണു; വൻ അപകടം ഒഴിവായി. മരംവീണ‌് ഒരു കാർ തകർന്നു. 
വെള്ളിയാഴ‌്ച പകൽ പത്തരയോടെയാണ‌് സംഭവം. ഡിവൈഎഫ‌്ഐ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന കേന്ദ്രത്തിന‌് സമീപംനിന്ന മരമാണ‌് പിഴുതുവീണത‌്. ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനായി നിർമിച്ച ഷെഡിന‌് മുക‌ളിൽ മരത്തിന്റെ ശിഖരങ്ങൾ തങ്ങിനിന്നതിനാൽ സാവധാനമാണ‌് മരം വീണത‌്. ഇതിനാൽ സമീപമുണ്ടായിരുന്ന ആളുകൾക്ക‌് ഓടിമാറാൻ കഴിഞ്ഞു. സംഭവം അൽപനേരം ആളുകളെ പരിഭ്രാന്തിയിലാഴ‌്ത്തി. ഈ സമയം രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും വലിയ തിരക്കുണ്ടായിരുന്നു. മാത്രമല്ല, ഉച്ചക്കഞ്ഞി വാങ്ങാനായി ആളുകൾ ഇവിടെ ക്യൂവിലും ഉണ്ടായിരുന്നു. പിഴുതുവീണ മരം ഡിവൈഎഫ‌്ഐയുടെ ഭക്ഷണപ്പൊതി കേന്ദ്രത്തിന്റെയും കുടുംബശ്രി കോഫി സ‌്റ്റാളിന്റെയും ഷെഡിന‌് മുകളിൽ തങ്ങി പൂർണമായി താഴെ വീഴാതെ നിന്നു. മരത്തിന്റെ മുകളിലത്തെ ശിഖരങ്ങളാണ‌് ഇവിടെ നിർത്തിയിട്ടിരുന്ന കാറിന‌് മുകളിൽ പതിച്ചത‌്. അട്ടച്ചാക്കൽ സ്വദേശിയുടേതാണ‌് കാർ. കാർ പൂർണമായി തകർന്നു.   പിന്നീട‌് ഫയർഫോഴ‌്സെത്തി മരം മുറിച്ച‌് മാറ്റുന്നതിനിടെ ഭക്ഷണപ്പൊതി വിതരണ ഷെ‌ഡ‌് പൂർണമായി തകർന്നു. വീണാ ജോർജ‌് എംഎൽഎ, നഗരസഭ ചെയർപേഴ‌്സൺ ഗീത സുരേഷ‌്, വൈസ‌് ചെയർമാൻ എ സഗീർ, വാർഡ‌് കൗൺസിലർ പി കെ ജേക്കബ‌് തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top