കൊടുമൺ
കലഞ്ഞൂരിൽ യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ. കലഞ്ഞൂർ കുടുത്ത കനാൽ ഭാഗത്ത് താമസക്കാരനായ രാജന്റെ മകൻ അനന്തു (28) നെയാണ് കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളത്തിൽ നിന്നെടുത്ത മൃതദേഹത്തിൽ പലയിടങ്ങളിലും മുറിഞ്ഞപാടുകളുണ്ട് . തലയിലും ആഴത്തിൽ മുറിപ്പാ ടുകൾ കാണാം. കെഐപി കനാലിൽ കാരുവേലിഭാഗത്താണ് മൃതദേഹം കിടന്നത്. ഏകദേശം 500 മീറ്റർ ദൂരത്തിൽ കരയിൽ പാറപ്പുറത്ത് രക്തം കെട്ടിക്കിടപ്പുണ്ട്. പ്ലാന്റേഷൻ കോർപ്പറേഷൻ റബർ എസ്റ്റേറ്റിലെ കുടുത്ത ലെയ്ൻസിന് സമീപമുള്ള ചെറിയ വെള്ളച്ചാലിനടുത്ത പാറകളിലാണ് രക്തം തളം കെട്ടിക്കിടക്കുന്നത് . അവിടം മുതൽ ഏകദേശം 250 മീറ്റർ താഴെ കനാൽ പാലത്തിന് സമീപം വരെ നടവഴിയുടെ പല ഭാഗങ്ങളിലും നിലത്ത് രക്‌തം വീണ പാടുകളുണ്ട്. കനാൽ പാലത്തിന് സമീപത്തുനിന്ന് മുടിയിഴകളും കണ്ടെത്തി. പാലത്തിനടിയിൽ നിന്നും അനന്തുവിന്റെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വയറിങ് തൊഴിലാളിയായഅനന്തുവിനെ കാണാതായത്.
ജോലിയില്ലാത്ത ദിവസങ്ങളിലും ജോലിക്കു പോയിട്ട് വന്നു കഴിഞ്ഞാലും കൂട്ടുകാരോടൊത്ത് പാറയ്ക്ക് സമീപം ഒത്തുകൂടുക പതിവായിരുന്നു. അതുകൊണ്ട് രാത്രിയിൽ വീട്ടുകാരു ശ്രദ്ധിച്ചിരുന്നില്ല. രാവിലെയും വീട്ടിലെത്താതെ വന്നപ്പോഴാണ് വീട്ടുകാരും നാട്ടുകാരു ചേർന്ന് അന്വേഷിക്കാൻ തുടങ്ങിയത്. തുടർന്ന് കൂടൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ചൊവ്വാഴ്ച പകൽ 11 മഓടെയാണ് കാരുവേലിൽ ഭാഗത്ത് കനാലിൽ ശവം അടിഞ്ഞു കിടക്കുന്നത് കണ്ടത്. കൂടൽ പൊലീസ് സ്ഥലത്തെത്തി ശവം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം കണ്ടെത്താൻ കഴിയു. അതേസമയം മകന്റെ മരണം കൊലപാതകമാണെന്ന് മാതാവ് പി അംബികയും പിതാവ് രാജനും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..