24 October Thursday

മഹിളാ മന്ദിരത്തിൽ ഓണക്കോടിയുമായി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

 കോഴഞ്ചേരി 

എംഎൽഎ ഓണക്കോടിയുമായി എത്തിയപ്പോൾ മഹിളാമന്ദിരം സദ്യയൊരുക്കി വരവേറ്റു.  കോഴഞ്ചേരി കീഴുകര മഹിളാമന്ദിരത്തിലെ അന്തേവാസികൾക്ക് സാരിയും ചുരിദാറുമടങ്ങുന്ന പുതുവസ്ത്രങ്ങൾ നൽകി വീണാ ജോർജ് എംഎൽഎ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷനായി.
സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ 2000ലാണ്‌ കോഴഞ്ചേരി പഞ്ചായത്തിലെ കീഴുകരയിൽ മഹിളാമന്ദിരം ആരംഭിച്ചത്. കഴിഞ്ഞ 18 വർഷത്തിനിടെ വിവിധ കാരണങ്ങളാൽ അനാഥരാക്കപ്പെട്ട നിരവധി പേരെ സനാഥരാക്കാനും സമൂഹത്തിൽ മുന്നിലെത്തിക്കാനും സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. കുടുംബങ്ങളിലുള്ളപോലെ വ്യക്തി ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന കരുതലും സ്‌നേഹവുമായി സ്ഥാപനം മാറുന്നു. നിരവധി അന്തേവാസികളെ സുമംഗലികളാക്കി കുടുംബജീവിതത്തിലേക്ക്‌ കൈപിടിച്ചുയർത്താനും സാമൂഹ്യ സാംസ്കാരികമേഖലകളിൽ സമഗ്രസംഭാവന നൽകാനും കഴിഞ്ഞു.
ഈ ചാരിതാർത്ഥ്യത്തോടെയാണ്‌ അവർ ഇക്കുറി ഓണം ആഘോഷിച്ചത്. നിലവിൽ ഇരുപത് അന്തേവാസികളും  അഞ്ച് ജീവനക്കാരുമുണ്ട്.
വ്യത്യസ്‌ത കാരണങ്ങളാൽ മഹിളാമന്ദിരത്തിലെത്തിയ 18 നും 45 വയസിനുമിടയിൽ പ്രായമുള്ളവരാണ് അന്തേവാസികൾ. ഇവരോട്‌ എക്കാലവും സ്നേഹവും കരുതലുമുള്ള വീണാ ജോർജ് എംഎൽഎ ഇക്കുറി ഇവർക്കൊപ്പം ഓണം ആഘോഷിക്കുകയായിരുന്നു. 
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷനായി. കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ബി ബിനു, കെജിഒഎ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് വി എസ് ബിന്ദു, ജനപ്രതിനിധികളായ കെ എസ് പാപ്പച്ചൻ, ബിജിലി പി ഈശോ, എം ബി സത്യൻ, പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനിയർ അനൂപ് ജോൺ, ജില്ലാ സാമൂഹികക്ഷേമ വകുപ്പ് ഓഫീസർ എൽ ഷീബ, മഹിളാമന്ദിരം സൂപ്രണ്ട് പ്രിയ ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top