17 January Friday
വീട് നിർമാണത്തിന്‌ ഇരട്ട ആനുകൂല്യം

ഡിവൈഎഫ്ഐ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

 പന്തളം

വീട് നിർമാണത്തിന്റെ പേരിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റിയത് നഗരസഭ കൗൺസിലറുടെ അറിവോടെയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം. ബുധനാഴ്ച  ഡിവൈഎഫ്ഐ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചതിനെ തുടർന്നാണ് തീരുമാനം. പന്തളം നഗരസഭ 25–ാം ഡിവിഷനിലെ പൂഴിക്കാട് ഉണ്ണി വിലാസത്തിൽ തുളസി വീട് പണിയാൻ ഇരട്ട ആനുകൂല്യം കൈപ്പറ്റിയതായാണ് പരാതി. 
2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് സംസ്ഥാന സർക്കാർ കെയർ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകിയിരുന്നു. ഈ കുടുംബത്തിന് തന്നെയാണ് പന്തളം നഗരസഭയിൽനിന്ന്‌ 2017–-18 ലെ ഭവന നിർമാണ പദ്ധതിയിൽ ആനുകൂല്യം ലഭിച്ചത്. സഹകരണ വകുപ്പ് കുരമ്പാല സർവീസ് സഹകരണ ബാങ്ക് വഴി നാല്‌  ലക്ഷം രൂപയും റവന്യൂ വകുപ്പ് 95000 രൂപയും  വീട് നിർമാണത്തിന്‌ നൽകി. ഇതേ സമയം കൗൺസിലർ ഇടപെട്ട് ഫണ്ട് നൽകിയതിൽ ദുരൂഹതയുണ്ട്. നഗരസഭ നാല്‌ ഘട്ടമായാണ് ഭവന നിർമാണത്തിന്റെ പണം അനുവദിക്കുന്നത്. ഓരോ ഘട്ടവും പൂർത്തിയായതായി പ്രദേശത്തെ നഗരസഭ കൗൺസിലറുടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമാണ് പണം നൽകുന്നത്.ഇതോടെ ഇരട്ട ആനുകൂല്യം പറ്റിയതിൽ ഡിവിഷൻ കൗൺസിലർക്കും പങ്കുള്ളതായി പരാതി ഉയർന്നു.  ഈ വാർഡിലെ പിഎംഎവൈ ഭവന നിർമാണ പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയതിലും ക്രമക്കേട് നടന്നതായും ആക്ഷേപമുണ്ട്.  ഡിവൈഎഫ്ഐ ഉപരോധം ജില്ലാ കമ്മിറ്റി അംഗം റഹമ്മത്തുള്ള ഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി  അബീഷ്,  പ്രസിഡന്റ്‌ ശ്രീഹരി, ജൂബൻ, ഉദയൻ, ചന്ദ്രലാൽ, ഷെഫീക്ക്, വിഷ്ണു കെ രമേശ്, ഷാനവാസ് എന്നിവർ സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top