21 February Friday

പന്തളത്ത്‌ ശബരിമേള

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

 പത്തനംതിട്ട

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച്  ഇടത്താവളങ്ങളിൽ ആരംഭിക്കുന്ന വ്യവസായ വകുപ്പിന്റെ വിപണനമേളയ്ക്ക് (ശബരിമേള 2019) പന്തളത്ത് തുടക്കമായി. പന്തളം ശാസ്ത്രാ ക്ഷേത്രത്തിനു സമീപം തുടങ്ങിയ മേള വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. 20 സ്റ്റാളുകളിലായാണ് വിപുലമായ മേള ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ സൂക്ഷ്മ- ചെറുകിട -ഇടത്തരം സംരംഭങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും പരമ്പരാഗത മേഖലയിലെ ഉൽപന്നങ്ങളുമാണ് മേളയിൽ വിൽപ്പനയ്ക്കുള്ളത്. കേരളത്തനിമയുള്ള ഉൽപ്പന്നങ്ങൾ യാഥാർഥ മൂല്യത്തോടെയും നിലവാരത്തോടെയും മേളയിൽ വിൽപ്പനക്കുണ്ട്. മണ്ഡലകാലം തുടങ്ങുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി ഇടത്താവളങ്ങളിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന് തീർഥാടകരെയാണ് ലക്ഷ്യമിടുന്നത്. ജനുവരി 15 വരെ മേള തുടരും.
സംസ്ഥാനത്തെ എം എസ് എം ഇ സംരംഭങ്ങളിൽ നിന്നുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ, ഡിസൈൻ ഉൽപ്പന്നങ്ങൾ, സുവനീർ ഉൽപ്പന്നങ്ങൾ, പരമ്പരാഗത ഖാദി-കൈത്തറി ഉൽപ്പന്നങ്ങൾ, കരകൗശല ഉൽപ്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് മേളയിൽ ഉള്ളത്. നിക്ഷേപക സൗഹൃദമാകുന്നതിനൊപ്പം സംരംഭകർക്ക് വിപണി കണ്ടെത്താനും സഹായിക്കുകയെന്ന വ്യവസായ വകുപ്പിന്റെ നിലപാടിന്റെ ഭാഗമാണ് പുതിയ പദ്ധതി. 
 
പ്രധാന വാർത്തകൾ
 Top