24 August Saturday

പൊതുമേഖലാ ബാങ്കുകൾ പ്രവാസികൾക്ക് മതിയായ സഹകരണം നൽകുന്നില്ല: പ്രവാസി കമീഷൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

 പത്തനംതിട്ട

പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് നോർക്ക റൂട്ട്‌സ് പല പദ്ധതികളും തയാറാക്കിയിട്ടുണ്ടെങ്കിലും പൊതുമേഖലാ ബാങ്കുകൾ മതിയായ സഹകരണം നൽകുന്നില്ലെന്ന് പ്രവാസി കമീഷൻ ചെയർമാൻ ജസ്റ്റിസ് പി ഡി രാജൻ പറഞ്ഞു. പൊതുമേഖലാ ബാങ്കുകളുടെ നിസഹകരണം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന  അദാലത്തിന‌് ശേഷം സംസാരിക്കുകയായിരുന്നു  ചെയർമാൻ. 
കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കാര്യമായ സഹായം ലഭിക്കുന്നില്ല. സ്വയംതൊഴിൽ സംരംഭം തുടങ്ങിയിട്ടുള്ള പല പ്രവാസികൾക്കും ആവശ്യമായ അനുമതികൾ വിവിധ വകുപ്പുകൾ നൽകുന്നില്ല. ഇത് കമീഷനെ ഏറ്റവും അധികം വേദനിപ്പിച്ചു. ഇക്കാര്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. മലിനീകരണ നിയന്ത്രണ ബോർഡ് ചട്ടങ്ങൾ പാലിക്കാതെ അകാരണമായ ഇടപെടൽ നടത്തുന്നുണ്ട്. റവന്യുവിലെ ചില ഉദ്യോഗസ്ഥർ ആവശ്യമായ അനുമതികൾ നൽകുന്നില്ല. പഞ്ചായത്തുകൾ കെട്ടിട നമ്പർ നൽകുന്നതിൽ കാലതാമസം വരുത്തുന്നുണ്ട്. വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ട് നഷ്ടപരിഹാരം ലഭിക്കാതെ തിരികെ വരുന്നവരുടെ അപേക്ഷകളിൽ നോർക്ക സെക്രട്ടറിയെ നിയോഗിച്ച് വിദേശകാര്യ വകുപ്പ് മുഖേന റിപ്പോർട്ട് വാങ്ങുന്നതിന് നടപടി സ്വീകരിക്കും. 
 
പ്രവാസികൾക്ക് മികച്ച തൊഴിൽ സൗകര്യം ഒരുക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും പ്രവാസി കമീഷൻ പ്രവർത്തിക്കുമെന്നും ചെയർമാൻ പറഞ്ഞു. ജില്ലയിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളുമായി കമീഷൻ ചർച്ച നടത്തി. പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾ സംഘടനാ ഭാരവാഹികൾ ഉന്നയിച്ചു.  നിലവിൽ 60 വയസ് കഴിഞ്ഞവർക്കുകൂടി പ്രവാസി ക്ഷേമനിധിയിൽ അംഗമാകാനും പെൻഷൻ ലഭ്യമാക്കാനും നടപടി വേണമെന്ന് സംഘടനകൾ അഭ്യർഥിച്ചു. ഇതു സംബന്ധിച്ച് സർക്കാരിനോട് ശുപാർശ  ചെയ്യുമെന്നും കമീഷൻ പറഞ്ഞു.
അദാലത്തിൽ 38 പരാതികൾ പരിഗണിച്ചു. ഇതിൽ 20 പരാതിയിൽ തീരുമാനമായി. മറ്റു പരാതികളുടെ കൂടുതൽ വിശദാംശങ്ങൾ  ബന്ധപ്പെട്ട വകുപ്പുകളോട് കമീഷൻ  ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളും, നോർക്ക റൂട്ട്‌സുമായി ബന്ധപ്പെട്ട നാലു പരാതികളും തത്സമയം പരിഹരിച്ചു. പെൻഷൻ, ചികിത്സാ സഹായം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഹരിച്ചത്. 
പ്രവാസികളുടെയും ബന്ധുക്കളുടേതുമായി ലഭിച്ച ഭൂരിഭാഗം പരാതികളും സ്വയം സംരംഭകർക്ക് അനുമതി നിഷേധിക്കൽ, വായ്പ നിഷേധിക്കൽ, ഭൂമി, കെട്ടിടം, തൊഴിൽ നഷ്ടപ്പെട്ടവർ, ചികിത്സ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു.  വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിൽ റിപ്പോർട്ട് തേടുകയും പൊതുപ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് കമീഷൻ  സർക്കാരിനോട് ശുപാർശ ചെയ്തു വരുകയുമാണ്.  പ്രവാസികളുടെയും അവരുടെ ബന്ധുക്കളുടെയും പരാതികൾ സംബന്ധിച്ച് നോർക്ക റൂട്ട്‌സ്, പ്രവാസി ക്ഷേമ ബോർഡ് എന്നിവയെ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിറ്റിംങ‌് നടത്തി പരിഹാരം കണ്ടുവരികയാണെന്നും, പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കമീഷൻ പ്രവർത്തിക്കുമെന്നും ചെയർമാൻ പറഞ്ഞു.
കമീഷൻ അംഗം ബെന്യാമിൻ, ആസാദ് തിരൂർ, മെമ്പർ സെക്രട്ടറി എച്ച് നിസാർ, നോർക്ക റൂട്സ് സെന്റർ മാനേജർ എ ബി അനീഷ്,  പ്രവാസി ക്ഷേമനിധി ബോർഡ് അസിസ്റ്റന്റ് കെ എൽ അജിത് കുമാർ എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top