26 May Tuesday

സർക്കാർ വാഹനങ്ങൾക്ക്‌ കെഎസ്‌ആർടിസി പണിശാലയിൽ അറ്റകുറ്റപണി

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020

 പത്തനംതിട്ട

കെഎസ്‌ആർടിസിയുടെ പണിശാലയിൽ  മറ്റു വകുപ്പുകളിലെ വാഹനങ്ങൾക്ക്‌ അറ്റകുറ്റപണി.  വിവിധ വകുപ്പുകളിലെ വാഹനങ്ങളുടെ തകരാറുകൾ  സൗജന്യമായി തീർത്ത്‌ നിരത്തിലിറക്കാൻ സഹായിക്കുകയാണ്‌ കെഎസ്‌ആർടിസി പത്തനംതിട്ട ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം. കൊവിഡ്‌ കാലത്ത്‌ അടിയന്തര ആവശ്യങ്ങൾക്കായി വാഹനങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന പല വകുപ്പുകൾക്കും ഇത്‌ ആശ്വാസമാണ്‌. നിസാര തകരാറുകൾ കാരണം കട്ടപ്പുറത്ത്‌ കയറ്റിവച്ചിരിക്കുന്ന വാഹനങ്ങൾ  പണവും സമയവും നഷ്ടപ്പെടാതെ തന്നെ  നിരത്തിലിറക്കാൻ കഴിയുമെന്നതാണ്‌ ഇതിന്റെ പ്രത്യേകത.
സംസ്ഥാനത്തു തന്നെ പ്രഥമ സംരംഭമാണ്‌ പത്തനംതിട്ടയിലേത്‌.  നാല്‌  ദിവസത്തിനുള്ളിൽ പൊലീസിന്റെയും കൺസ്യൂമർ ഫെഡിന്റെയും ആരോഗ്യവകുപ്പിന്റെയും 18 വാഹനങ്ങളാണ്‌  കേടുപാടുകൾ തീർത്ത്‌ റോഡിലിറക്കിയത്‌. കൊറോണ വാർഡിൽ ഉൾപ്പെടെ  ജോലിചെയ്യുന്ന നേഴ്‌സുമാരെ രാത്രിയിൽ വീടുകളിൽ എത്തിക്കുന്ന വണ്ടി ഹെഡ്‌ ലൈറ്റ്‌ ഇല്ലാതെയാണ്‌ രണ്ടു ദിവസം  ഓടിയത്‌. പ്ലേറ്റ്‌ ഒടിഞ്ഞതുൾപ്പെടെ ഇത്തരത്തിൽ ചെറിയ തകരാറുകളുള്ള നിരവധി വാഹനങ്ങൾ പല വകുപ്പുകളിലുമുണ്ട്‌. 
നിസാര തകരാറുകൾ പോലും പരിഹരിക്കാൻ ദിവസങ്ങളും അധിക പണവും ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഇത്തരം പണിശാലകൾ   ഏറെ പ്രയോജനകരമാണ്‌. 
പത്തനംതിട്ട ഡിപ്പോയിലെ ചാർജ്‌മാൻ മെക്കാനിക്കൽ ജി ഗിരീഷിന്റെ  നേതൃത്വത്തിലാണ്‌ വർക്ക്‌ ഷോപ്പ്‌ പ്രവർത്തിക്കുന്നത്‌. കെഎസ്‌ആർടിഇഎ സംസ്ഥാന എക്‌സിക്യട്ടീവ്‌ അംഗം കൂടിയായ   ഗിരിഷാണ്‌ നിർദേശം മുന്നോട്ട്‌ വച്ചത്‌. അത്‌ ഡിടിഒ റോയി ജേക്കബ്‌ സോണൽ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ജി അനിൽകുമാർ മുമ്പാകെ അവതരിപ്പിച്ച്‌   അംഗീകാരം വാങ്ങുകയായിരുന്നു. മെക്കാനിക്കുകളായ കെ ടി മുരളീധരൻ, എസ്‌ നൗഷാദ്‌,   മെക്കാനിക്കൽ ഇലക്‌ട്രിഷ്യൻ  സോജി രാജ്‌  എന്നിവരാണ്‌ സംഘത്തിലെ മറ്റുള്ളവർ. 
സംസ്ഥാനത്തെ 100  ഗ്വാരേജുകൾ ഇത്തരത്തിൽ പ്രയോജനപ്പെടുത്തിയാൽ  മറ്റു പല വകുപ്പുകളിലെയും വാഹനങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്ന്‌ ഗിരീഷ്‌ പറയുന്നു. അതിന്‌ വകുപ്പുതലത്തിൽ ഒരുത്തരവ്‌ ഉണ്ടാകുകയേ വേണ്ടൂ, ജീവനക്കാർ തയാറാണ്‌.
 
പ്രധാന വാർത്തകൾ
 Top