20 April Tuesday

തർക്കം നീളുന്നു, കുടിവെള്ള 
വിതരണം മുടങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021
അടൂർ
അടൂരിൽ പൈപ്പ് മാറ്റിയിടൽ തർക്കത്തിൽ കുടിവെള്ള വിതരണം മുടങ്ങുന്നു. ചിരണിക്കൽ ശുദ്ധീകരണ പ്ലാന്റിൽ നിന്നും പറക്കോട് ജങ്ഷൻ വരെയുള്ള ഭാഗത്തെ പഴയ പിവിസി  പൈപ്പുകൾ മാറ്റി പുതിയ പൈപ്പു സ്ഥാപിക്കുന്നത്‌ പൊതുമരാമത്ത്,- വാട്ടർ അതോറിറ്റി തർക്കത്തിൽ കുടുങ്ങി കിടക്കുന്നത് കാരണം വെള്ളം ഫുൾഫോഴ്സിൽ തുറന്നു വിടാൻ കഴിയാത്ത അവസ്ഥയാണ്. ഇതു കാരണം വെള്ളം പലയിടത്തും എത്തിക്കാനാവുന്നില്ല. ഫുൾ ഫോഴ്സിൽ വെള്ളം തുറന്നു വിട്ടാൽ പഴയ പൈപ്പ് പൊട്ടുന്നത് പതിവാണ്. പൈപ്പ് പൊട്ടിയാൽ അടൂർ മുനിസിപ്പാലിറ്റി, പള്ളിക്കൽ, ഏറത്ത്, ഏഴംകുളം, ഏനാദിമംഗലം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം പൂർണമായി മുടങ്ങും.
 ചിരണിക്കലിലെ ശുദ്ധീകരണ പ്ലാന്റിൽ നിന്നും വെള്ളം നൽകുന്ന പ്രധാന പൈപ്പ് ലൈൻ മാറ്റിയിടാൻ സർക്കാർ ഒരു വർഷത്തിന് മുമ്പ് പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് വാങ്ങിയ പൈപ്പുകൾ റോഡ് സൈഡിൽ കിടക്കുകയാണ്.നിലവിലുള്ള പൈപ്പ് മാറ്റി പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് ജല അതോറിറ്റി 70 ലക്ഷത്തിലധികം രൂപ പൊതുമരാമത്തിന് അടയ്ക്കണമെന്ന നിബന്ധന വച്ചതോടെയാണ് പൈപ്പ് മാറ്റിയിടൽ മുടങ്ങിയത്. 
ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ ഉദ്യോഗസ്ഥ തലത്തിൽ നടന്നെങ്കിലും തീരുമാനമായില്ല. ചിരണിക്കൽ പറക്കോട് റോഡ് പുനരുദ്ധാരണം തുടങ്ങാനിരിക്കെ ജല അതോറിറ്റിയുടെ പൈപ്പ് മാറ്റിയിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളുവെങ്കിലും തർക്കം നീളുകയാണ്.12 ദശലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റിൽ നിന്നും വെള്ളം ഫുൾഫോഴ്സിൽ തുറന്നു വിട്ടാൽ ഉയർന്ന പ്രദേശങ്ങളിൽ വരെ വെള്ളം എത്തിക്കാനാകും.
ഇതിന് തടസമായ പഴയ പൈപ്പുകൾ മാറ്റിയിടുക മാത്രമാണ് പോംവഴി. കടുത്ത വേനൽ തുടങ്ങിയതോടെ എല്ലായിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാണ്.കടമ്പനാട് ശുദ്ധീകരണ പദ്ധതിയിൽ കടമ്പനാട് പഞ്ചായത്തിലെ വിതരണത്തിലും അപാകത നിലനിൽക്കുകയാണ്.പ്ലംബർമാരുടെ നിരുത്തരവാദപരമായ ഇടപെടലാണ് കടമ്പനാട് ശുദ്ധീകരണ പദ്ധതിയിലെ ജലവിതരണത്തിലുണ്ടാകുന്ന തടസമെന്ന് പറയയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top