06 December Friday
തൊഴിലുറപ്പ്‌ പദ്ധതി

കേന്ദ്രത്തിനെതിരെ പ്രതിഷേധ മാർച്ച്‌ 10ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

 പത്തനംതിട്ട

തൊഴിലുറപ്പ് പദ്ധതി  തകർക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃതത്തിൽ ഈ മാസം 10ന് പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തുമെന്ന് യൂണിയൻ ജില്ലാ സെക്രട്ടി അഡ്വ. ആർ സനൽകുമാറും പ്രസിഡന്റ് എസ് ഭദ്രകുമാരിയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
പ്രതിവർഷം 250 തൊഴിൽ ദിനങ്ങൾ നൽകുക, കൂലി 600 രൂപയായി വർധിപ്പിക്കുക, ജോലി സമയം രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലു വരെയാക്കുക, കൂലി കുടിശിക ഉടൻ അനുവദിക്കുക, തൊഴിലാളികൾക്ക് സമഗ്രമായ ക്ഷേമപെൻഷൻ പദ്ധതി നടപ്പിലാക്കുക, ജില്ലാ കോർഡിനേറ്ററുടെ പക്ഷപാത നടപടി അവസാനിപ്പിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 150 തൊഴിൽ ദിനങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കുന്നുണ്ട്.  
ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ചും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസ് മാർച്ചും സംഘടിപ്പിക്കും.10ന്‌  പത്തനംതിട്ട ഹെഡ്പോസ്റ്റോഫീസ് മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യും.
മാർച്ചിന്റെ പ്രചാരണാർഥം നാലു മുതൽ എട്ടു വരെ തീയതികളിൽ ജില്ലയിൽ പ്രചാരണ ജാഥ നടത്തും. അഡ്വ. ആർ സനൽകുമാർ ക്യാപ്ടനും എസ് ഭദ്രകുമാരി വൈസ് ക്യാപ്ടനുമായിരിക്കും. റോയി ഫിലിപ്പാണ് മാനേജർ.  ബുധനാഴ്ച രാവിലെ ഒമ്പതിന് സീതത്തോട്ടിൽ അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ ജാഥ ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകിട്ട് നാലിന് ജാഥ നിരണത്ത് സമാപിക്കും.
ജോലി ചെയ്ത വകയിൽ ജില്ലയിൽ 30 കോടിയിലധികം രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്.  ഇലന്തൂർ ബ്ലോക്കിൽ –- 1.84, കോയിപ്രം –- 2.52, കോന്നി –- 3.77, മല്ലപ്പള്ളി –- 2.18, പന്തളം –- 1.64, പറക്കോട് –- 9.88, റാന്നി –- 5.98 കോടിയും പുളിക്കീഴ് ബ്ലോക്കിൽ  –- 82 ലക്ഷവുമാണ് കുടിശിക. 
നരേന്ദ്ര മോഡി ഭരണം ആരംഭിച്ചതു മുതൽ തൊഴിലുറപ്പ് പദ്ധതി തകർക്കാനാണ് ശ്രമിക്കുന്നത്. പിന്നോക്ക ബ്ലോക്കുകൾക്കായി പദ്ധതി ചുരുക്കാൻ ശ്രമിച്ചു. 2018 –-19 സാമ്പത്തിക വർഷം പദ്ധതിക്കായി കേന്ദ്ര ഗവ. 69,000 കോടി രൂപ മാറ്റിവെച്ചെങ്കിൽ ഈ വർഷം 60,000 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. രാജ്യത്താകെ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 13.18 കോടി കുടുംബാംഗങ്ങളിൽ 5.27 കോടിക്ക് മാത്രമാണ്‌ കഴിഞ്ഞ വർഷം ജോലി ലഭിച്ചത്. ശരാശരി അവർക്ക് 50 ദിവസം മാത്രമാണ് ജോലി നൽകിയത്. 
കേരളം പദ്ധതി രാജ്യത്തിന് മാതൃകയായാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ വർഷം കേന്ദ്രം ഏഴു കോടി തൊഴിൽ ദിനങ്ങൾ അനുവദിച്ചപ്പോൾ കേരളം 10 കോടി  സൃഷ്ടിച്ചു. 20 ലക്ഷം സജീവ കുടുംബങ്ങളിൽ 15 ലക്ഷം കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷം ജോലി നൽകി. ഇതു വഴി ശരാശരി 65 ദിവസം തൊഴിൽ ലഭിച്ചു. 441480 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകി. നൂറു തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ മുഴുവൻ കുടുംബങ്ങൾക്കും കേരളം ആയിരം രൂപ വീതം ഓണക്കാലത്ത് ഫെസ്റ്റിവൽ അലവൻസും നൽകിയതായി നേതാക്കൾ പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top