24 August Saturday

സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ ഇനിമുതൽ ചെന്നൈയിലും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 2, 2019

 പത്തനംതിട്ട-

ചെന്നൈ മലയാളികൾക്ക് സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ നോർക്ക റൂട്ട്സ് അവസരം ഒരുക്കി. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ ജോലിക്ക് പോകുന്ന ചെന്നൈ മലയാളികൾക്ക് എച്ച്ആർഡി, വിദേശകാര്യ മന്ത്രാലയം, എംബസി  അറ്റസ്റ്റേഷൻ സേവനം എന്നിവ ഇനി മുതൽ ചെന്നൈയിലെ ഗ്രീംസ് റോഡിലെ കെടിഡിസി റെയിൻ ഡ്രോപ്സ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഓഫീസിൽ ലഭിക്കും.
 കേരളത്തിലെ സർവകലാശാലകളിൽ പഠിച്ച ഇതര സംസ്ഥാനക്കാർക്കും ഇതിന്റെ സേവനം ഉപയോഗപ്പെടുത്താം. എംബസി സാക്ഷ്യപ്പെടുത്തലിന് ഏതു സംസ്ഥാനക്കാർക്കും അപേക്ഷിക്കാം. എച്ച്ആർഡി സാക്ഷ്യപ്പെടുത്തൽ ഒരാഴ്ച്ച കൊണ്ടും എംബസി സാക്ഷ്യപ്പെടുത്തൽ ഒരു മാസം കൊണ്ടും പൂർത്തീകരിക്കാൻ സാധിക്കുമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
 മറ്റു രാജ്യങ്ങളിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ ഭാരത സർക്കാർ സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്. കേരളത്തിൽ സർട്ടിഫിക്കറ്റുകൾ നോർക്ക വഴിയാണ് സാക്ഷ്യപ്പെടുത്തി നൽകുന്നത്. ചെന്നൈയിലെ നോർക്ക ഓഫീസ് വഴി നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സംവിധാനത്തിനാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. കേരളത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ എല്ലാവർക്കും ഇതിന്റെ സൗകര്യം പ്രയോജനപ്പെടുത്താം.
അസൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റും രണ്ടു പകർപ്പും, പാസ്പ്പോർട്ടിന്റെ അസലും പകർപ്പും എന്നിവയാണ് സാക്ഷ്യപ്പെടുത്തലിനായി ഹാജരാക്കേണ്ട രേഖകൾ. എൻആർകെ ഡവലപ്പ്മെന്റ് ഓഫീസർ അറ്റസ്റ്റ് ചെയ്താലുടൻ അസൽ പാസ്പ്പോർട്ട് തിരിച്ച് നൽകും. അപേക്ഷിച്ച് 10 ദിവസത്തിനകം അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കും. ഇതിനു സർവീസ് ചാർജ്ജായി 708 രൂപയാണ് ഈടാക്കുന്നത്. 200 രൂപ തപാൽ നിരക്കും ഓരോ സർട്ടിഫിക്കറ്റിനും 75 രൂപ വീതവും നൽകണം. കേരളത്തിൽ പഠിച്ചവരാണെങ്കിൽ വിദേശകാര്യ മന്ത്രാലത്തിന്റെ സാക്ഷ്യപ്പെടുത്തലിനും നോർക്ക ഓഫീസിൽ അപേക്ഷിക്കാം.
 
 
 
പ്രധാന വാർത്തകൾ
 Top