റാന്നി
സ്കൂൾ പ്രവേശനോത്സവത്തിന് കുട്ടികളെ കാണാൻ എംഎൽഎ എത്തിയത് പുസ്തക പൊതികളുമായി. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയാണ് ജൂൺ ഒന്നിന് സ്കൂൾ തുറപ്പ് ദിനം കുട്ടികൾക്ക് അറിവ് പകരുന്ന പുസ്തകങ്ങൾ സമ്മാനിച്ച് പുതിയ മാതൃക തീർത്തത്.
കുട്ടികളിലെ വായനാശീലത്തെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണിത്. ക്ലാസ് മുറികൾ ലൈബ്രറികളാക്കി കുട്ടികളിലെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ആദ്യമായാണ് കുട്ടികളുടെ വായനയെ വികസിപ്പിക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ നൂതന പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുസ്തകങ്ങൾ സമ്മാനങ്ങളാക്കി എംഎൽഎ വിദ്യാലയങ്ങൾ സന്ദർശിച്ചത്. മിക്ക സ്കൂളുകളിലും ലൈബ്രറികൾ ഉണ്ടെങ്കിലും അലമാരകളിൽ പുസ്തകങ്ങൾ ഭദ്രമായി സൂക്ഷിക്കപ്പെടുകയാണ്. വായനയിൽ ഫലപ്രദമായി എല്ലാ സ്കൂളുകളിലും ഒരുപോലെ ഉപയോഗിക്കപ്പെടുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ ആശയം റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചത്. പതിനായിരം രൂപയുടെ പുസ്തകങ്ങളാണ് ഒരു സ്കൂളിൽ ക്ലാസ് റൂം ലൈബ്രറികൾക്കായി എംഎൽഎ ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് വാങ്ങി നൽകുന്നത്. വിവിധ പുസ്തകോത്സവങ്ങളിൽ നിന്നും എംഎൽഎ തന്നെ നേരിട്ട് തെരഞ്ഞെടുത്ത പുസ്തകങ്ങളും സ്വന്തം പുസ്തക ശേഖരത്തിനുള്ള പുസ്തകങ്ങളും ഇതിന് ഭാഗമായി വിദ്യാലയങ്ങൾക്ക് നൽകുന്നു. ഒഎൻവി യും വൈക്കം മുഹമ്മദ് ബഷീറും സുഗതകുമാരിയും കുഞ്ഞുണ്ണി മാഷിനു ഒപ്പം , കുട്ടികൾ വായിച്ചിരിക്കേണ്ട ലോക സാഹിത്യത്തിലെ ക്ലാസിക്കുകളും കുട്ടികളുടെ കൈകളിലേക്ക് എത്തും. റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് പുസ്തകങ്ങൾ കൈമാറി കൊണ്ട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡണ്ട് ജോജോ കോവൂർ അധ്യക്ഷനായി. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, സ്കൂൾ മാനേജർ സക്കറിയ, ഹെഡ്മാസ്റ്റർ ബിനോയ് കെ എബ്രഹാം, ഫാ. റജീഷ് സ്കറിയ മധുരം കോട്ട് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..