16 January Saturday

വെളിച്ചമായി ഇടതുപക്ഷം

സ്വന്തം ലേഖകൻUpdated: Tuesday Dec 1, 2020

പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്‌ഘാടനത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ (ഫയൽ ചിത്രം)

പത്തനംതിട്ട
മഹാപ്രളയം, പിന്നെയും പ്രളയം, ഓഖി, നിപ, ഒടുവിൽ കോവിഡും. പ്രതിസന്ധികൾക്ക്‌ കുറവൊന്നുമുണ്ടായില്ല. എന്നിട്ടും എൽഡിഎഫ്‌ സർക്കാരിന്റെ നാലരവർഷം കടന്നുപോയത്‌ അധികമാരും ഓർത്തില്ല. അത്രമേൽ പ്രകാശപൂരിതമായിരുന്നു ആ നാളുകൾ. ഇരുട്ടിന്‌ ഇടമില്ലാത്ത നാളുകൾ. സംസ്ഥാനത്തെ മറ്റ്‌ ജില്ലകൾക്കൊപ്പം അക്കാര്യത്തിൽ പത്തനംതിട്ട ജില്ലയും വഹിച്ച പങ്ക്‌ ചെറുതല്ല. 
നാലര വർത്തിനിടെ പുതിയതായി ഉൽപാദിപ്പിക്കുന്നത്‌ 258.2 മെഗാ വാട്ട്‌ വൈദ്യുതിയാണ്‌. അതിലേക്ക്‌ ചെറുതെങ്കിലും എട്ട്‌ മെഗാവാട്ട്‌ പെരുന്തേനരുവി പദ്ധതിയിലൂടെ സംഭാവന ചെയ്യാൻ ജില്ലയ്‌ക്ക്‌ കഴിഞ്ഞു. പവർ കട്ടും ലോഡ്‌ ഷെഡിങുമില്ലാതെ സമാധാന ജീവിതം നൽകിയ എൽഡിഎഫ്‌ സർക്കാരിനെ ശത്രുക്കൾ പോലും അംഗീകരിക്കും. 
33 കുടുംബങ്ങൾ താമസിക്കുന്ന ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിച്ചത്‌ ചരിത്രമാണ്. അച്ചൻകോവിലാറിന്‌ കുറുകെ കേബിളിട്ടാണ്‌ വൈദ്യുതി എത്തിച്ചത്‌. ഇതടക്കം 6.8 കിലോ മീറ്ററാണ്‌ കേബിൾ ഇടേണ്ടിവന്നത്‌. 
ഇടമൺ–- കൊച്ചി പവർ ഹൈവേയുടെ ഏകദേശം 47 കിലോമീറ്റർ ദൂരം കടന്നുപോകുന്നത്‌ ജില്ലയിലൂടെയാണ്‌. യുഡിഎഫ്‌ കാലത്ത്‌ ലൈനിനെതിരെ സമരങ്ങൾ നടത്തുകയും പദ്ധതി ഫലത്തിൽ ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു. കൂടംകുളത്തുനിന്നുള്ള 2000 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ഈ ലൈനിലൂടെ കടന്നുവരുന്നത്‌. അതിന്റെ വിഹിതം ജില്ലയ്‌ക്കും ലഭിക്കുന്നു. 
മഹാ പ്രളയമടക്കം ദുരന്തകാലങ്ങളിൽ കെഎസ്‌ഇബി നൽകിയ സേവനങ്ങളെ എത്ര സ്‌മരിച്ചാലും മതിയാകില്ല. ജീവനക്കാരാകട്ടെ ജീവൻ കൈയിലെടുത്താണ്‌ ദുരന്ത സ്ഥലങ്ങളിൽ ഓടിയെത്തിയത്‌.അത്‌ കേരളീയർക്കുവേണ്ടിയുള്ള കരുതലായിരുന്നു. കേരളത്തിന്‌ പുറത്തും അവർ സേവനം നൽകി. സമ്പൂർണ വൈദ്യുതീകരണത്തിന്‌ വേണ്ടിയും ജീവനക്കാരുടെ ഇടപെടൽ പ്രശംസാർഹമായിരുന്നു. പുതിയ അപേക്ഷകളിലും ഉടൻ നടപടി. 
കോവിഡ്‌ കാലത്ത്‌ ഓൺലൈൻ പഠനത്തിന്‌ ഒരുതരത്തിലും തടസമുണ്ടാകാത്ത വിധം സുലഭമായി വൈദ്യുതി എത്തിക്കാനായി. ആധുനികവൽകരണത്തിന്റെ പാതയിലാണിപ്പോൾ കെഎസ്‌ഇബി. സബ്‌ സ്‌റ്റേഷനുകളുടെയടക്കം ശേഷി വർധിപ്പിക്കുന്നു. 
ഇ മൊബിലിറ്റിയുടെ ഭാഗമായി ഇലക്‌ട്രോണിക്‌‌ വാഹനങ്ങൾക്ക്‌ ചാർജിങ്‌ സ്‌റ്റേഷനുകൾ തയ്യാറായി വരികയാണ്‌. ഇതിൽ ഒന്ന്‌ പമ്പ –- നിലയ്‌ക്കലായിരിക്കും. അത്‌ ശബരിമല തീർഥാടകർക്കുകൂടി പ്രയോജനകരമാകും. മറ്റൊന്ന്‌ പത്തനംതിട്ട വൈദ്യുതി ഭവനിലും തിരുവല്ല സബ്‌ സ്‌റ്റേഷനിലുമായിരിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top