19 January Sunday

ഹാവൂ... ആ കൊടംപുളിയിട്ട മീൻകറി

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019

 ചിറ്റാർ

തീരങ്ങളോട് കഥ പറഞ്ഞൊഴുകുന്ന കല്ലാറിനെ ഇവിടിരുന്നു കാണാൻ നല്ല ചേലാണ്. ചുറ്റും വനം. അതു നൽകുന്ന കുളിർമ. ആറ്റുതീരത്തു കൂടി വളഞ്ഞുപുളഞ്ഞ് കടന്നു പോകുന്ന ടാർ റോഡ്. കല്ലാറ്റിൽ കൂടി കുട്ട വഞ്ചികളും ഒഴുകി നടക്കുന്നുണ്ട്. കിളികളും കുരങ്ങൻമാരും മലയണ്ണാനും കലപില കൂട്ടിചാടി മറിയുന്നതും കാണാം.
പറഞ്ഞു വരുന്നത് തണ്ണിത്തോട്ടിൽ നിന്ന് കോന്നിക്കു പോകുന്ന പ്രധാന പാതയോരത്തെ ആരണ്യകം എന്ന ഭക്ഷണശാലയിലിരുന്നുള്ള കാഴ്‌ചകളെ പറ്റിയാ. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നത് ഇഷ്ടപെടുന്ന ആളാണോ നിങ്ങൾ എങ്കിൽ ഇവിടേക്ക് വരാം. വനത്തിനുള്ളിൽ നിന്നും ശേഖരിക്കുന്ന വഴണയിലയിൽ പൊതിഞ്ഞ ആവിപറക്കുന്ന കുമ്പിള്ളപ്പം ഇവിടുത്തെ ഒരു പ്രധാന വിഭവമാണ്. അരിപൊടിയിൽ ശർക്കരയും വെളിച്ചെണ്ണയിൽ വറുത്തെടുത്ത തേങ്ങാ കൊത്തും ഏലയ്ക്കയും ചേർത്ത് തയ്യാറാക്കുന്ന കുമ്പിളപ്പവും നല്ല ആവിപറക്കുന്ന ചായയും കൂട്ടി ഒരു പിടി പിടിച്ചാൽ ഹാ.. അതൊരു  അനുഭവം തന്നാ. 
കുമ്പിളപ്പത്തെ കൂടാതെ വട്ടയപ്പം, കൊഴുക്കട്ട,നല്ല നാടൻ കപ്പയും മീൻ കറിയും ഏത്തയ്ക്ക അപ്പവും എല്ലാ ദിവസവും ഇവിടെ റഡിയാണ്.ഉച്ച സമയത്ത് എത്തിയാൽ വിഭവസമൃദ്ധമായ ഊണും ആസ്വദിച്ച് കഴിക്കാം.കൊടംപുളിയിട്ട് വേവിച്ച വിവിധ തരം മീൻ കറികളും വറുത്ത വിഭവങ്ങളും കൂടാതെ
അവിയലും തോരനും പച്ചടിയും നല്ല പരിപ്പുകറിയും സാമ്പാറും കുത്തരി ചോറിനോടൊപ്പം ചേർത്ത് ഒരു കവിത പോലെ കഴിക്കാം. ഓമയ്ക്കാ, വാഴക്കൂമ്പ്, ചീര, മത്തയില, തഴുതാമയില എന്നിവ കൊണ്ടുള്ള പ്രത്യേക വിഭവങ്ങളിൽ ഏതെങ്കിലുമൊന്നും ഊണിനോടൊപ്പമുണ്ടാകും.
എലിമുള്ളുംപ്ലാക്കൽ സ്വദേശികളായ 10 വനിതകളാണ് ആരണ്യകത്തിന്റെ നടത്തിപ്പുകാർ. ഒന്നിടവിട്ട ദിവസങ്ങളിൽ അഞ്ച് പേർ വീതം മാറി മാറി ജോലി ചെയ്തുവരുന്ന ഈ ഭക്ഷണശാല തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ അനുബന്ധ സ്ഥാപനം കൂടിയാണ്.
വിജയകരമായി രണ്ടര വർഷം പിന്നിടുന്ന ആരണ്യകത്തിന്റെ മേൽക്കൂര ഈറ്റയിലയിലും തീൻമേശകളും ഇരിപ്പിടങ്ങളും മുളയിലുമാണ് നിർമിച്ചിട്ടുള്ളത്. എല്ലാ ദിവസവും രാവിലെ 7.30 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും.
വീട്ടമ്മമാരായ രാധ, സരിത, സതിയമ്മ, നിഷ, ശ്രീകുമാരി, ദീനു, അജിത, ജസി, ലത, രമ എന്നിവർ ജോലി ചെയ്തു വരുന്നു. പിന്തുണ നൽകി എലിമുള്ളുംപ്ലാക്കൽ വനസംരക്ഷണ സമിതിയുടെ സെക്രട്ടറി ഷമ്മി വി ദൈരലി, പ്രസിഡന്റ് കെ എൻ രാജേന്ദ്രൻ എന്നിവരും ഒപ്പമുണ്ട്.
പ്രധാന വാർത്തകൾ
 Top