27 November Friday

കോവിഡ് കാലത്തും കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നു: കെ ജെ തോമസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

 കോന്നി 

കോവിഡ് കാലത്തും കേന്ദ്ര സർക്കാർ ജനങ്ങളെ കബളിപ്പിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം , കെഎസ്‌‌കെടിയു ജില്ലാ സെക്രട്ടറി , സംസ്ഥാന പട്ടികജാതി, വർഗ്ഗ വികസന കോർപറേഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച വി ആർ ശിവരാജന്റെ 13–-ാ-മത് അനുസ്മരണ പ്രഭാഷണം ഫെയ്സ് ബുക്ക് ലൈവിലൂടെ നടത്തുകയായിരുന്നു അദ്ദേഹം.  
കോവിഡ് കാലത്ത് കേന്ദ്ര ഗവൺമെന്റ് 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. എന്നാൽ ഒരു ലക്ഷം കോടി പോലും ജനങ്ങളുടെ കൈയ്യിൽ എത്തിയിട്ടില്ല. ജനങ്ങളെ കബളിപ്പിക്കുകയാണ് കേന്ദ്രം. കോൺഗ്രസ് ഭരണകാലം മുതൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽകരിക്കുകയാണ്. അതിന് വേഗം പോരാത്തതു കൊണ്ട് കോർപറേറ്റുകൾ ബിജെപിയെ അധികാരത്തിലേറ്റിയത്. ബിജെപി ഗവൺമെന്റ് വളരെ വേഗം തന്നെ പൊതുമേഖലയെ സ്വകാര്യ മേഖലയ്ക്ക് വിൽക്കുകയാണ്. ലോകത്തെ രണ്ടാമത്തെ റെയിൽവേ ശൃംഖലയായ ഇന്ത്യയിലേത്  സ്വകാര്യവൽകരിച്ചു. ബാങ്കുകൾ സ്വകാര്യവൽകരിക്കാൻ നീക്കം നടത്തുന്നു. 
കോവിഡ് കാലത്ത് കേരള ഗവൺമെന്റ് മികച്ച പ്രവർത്തനമാണ് നടത്തുന്നത്. ആരോഗ്യമേഖലയിലുള്ളവരും, പൊലീസുകാരും എത്ര വലിയ സേവനമാണ് ചെയ്യുന്നത്. എത്ര പ്രശംസിച്ചാലും മതിയാവില്ല. അവരെ ചില മാധ്യമങ്ങൾ ബോധപൂർവ്വം അപമാനിക്കുന്നു. കേരളത്തിൽ കോവിഡിനെ നേരിട്ടതുപോലെ ലോകത്തൊരിടത്തും പ്രതിരോധിച്ചിട്ടില്ല. ലോകത്താകെ കേരളം മാതൃകയാവുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാൽ രോഗികളുടെ എണ്ണം കുറയ്ക്കാൻ കഴിയും.
എൽഡിഎഫ് സർക്കാർ ഒട്ടേറെ പ്രതിസന്ധികൾ അതിജീവിച്ചു. പല കാര്യങ്ങളിലും കേരളം ഒന്നാം സ്ഥാനത്താണ്. രണ്ടേകാൽ ലക്ഷം പാവങ്ങൾക്ക് വീട് നൽകി.50 ലക്ഷം പേർക്ക് പെൻഷൻ. ഇത് ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നടന്നിട്ടില്ല. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലും നേട്ടങ്ങൾ. യുഡിഎഫ് ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി യാഥാർഥ്യമാകുന്നു. കിഫ് ബിയിൽനിന്ന് 50,000 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കി. സിൽവർ ലൈൻ അതിവേഗ റയിൽ പദ്ധതി യാഥാർഥ്യമാകുന്നു. കെ ജെ തോമസ്‌ കൂട്ടിച്ചേർത്തു.
സ്‌മരണകളായ്‌ വി ആർ ശിവരാജൻ
കോന്നി 
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗവും പട്ടികജാതി വികസന കോർപറേഷൻ ചെയർമാനുമായിരുന്ന വി ആർ ശിവരാജന്റെ അനുസ്മരണം കോന്നി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു. പൂങ്കാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടത്തി.അനുസ്മരണ പരിപാടികൾ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ.കെ അനന്തഗോപൻ, ആർ ഉണ്ണികൃഷ്‌ണപിള്ള, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി ജെ അജയകുമാർ, എ പത്മകുമാർ, അഡ്വ.ആർ സനൽകുമാർ, പ്രൊഫ.ടി കെ ജി നായർ, ജില്ലാ കമ്മിറ്റിയംഗം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, ഏരിയ സെക്രട്ടറി ശ്യാംലാൽ, കെഎസ്‌കെടി യു ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്‌ണകുമാർ‌, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ ആർ ജയൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എം മോഹനൻ നായർ, എം അനീഷ് കുമാർ എന്നിവർ സന്നിഹിതരായി. കോന്നി ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി ശ്യാംലാൽ പതാക ഉയർത്തി. എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തലും പുഷ്പാച്ചർനയും നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top