കോഴഞ്ചേരി
മരണാസന്നയായ പമ്പയ്ക്കു വേണ്ടി മാ നിഷാദ മന്ത്രമുയർത്തിയ പരിസ്ഥിതി പോരാളി എൻ കെ സുകുമാരൻ നായർ തോട്ടപ്പുഴശ്ശേരി പ്രശാന്ത് ഭവന്റെ പറമ്പിൽ ഒരുക്കിയ ചിതയിൽ ഞായറാഴ്ച പകൽ 4ന് എരിഞ്ഞടങ്ങി. കോവിഡ് മഹാമാരിക്കിടയിലും എൻ കെ എസിനെ ഒരു നോക്കു കാണാൻ എത്തിയവരെ സാക്ഷിനിർത്തി മകൻ എസ് അനിലാണ് ചിതയിലേയ്ക്ക് അഗ്നി പകർന്നത്.
തൊണ്ണൂറുകളുടെ ആരംഭത്തിൽ പമ്പയിൽ മണൽവാരൽ രൂക്ഷമായി. ആശുപത്രി, ഗാർഹിക, എസ്റ്റേറ്റ് മാലിന്യങ്ങൾ വൻതോതിൽ ഒഴുകിയെത്താൻ തുടങ്ങി. കര മുട്ടിപ്പാഞ്ഞിരുന്ന ജലപ്രവാഹം നേർത്തു. അവയൊക്കെ പമ്പയുടെ തീരത്തെ താമസക്കാരനായിരുന്ന സുകുമാരൻ നായരെ പിടിച്ചുലച്ചു. "മരണവക്രത്തിൽ പമ്പ " എന്ന പേരിൽ ദേശാഭിമാനിയിലും തുടർന്ന് മനോരമയിലും വന്ന ലേഖനങ്ങളുടെ കോപ്പികളുമായി ഇദ്ദേഹം അധികാരസ്ഥാനങ്ങളിൽ നിവേദനങ്ങളുമായെത്തി.
ഇതോടെ ഇദ്ദേഹത്തിനെതിരെ ആക്ഷേപവും, അവഹേളനവും ഭീഷണിയും ശക്തമായി. ഇതോടെയാണ് ഒറ്റയാൻ പോരാട്ടം പോരെന്നു തിരിച്ചറിഞ്ഞ് പമ്പാ പരിരക്ഷണ സമിതിക്കു രൂപം കൊടുത്തത്.
കെഎസ്ഇബി എൻജിനിയറായിരുന്ന സുകുമാരൻ നായർ തുടർന്ന് പമ്പയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ആരംഭിച്ചു. ഉൽഭവം മുതൻ കായലിലെത്തും വരെയുള്ള ദൂരങ്ങൾ താണ്ടി. 179 കിലോമീറ്റർ ദൂരത്തിലൊഴുകുന്ന പമ്പയുടെ 288 കൈവഴികളും ഇദ്ദേഹം പഠനവിധേയമാക്കി. സെമിനാറുകളിലൂടെ, ലഘുലേഖകളിലൂടെ, പ്രഭാഷണങ്ങളിലൂടെ നദി നേരിടുന്ന പ്രതിസന്ധി ഇദ്ദേഹം ലോകത്തോടു വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. നദിയിൽ അന്തകൻ സസ്യങ്ങൾ വ്യാപകമായതും, ഭൂഗർഭ ചരിതവുമാനത്തിൽ വ്യതിയാനം സംഭവിച്ചതും, പമ്പാ നദിക്കുള്ളിലെ ആവാസവ്യവസ്ഥ ശിഥിലമായതുമൊക്കെ ജനശ്രദ്ധയിലെത്തിച്ചത് സുകുമാരൻ സാർ തന്നെ. ജൈവവൈവിധ്യ സംരക്ഷണം, ഊർജ സംരക്ഷണം, തണ്ണീർത്തട സംരക്ഷണം -പരിപാലനം ഒക്കെ ഇദ്ദേഹം ജീവിതവ്രതമായി ഏറ്റെടുത്തു. പമ്പ-–- അച്ചൻകോവിൽ-വൈപ്പാർ ലിങ്ക് പ്രൊജക്ടിനെതിരെ പോരാടി. ഇത് നടപ്പിലായാൽ പമ്പയും അച്ചൻകോവിലാറും ഓർമയായി മാറുമെന്ന് ഇദ്ദേഹം നാടിനെ ബോധ്യപ്പെടുത്തി. പമ്പാ ആക്ഷൻ പ്ലാനിലേയ്ക്ക് രാജ്യത്തെ നയിച്ചതും എൻ കെ എസിന്റെ ഇടപെടലുകളുടെ ഭാഗമാണ്.
ആദ്യം അധിക്ഷേപിച്ചവർ പിന്നീട് ഈ മനുഷ്യന്റെ വാക്കുകൾ കേട്ടു തുടങ്ങുകയായിരുന്നു. പൂവത്തൂരിൽ പമ്പാ പരിസ്ഥിതി വിജ്ഞാന കേന്ദ്രമെന്ന പഠനകേന്ദ്രത്തിനും രൂപം നൽകി. ഇതൊരു ഗ്രാമീണ സർവകലാശാലയായി.
ശയ്യാവലംബനാകും വരെ ഇതു തുടർന്നു. 79 വയസ്സായിട്ടും യുവാവിന്റെ കരുത്തോടെയായിരുന്നു ഈ മനീഷിയുടെ സേവനം. ഒന്നും സ്വന്തം ആവശ്യത്തിനു വേണ്ടിയായിരുന്നില്ല. നാം ജീവിക്കുന്ന നാടിനെ വരും തലമുറക്ക് പരിക്കുകളില്ലാതെ കൈമാറുന്നതിനു വേണ്ടി. രോഗക്കിടക്കയിൽ കിടന്നും പമ്പയുടെ പ്രതാപത്തിനു വേണ്ടി സുകുമാരൻ നായർ കർമനിരതനായി. സംസ്ഥാന സർക്കാരും, വിവിധ സംഘടനകളും നിരവധി പുരസ്കാരങ്ങൾ നൽകി എൻ കെ സുകുമാരൻ നായരെ ആദരിച്ചു.
പമ്പയുടെ കുഞ്ഞോളങ്ങളുടെ മർമ്മരനാദം കേൾക്കാൻ കഴിയുംവിധം പമ്പാതീരത്തോടു ചേർന്നുള്ള പറമ്പിലാണ് ചിതയൊരുക്കിയത്. കാലത്തെ നയിക്കാൻ, പ്രകൃതിയെ കരുതാൻ ഈ ധിഷണാശാലിയുടെ ഓർമകൾ വരും തലമുറയ്ക്കും കരുത്തു പകരും
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..