19 January Tuesday

അട്ടപ്പാടിക്ക്‌ കരുതലാണ്‌ കുടുംബശ്രീ

എസ്‌ സിരോഷUpdated: Monday Nov 30, 2020
പാലക്കാട്‌
ആദിവാസി സമൂഹത്തിന്റെ ഹൃദയഭൂമിയായ അട്ടപ്പാടിയിന്ന്‌ മാറ്റത്തിന്റെ പാതയിലാണ്‌. ഈ വികസനവഴിയിൽ കരുത്തായി കൂടെനിൽക്കുന്നത്‌ കുടുംബശ്രീ. സാമ്പത്തികംമുതൽ വിദ്യാഭ്യാസംവരെ എല്ലാ മേഖലയിലും ഇടപെടുന്നു. എൽഡിഎഫ്‌ സർക്കാർ കഴിഞ്ഞ നാലര വർഷത്തിനിടെ ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന്‌ പ്രത്യേക ഊന്നൽ നൽകി. 
കൊള്ളപ്പലിശക്കാരിൽനിന്ന്‌ മോചനത്തിനായി ‘മുറ്റത്തെ മുല്ല’ നടപ്പാക്കിയപ്പോൾ പ്രഥമ പരിഗണന അട്ടപ്പാടിക്കായിരുന്നു. ആദിവാസി വിഭാഗങ്ങളെ പരമ്പരാഗത കൃഷികളിലേക്ക്‌ മടക്കിക്കൊണ്ടുവന്നു. സമൂഹ അടുക്കളകൾ വഴി പോഷകാഹാരം നൽകുന്നു. സ്‌ത്രീ ശാക്തീകരണത്തിന്റെ ഏടുകളിൽ എഴുതിച്ചേർക്കാവുന്ന അധ്യായമാണ്‌ കുടുംബശ്രീ അട്ടപ്പാടിയിൽ രചിച്ചത്. 775 അയൽക്കൂട്ടങ്ങളിലായി 8547 അംഗങ്ങളുണ്ട്‌.
ആദിവാസികൾക്ക്‌ വിശപ്പകന്നു
കുടുംബശ്രീ സമൂഹ അടുക്കളകൾ സജീവമാണ്‌. 186 ഊരുകളിലായി 13,004 പേരെ രണ്ടുനേരം‌ അന്നമൂട്ടുന്നു. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ആറ്‌ വയസ്സിൽ താഴെയുള്ള കുട്ടികൾ, മാനസിക രോഗമുള്ളവർ, കിടപ്പുരോഗികൾ, ഒറ്റപ്പെട്ടുകഴിയുന്നവർ തുടങ്ങി പോഷകാഹാരം ആവശ്യമുള്ളവർക്ക്‌‌ സമൂഹ അടുക്കളയിലൂടെ ഭക്ഷണം നൽകുന്നു‌. 
ചോളം, ചാമ, റാഗി തുടങ്ങി ആദിവാസി വിഭാഗങ്ങളുടെ പരമ്പരാഗത ധാന്യങ്ങൾ ഉൾപ്പെടുത്തി പോഷക സമൃദ്ധമായ ഭക്ഷണമാണ്‌ ലഭ്യമാക്കുന്നത്‌. 
ബ്രിഡ്‌ജ്‌ സ്‌കൂൾ
സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്‌ വ്യാപകമായ സാഹചര്യത്തിലാണ്‌ ബ്രിഡ്‌ജ്‌ സ്‌കൂൾ തുടങ്ങുന്നത്‌.  സെന്ററുകളിൽ രണ്ടായിരത്തോളം കുട്ടികളുണ്ട്‌. 
കൊഴിഞ്ഞുപോയ കുട്ടികളെ കണ്ടെത്തി സ്‌കൂളുകളിലേക്കെത്തിക്കുകയും കാരണം മനസ്സിലാക്കി പരിഹരിക്കുകയും ചെയ്യുന്നു.  സൗജന്യ താമസവും ഭക്ഷണവുമുണ്ട്‌. കുട്ടികള്‍ക്ക് കലാ–-കായിക പരിപാടികളിലും പരിശീലനവും നൽകുന്നു.
 
■ മുൻകൂർ വേതനം
ആദിവാസി വിഭാഗങ്ങൾക്ക് തൊഴിലുറപ്പിൽ ജോലിക്കുമുന്നേ കൂലി കൊടുക്കുന്ന സംവിധാനം കുടുംബശ്രീ വഴി നടപ്പാക്കി. ഇതുവരെ 1.75 കോടി രൂപ നൽകി. ഊരുസമിതികൾ വഴി കൂലിയുടെ 90 ശതമാനമാണ്‌ ലഭ്യമാക്കുക. 2018 മുതലാണ്‌ പദ്ധതി നടപ്പാക്കിയത്‌. 200 തൊഴിൽദിനവും ഉറപ്പാക്കുന്നു.
 
■ ബാല ഗോത്രസഭ
കുട്ടികളുടെ കൂട്ടായ്‌മയാണ്‌ ബാലഗോത്ര സഭ. ഇവർക്കായി ബാലവിജ്ഞാൻ ലൈബ്രറിയുമുണ്ട്‌. സാഹിത്യ വാസന പരിപോഷിപ്പിക്കാൻ കുഞ്ഞെഴുത്ത്‌ എന്ന ഇ–-മാസികയുണ്ട്‌. മലയാളം, ഇംഗ്ലീഷ്‌, തമിഴ്‌ ഭാഷകളും ആദിവാസി വിഭാഗത്തിന്റെ ഇരുള, മുദുഗ, കുറുമ്പ ഭാഷകളിലും ലേഖനങ്ങളുണ്ട്‌. ആദിവാസി യുവാക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നത് തടയാനും കലാ, കായിക മേഖലകളിലേക്ക് ശ്രദ്ധ തിരിക്കാനും മത്സര പരീക്ഷകൾക്കുള്ള പരിശീലനം നൽകാനും 150 യൂത്ത്ക്ലബ്ബുകളുണ്ട്‌.  
 
■ കൃഷിക്ക്‌ പുതുജീവൻ
പരമ്പരാഗത കൃഷിയിലേക്കുള്ള തിരിച്ചുപോക്കിന്‌ കുടുംബശ്രീ സഹായകരമായി. അഞ്ചുവിളകൾ ഒന്നിച്ച്‌ കൃഷി ചെയ്യുന്ന പഞ്ചകൃഷിക്ക്‌ പുതുജീവനേകി. മഹിളാ കിസാൻ ശാക്തീകരൺ പരിയോജന വഴി ആദിവാസി സ്‌ത്രീ സംഘങ്ങളാണ്‌ കൃഷി ചെയ്യുന്നത്‌.
 
■ ആടുവളർത്തൽ കേന്ദ്രം
അഗളിയിലെ കുന്നഞ്ചാളയിലാണ്‌ ആടുവളർത്തൽ വിഭവ കേന്ദ്രമുള്ളത്‌.  ആടുകളെ വളർത്തുന്നതിലൂടെ കുടുംബങ്ങൾക്ക്‌ സ്വന്തമായി വരുമാനമുണ്ടാക്കാനായി.
 
■ മെച്ചിനപ്പള്ളി
അട്ടപ്പാടിയെക്കുറിച്ച്‌ അറിയാനും പഠിക്കാനും മെച്ചിനപ്പള്ളികളുണ്ട്‌ (മികവിന്റെ കേന്ദ്രങ്ങൾ). ദൈവഗുണ്ട്‌, വീട്ടിയൂർ, കള്ളക്കര, വടകോട്ടത്തറ എന്നീ ഊരുകളിലാണ് ഇപ്പോൾ മെച്ചിനപ്പള്ളിയുള്ളത്‌. ആദിവാസി സമൂഹത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ മികവിന്റെ കേന്ദ്രത്തിൽനിന്ന് പരിശീലനം നേടാനാകും.
ഈ ഭക്ഷണം ഞങ്ങൾക്ക്‌ അനുഗ്രഹം
മാട്‌ മേയ്‌ക്കാനും കാട്ടിലും മലയിലുമൊക്കെ നടക്കുന്ന ഞങ്ങൾക്ക്‌ പോഷകാഹാരം കിട്ടുന്നത്‌ സമൂഹ അടുക്കളയിലൂടെയാണ്‌. കുട്ടികൾക്കും അവശരായവർക്കും ഇത്‌ വലിയ അനുഗ്രഹമാണ്‌. ജോലിയില്ലാത്തപ്പോൾ സമൂഹ അടുക്കളയും റേഷനുമൊക്കെയായി കഴിഞ്ഞുകൂടാം.
                           ശെൽവി മരുതൻ ചുണ്ടകുളം ഊര്‌
ഓൺലൈൻ പഠനം ഉഷാർ
കോവിഡ്‌ വന്നതോടെ സ്‌കൂൾ അടച്ചു. ഇനിയെങ്ങനെ പഠിക്കുമെന്ന ആശങ്കയിലിരിക്കുമ്പോഴാണ്‌ ഓൺലൈൻ പഠനം തുടങ്ങിയത്‌. ഞാനുൾപ്പെടെയുള്ളവർക്ക്‌ ആദ്യം ആശങ്കയായിരുന്നു. ബ്രിഡ്‌ജ്‌ സ്‌കൂൾ വഴിയും അങ്കണവാടികളിലൂടെയുമെല്ലാം പഠന സൗകര്യമൊരുക്കി. 
ആർ സുനിത, എട്ടാം ക്ലാസ്‌ വിദ്യാർഥിനി, ജിടിഎച്ച്‌എസ്‌എസ്‌ ഷോളയൂർ
നൈപുണ്യ പരിശീലനം
അട്ടപ്പാടിയിലെ യുവതയ്‌ക്ക്‌ മികച്ച തൊഴിൽ നേടിയെടുക്കുന്നതിന് പ്രാപ്തരാക്കാൻ നൈപുണ്യ പരിശീലനം നൽകുന്നു. പ്ലമ്പിങ്, ഇലക്‌ട്രിക്കൽ, ഫാർമസി തുടങ്ങിയ മേഖലകളിലാണ് പരിശീലനം.
തൊഴിൽ ബാങ്ക്‌
വിവിധ തൊഴിൽമേഖലകളിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ളവർ ലേബർബാങ്കിൽ രജിസ്‌റ്റർ ചെയ്യുന്നു‌. ഡിഡിയുജികെവൈ വഴി പരിശീലനം നേടിയവർക്കും മറ്റുള്ളവർക്കുമായി സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങി. നിർമാണ സംഘം,  ഇലക്‌ട്രിക്കൽ ഷോപ്, പ്ലമ്പിങ് ആൻഡ്‌ ഹാർഡ്‌വെയർ ഷോപ്, ഡിടിപി സെന്റർ, പുഷ്പക്കൃഷി, ഓർഗാനിക്‌ കൃഷി, കോഴി, പശു വളർത്തൽ എന്നിങ്ങനെ വിവിധ മേഖലകളിൽ സംരംഭങ്ങളുണ്ട്‌. യുവാക്കൾക്കായി പിഎസ്‌സി കോച്ചിങ് സെന്ററുമുണ്ട്‌.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top