25 May Monday
അതിർത്തിയായതിനാൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടും

ചരക്കുഗതാഗതം സുഗമമാകും

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
 
പാലക്കാട് 
ജില്ലയിലെ കൊയ്‌ത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചതായി മന്ത്രി എ കെ ബാലൻ അറിയിച്ചു. കോവിഡ് -–-19 ന്റെ പശ്‌ചാത്തലത്തിൽ കൊയ്‌ത്ത്‌ നടത്താൻ സാധിക്കാത്ത സാഹചര്യം പരിഹരിക്കുന്നതിനായാണ് ജില്ലയിലെ രണ്ടു മന്ത്രിമാരെയും സർക്കാർ  ചുമതലപ്പെടുത്തിയത്. മുഴുവൻ പ്രശ്നങ്ങളും ചർച്ചയിൽ പരിഹരിച്ചതായി മന്ത്രി അറിയിച്ചു. 
അതിർത്തി ചെക്‌പോസ്റ്റുകളിലൂടെയുള്ള ചരക്ക് ലോറികളുടെ ഗതാഗതം സുഗമമാക്കിയതായും മന്ത്രി പറഞ്ഞു.  മന്ത്രി കെ കൃഷ്ണൻകുട്ടിയും തമിഴ്നാട്‌ ഡെപ്യൂട്ടി സ്പീക്കർ ജയരാമനും കൂടിക്കാഴ്ച നടത്തിയതോടെ തമിഴ്നാട്ടിൽ നിന്നുള്ള പലചരക്കു സാധനങ്ങൾ എത്തുന്നതിനുള്ള തടസ്സം പരിഹരിക്കാനായി. 
ചരക്ക് വാഹനങ്ങൾ പുറത്തുനിന്ന് വരുന്നതിന് ഒരു തടസ്സവും ഇപ്പോൾ നിലനിൽക്കുന്നില്ല.  അതിർത്തി ജില്ലയായതിനാൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടും. പൊതുജനങ്ങൾ  ജാഗ്രതാനിർദേശം കൃത്യമായി പാലിക്കണം അല്ലെങ്കിൽ പൊലീസ് നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും മന്ത്രി  പറഞ്ഞു.  
പാലക്കാട് അതിർത്തി ജില്ല ആയതിനാൽ പുറത്തുനിന്നും വരുന്നവരെ നിരീക്ഷണത്തിലാക്കാൻ തീരുമാനിച്ചതാണ്‌ സംഖ്യയിൽ രണ്ടുദിവസം കൊണ്ട് വർധന  ഉണ്ടായത്‌. നിർദേശം പൂർണമായും ഉൾക്കൊണ്ട് ജനങ്ങൾ ഇക്കാര്യത്തിൽ  ജാഗ്രത പുലർത്തണം. ജില്ലയിൽ കോവിഡ് -–-19 സ്ഥിരീകരിക്കപ്പെട്ടവരെല്ലാം വിദേശത്തുനിന്നും വന്നവരായതിനാൽ രോഗികളുടെ എണ്ണം ഇനിയും കൂടാനുള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിക്കപ്പെട്ടവരോടൊപ്പം യാത്ര ചെയ്ത എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഇവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. 
 
 
ആദിവാസി മേഖലയിൽ കൂടുതൽ ഊന്നൽ 
പാലക്കാട്‌
കോവിഡ് -–-19 ന്റെ പശ്ചാത്തലത്തിൽ  ആദിവാസി മേഖലകളിലെ മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ  കൂടുതൽ സജീവമാക്കുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു.  നിലവിലെ സാഹചര്യം മുൻകൂട്ടികണ്ട്  ആദിവാസി മേഖലകളിൽ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം നേരത്തെ നടത്തി.  ഇതിന് പുറമെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റുകളും വിതരണം ചെയ്യും. പറമ്പിക്കുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചില പ്രശ്നങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്‌ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ ഡീ അഡിക്ഷൻ സെന്ററുകൾ 
പാലക്കാട്‌
മദ്യവിൽപ്പന ശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും താൽക്കാലികമായി അടച്ചതോടെ  മദ്യംകിട്ടാതെയുള്ള ബുദ്ധിമുട്ടുകൾ കൂടുന്നതായും ഇവർക്കായി ഡീ അഡിക്ഷൻ സെന്ററുകൾ കൂടുതൽ സജ്ജമാക്കുമെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. ജില്ലാ ആശുപത്രിയിലും കോട്ടത്തറ ആശുപത്രിയിലുമായി നിലവിലുള്ള ഡി അഡിക്ഷൻ സെന്ററുകളുടെ കാര്യക്ഷമത വർധിപ്പിക്കും. വ്യാജവാറ്റ് ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കും. യോഗത്തിൽ കലക്ടർ ഡി  ബാലമുരളി, എസ്‌പി ജി ശിവവിക്രം,  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ പി റീത്ത എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top