പാലക്കാട്
പൂടൂരിൽ വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് സ്വർണം കവർന്ന കേസിൽ അറസ്റ്റിലായ പ്രതികളുമായി തെളിവെടുപ്പ് പൂർത്തിയായി. പിരായിരി ഉപാസന നഗർ സ്വദേശി സദ്ദാം ഹുസൈൻ (52), പേഴുംകര സ്വദേശി ഹനീഷ് (48) എന്നിവരെയാണ് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത് തെളിവെടുപ്പ് പൂർത്തിയാക്കിയത്. ഈ മാസം 22നാണ് സംഭവം.
പൂടൂർ പുഴയിൽനിന്ന് കുളികഴിഞ്ഞ് വന്ന വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് രണ്ട് വീതം വളയും മാലയും തട്ടിയെടുക്കുകയായിരുന്നു. ഒമ്പതര പവൻ തൂക്കമുള്ള സ്വർണമാണ് തട്ടിയെടുത്തത്. ഒരാൾ സ്ത്രീയുടെ സമീപമെത്തി ഭീഷണിപ്പെടുത്തി സ്വർണം തട്ടുകയും മറ്റൊരാൾ പുഴയ്ക്ക് സമീപം ബൈക്കിൽ കാത്ത് നിൽക്കുകയുമായിരുന്നു. മോഷണശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികൾ താടി വടിച്ചും മുടി വെട്ടിയും രൂപമാറ്റം വരുത്തിയാണ് നടന്നിരുന്നത്. 26ന് അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. പൂടുർ പുഴയിലും പരിസര പ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തി.
നോർത്ത് പൊലീസ് എസ്എച്ച്ഒ ആർ സുജിത് കുമാർ, സബ് ഇൻസ്പെക്ടർമാരായ സി കെ രാജേഷ്, വി നന്ദകുമാർ, എസ്സിപിഒമാരായ ജ്യോതികുമാർ, കെ കാദർപാഷ, പി എച്ച് നൗഷാദ്, കെ സന്തോഷ് കുമാർ, സിപിഒമാരായ അബ്ദുൾ സത്താർ, റെനിൻ ചന്ദ്രൻ, ആർ രഘു, കെ മണികണ്ഠദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..